ഹാമില്‍ട്ടണ്‍:ക്രിക്കറ്റ് ചരിത്രത്തില്‍ ഓപ്പണര്‍മാരുടെ എലൈറ്റ് ക്ലബില്‍ ഇടംപിടിച്ച് ഇന്ത്യന്‍ ഓപ്പണര്‍ രോഹിത് ശര്‍മ. ഓപ്പറെന്ന നിലയില്‍ ക്രിക്കറ്റിന്റെ മൂന്ന് ഫോര്‍മാറ്റിലും 10,000 റണ്‍സ് പൂര്‍ത്തിയാക്കിയിരിക്കുകയാണ് താരം. ഈ നേട്ടം സ്വന്തമാക്കുന്ന നാലാമത്തെ ഇന്ത്യന്‍ താരമാണ് രോഹിത്. വിരേന്ദര്‍ സെവാഗ്, സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, സുനില്‍ ഗവാസ്‌കര്‍ എന്നിവരാണ് ഈ നേട്ടം സ്വന്തമാക്കിയിട്ടുള്ള ഇന്ത്യന്‍ താരങ്ങള്‍.

ഇന്ത്യന്‍ താരങ്ങളില്‍ 16,119 റണ്‍സ് നേടിയ സെവാഗ് തന്നെയാണ് ഇക്കാര്യത്തില്‍ മുന്നില്‍. രണ്ടാം സ്ഥാനത്തുള്ള സച്ചിന്‍ ടെന്‍ഡുല്‍ക്കറിന് 15,335 റണ്‍സാണുള്ളത്. സുനില്‍ ഗവാസ്‌കറാണ് (12,258) മൂന്നാം സ്ഥാനത്ത്. ലോകക്രിക്കറ്റെടുത്താല്‍ മുന്‍ ശ്രീലങ്കന്‍ ഓപ്പണര്‍ സനത് ജയസൂര്യയാണ് മുന്നില്‍. ജയസൂര്യയുടെ അക്കൗണ്ടില്‍ 19,298 റണ്‍സുള്ളത്. രണ്ടാം സ്ഥാനത്തുള്ള വെസ്റ്റ് ഇന്‍ഡീസ് ഓപ്പണര്‍ ക്രിസ് ഗെയിന് 18,834 റണ്‍സുണ്ട്. 

എന്തൊരു എളിമ; വിജയത്തിന്റെ മുഴുവന്‍ ക്രഡിറ്റും ഷമിക്കെന്ന് രോഹിത്
 

ഇതില്‍ ഏതെങ്കിലും താരത്തെ മറികടക്കാന്‍ രോഹിത്തിന് കഴിയുമോ എന്നുള്ളത് കണ്ടറിയണം. ഒരുപക്ഷെ ഗവാസ്‌കറെ മറികടന്നേക്കാം. പരമ്പര ആരംഭിക്കുന്നതിന് മുമ്പ് 9937 റണ്‍സായിരുന്നു രോഹിത്തിന്റെ സമ്പാദ്യം. ആദ്യ ടി20യില്‍ ഏഴിനും രണ്ടാം ടി20യില്‍ എട്ട് റണ്‍സിനും താരം പുറത്തായി. പിന്നാലെ മൂന്നാം ടി20യിലാണ് രോഹിത് നേട്ടം പൂര്‍ത്തിയാക്കിയത്.