തന്‍റെ 25-ാം പിറന്നാളാഘോഷ വീഡിയോ ഇഷാന്‍ കിഷന്‍ സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവെച്ചപ്പോള്‍ ദൃശ്യങ്ങള്‍ വൈറലായിരിക്കുകയാണ്
ട്രിനിഡാഡ്: ഇന്ത്യന്‍ യുവ വിക്കറ്റ് കീപ്പർ ബാറ്റർ ഇഷാന്‍ കിഷന്‍റെ 25-ാം പിറന്നാളായിരുന്നു ഇന്നലെ. ടീം ഇന്ത്യയുടെ വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിലുള്ള ഇഷാന്‍റെ പിറന്നാളാഘോഷം രണ്ടാം ടെസ്റ്റിന് വേദിയാവുന്ന ട്രിനിഡാഡില്‍ വച്ചായിരുന്നു. എല്ലാ താരങ്ങളുടേയും പിറന്നാള്‍ ഗംഭീരമായി ആഘോഷിക്കാറുള്ള ടീം ഇന്ത്യ ഇഷാന്‍ കിഷന്‍റെ ജന്‍മദിനവും കളറാക്കി. ഇഷാനായി പ്രത്യേക കേക്ക് ഇന്ത്യന്‍ ടീം തയ്യാറാക്കിയിരുന്നു. എന്നാല്‍ കേക്ക് മുറിച്ചത് മാത്രമേ ഇഷാന് ഓർമ്മയുള്ളൂ. പേസർ മുഹമ്മദ് സിറാജും ബാറ്റർ ശുഭ്മാന്‍ ഗില്ലും ചേർന്ന് ഇഷാന്‍റെ തലപിടിച്ച് കേക്കില്‍ മുക്കിയെടുത്തു.
തന്‍റെ 25-ാം പിറന്നാളാഘോഷ വീഡിയോ ഇഷാന്‍ കിഷന്‍ സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവെച്ചപ്പോള്‍ ദൃശ്യങ്ങള്‍ വൈറലായിരിക്കുകയാണ്. പിറന്നാള്‍ കേക്ക് മുറിച്ചയുടനെ സിറാജും ഗില്ലും കടുംകൈ ചെയ്തതതിനാല്‍ മറ്റ് താരങ്ങള്‍ക്ക് കേക്ക് കിട്ടിയോ എന്ന് വ്യക്തമല്ല. വീഡിയോയ്ക്ക് താഴെ ഇഷാന്‍ കിഷന് ജന്‍മദിനാശംസകളുമായി നിരവധി ആരാധകർ പ്രത്യക്ഷപ്പെട്ടു. എന്നാല്‍ കേക്ക് മുറിച്ച് താരങ്ങള്‍ വേസ്റ്റാക്കിക്കളഞ്ഞത് പല ആരാധകർക്കും തീരെ ഇഷ്ടപ്പെട്ടില്ല. ഭക്ഷണം പാഴാക്കരുത് എന്ന് ഇഷാന്‍ കിഷനെ ഓർമ്മിപ്പിക്കുന്ന നിരവധി ആരാധകരെ വീഡിയോയുടെ കമന്‍റ് ബോക്സില്‍ കാണാം. യുസ്‍വേന്ദ്ര ചഹല്‍, കെ എല്‍ രാഹുല്‍, സൂര്യകുമാർ യാദവ്, ഹാർദിക് പാണ്ഡ്യ തുടങ്ങിയ ഇന്ത്യന്‍ താരങ്ങള്‍ ഈ വീഡിയോ ലൈക്ക് ചെയ്തിട്ടുണ്ട്.
രാജ്യാന്തര ക്രിക്കറ്റില്‍ ഇതിനകം ഒരുപിടി മികച്ച റെക്കോർഡുകള്‍ സ്വന്തമാക്കിയ താരമാണ് ഇഷാന്‍ കിഷന്‍. ഏകദിനത്തില്‍ 126 പന്തില്‍ വേഗമാർന്ന ഇരട്ട സെഞ്ചുറി ഇഷാന്‍റെ പേരിലാണ്. ഇന്ത്യക്കായി ഏകദിനത്തില്‍ വേഗത്തില്‍ 150 തികച്ചതിന്‍റെ റെക്കോർഡും(103 ബോളില്‍) താരത്തിന് സ്വന്തം. ഏകദിന, ട്വന്‍റി 20 അരങ്ങേറ്റങ്ങളില്‍ ഫിഫ്റ്റി നേടിയ ഏക ഇന്ത്യന്‍ താരം, കന്നി ഏകദിന സെഞ്ചുറി ഇരട്ട സെഞ്ചുറിയാക്കിയ ഏക ഇന്ത്യന്‍ ബാറ്റർ എന്നീ നേട്ടങ്ങളും താരത്തിന്‍റെ പേരിലുണ്ട്. എന്നാല്‍ ബംഗ്ലാദേശിനെതിരായ ഇരട്ട സെഞ്ചുറിക്ക് ശേഷം ബാറ്റ് കൊണ്ട് തിളങ്ങാന്‍ ഇഷാന്‍ കിഷനായിട്ടില്ല. അതിനാല്‍ ടീമില്‍ സ്ഥാനമുറപ്പിക്കാന്‍ ഇഷാനുള്ള സുവർണാവസരമാണ് ഇപ്പോള്‍ പുരോഗമിച്ചുകൊണ്ടിരിക്കുന്ന വിന്‍ഡീസ് പര്യടനം.
Read more: ജോസ് ദി ബോസ്; പാകിസ്ഥാനെതിരെ ധ്രുവ് ജൂരെല്‍ കീപ്പ് ചെയ്യുന്നത് ബട്‍ലർ സമ്മാനിച്ച ഗ്ലൗവുമായി
