മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്ക്ക് ഐസിസി ഏകദിന ബാറ്റര്‍മാരുടെ റാങ്കിംഗില്‍ ഒന്നാം സ്ഥാനം നഷ്ടമായി. ന്യൂസിലന്‍ഡിന്റെ ഡാരില്‍ മിച്ചലാണ് പുതിയ ഒന്നാം സ്ഥാനക്കാരന്‍.

ദുബായ്: മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്ക്ക് ഐസിസി ഏകദിന ബാറ്റര്‍മാരുടെ റാങ്കിംഗില്‍ ഒന്നാം സ്ഥാനം നഷ്ടം. ഓസ്ട്രേലിയക്കെതിരെ സിഡ്നി ഏകദിനത്തില്‍ സെഞ്ചുറി നേടി ആഴ്ചകള്‍ക്കകമാണ് രോഹിത്തിന് പടിയിറങ്ങേണ്ടി വന്നത്. ന്യൂസിലന്‍ഡിന്റെ ഡാരില്‍ മിച്ചലാണ് ഒന്നാം സ്ഥാനത്തിന് പുതിയ അവകാശി. വെസ്റ്റ് ഇന്‍ഡീസിനെതിരെ ആദ്യ ഏകദിനത്തില്‍ നേടിയ സെഞ്ചുറിയാണ് മിച്ചലിനെ ഒന്നാമതെത്തിച്ചത്. രോഹിത് രണ്ടാമതായി. ഒരു റേറ്റിംഗ് പോയിന്റിന്റെ പിന്‍ബലത്തിലാണ് മിച്ചല്‍ (782) ഒന്നാമതായത്. രോഹിതിന് 781 റേറ്റിംഗ് പോയിന്റാണുള്ളത്. അഫ്ഗാനിസ്ഥാന്റെ ഇബ്രാഹിം സദ്രാനാണ് മൂന്നാം സ്ഥാനത്ത്.

തന്റെ കരിയറിലെ ഏഴാമത്തെ സെഞ്ചുറിയാണ് മിച്ചല്‍ വിന്‍ഡീസിനെതിരെ നേടിയത്. ആദ്യമായിട്ടാണ് താരം ഒന്നാം സ്ഥാനത്തെത്തുന്നത്. ഏകദിന ബാറ്റിംഗ് റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തെത്തുന്ന രണ്ടാമത്തെ കിവീസ് താരമായി മിച്ചല്‍ മാറി. 1979ല്‍ ഒന്നാം സ്ഥാനം വഹിച്ചിരുന്ന ഗ്ലെന്‍ ടര്‍ണര്‍ മാത്രമാണ് ഈ നേട്ടം കൈവരിച്ച മറ്റൊരു ന്യൂസിലന്‍ഡ് താരം. മാര്‍ട്ടിന്‍ ക്രോ, ആന്‍ഡ്രൂ ജോണ്‍സ്, റോജര്‍ ടൗസ്, നഥാന്‍ ആസ്റ്റല്‍, കെയ്ന്‍ വില്യംസണ്‍, മാര്‍ട്ടിന്‍ ഗുപ്റ്റില്‍, റോസ് ടെയ്ലര്‍ എന്നിവരുള്‍പ്പെടെ നിരവധി ന്യൂസിലന്‍ഡ് ബാറ്റ്സ്മാന്‍മാര്‍ മുമ്പ് ആദ്യ അഞ്ച് സ്ഥാനങ്ങളില്‍ ഇടം നേടിയിരുന്നു. എന്നാല്‍ ഒന്നാം സ്ഥാനത്തെത്താന്‍ ആര്‍ക്കും കഴിഞ്ഞിരുന്നില്ല.

ഇന്ത്യന്‍ ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍ നാലും മുന്‍ ക്യാപ്റ്റന്‍ വിരാട് കോലി അഞ്ചാമതുമാണ്. ശ്രീലങ്കയ്‌ക്കെതിരെ സെഞ്ചുറി നേടിയ പാകിസ്ഥാന്‍ താരം ബാബര്‍ അസം ഒരു സ്ഥാനം മെച്ചപ്പെടുത്തി ആറാമതെത്തി. അയര്‍ലന്‍ഡിന്റെ ഹാരി ടെക്റ്റര്‍ ഏഴാമത്. ശ്രേയസ് അയ്യര്‍ എട്ടാം സ്ഥാനത്തുണ്ട്. ശ്രീലങ്കയുടെ ചരിത് അസലങ്ക ഒമ്പതാമതും വിന്‍ഡീസിന്റെ ഷായ് ഹോപ്പ് പത്താം സ്ഥാനത്തുമാണ്. ശ്രീലങ്കയ്ക്കെതിരായ ഏകദിന പരമ്പര 3-0 ന് തൂത്തുവാരിയതിന് ശേഷം പാകിസ്ഥാന്‍ താരങ്ങളും ശ്രദ്ധേയമായ മുന്നേറ്റങ്ങള്‍ നടത്തി.

മുഹമ്മദ് റിസ്വാന്‍ അഞ്ച് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി 22-ാം സ്ഥാനത്തെത്തി, സഹ ഓപ്പണര്‍ ഫഖര്‍ സമാനും അഞ്ച് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി 26-ാം സ്ഥാനത്തെത്തി. ഒരു സ്ഥാനം മെച്ചപ്പെടുത്തിയ ബാബര്‍ അസം ആറാമതാണ്. ബൗളര്‍മാരില്‍, സ്പിന്നര്‍ അബ്രാര്‍ അഹമ്മദ് 11 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി ഒമ്പതാം സ്ഥാനത്തെത്തി. പേസര്‍ ഹാരിസ് റൗഫ് അഞ്ച് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി 23-ാം സ്ഥാനത്തെത്തി. ഏകദിന ബൗളിംഗ് പട്ടികയില്‍ അഫ്ഗാനിസ്ഥാന്റെ റാഷിദ് ഖാന്‍ ഒന്നാം സ്ഥാനത്ത് തുടരുന്നു. ആറാം സ്ഥാനത്തുള്ള കുല്‍ദീപ് യാദവാണ് ആദ്യ പത്തിലുള്ള ഏക ഇന്ത്യന്‍ താരം.

YouTube video player