സ്‌കോര്‍ ടൈ ആയിരിക്കെ ശിവം ദുബെ, അര്‍ഷ്ദീപ് സിംഗ് എന്നിവരുടെ വിക്കറ്റുകള്‍ തുടര്‍ച്ചയായ പന്തുകളില്‍ ഇന്ത്യക്ക് നഷ്ടമാവുകയായിരുന്നു. 

കൊളംബൊ: ശ്രീലങ്ക - ഇന്ത്യ ഒന്നാം ഏകദിനം ടൈയിലാണ് അവസാനിച്ചത്. കൊളംബൊ, പ്രേമദാസ സ്റ്റേഡിയത്തില്‍ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ആതിഥേയര്‍ 231 റണ്‍സിന്റെ വിജയലക്ഷ്യമാണ് മുന്നോട്ടുവച്ചത്. ഇന്ത്യക്ക് 47.5 ഓവറില്‍ ഇത്രയും തന്നെ റണ്‍സെടുക്കാനാണ് സാധിച്ചത്. സ്‌കോര്‍ ടൈ ആയിരിക്കെ ഇന്ത്യക്ക് രണ്ട് വിക്കറ്റുകള്‍ നഷ്ടമാവുകയായിരുന്നു. ജയിക്കാവുന്ന മത്സരമാണ് ഇന്ത്യ അവസാനം നിമിഷം തുലച്ചുകളഞ്ഞത്. സ്‌കോര്‍ ടൈ ആയിരിക്കെ ശിവം ദുബെ, അര്‍ഷ്ദീപ് സിംഗ് എന്നിവരുടെ വിക്കറ്റുകള്‍ തുടര്‍ച്ചയായ പന്തുകളില്‍ ഇന്ത്യക്ക് നഷ്ടമാവുകയായിരുന്നു. 

ഇപ്പോള്‍ മത്സരത്തെ കുറിച്ച് സംസാരിക്കുകയാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ. ക്യാപ്റ്റന്റെ വാക്കുകള്‍... ''ഇന്ത്യക്ക് മറികടക്കാനാകുന്ന സ്‌കോറായിരുന്നു. എന്നാല്‍ നന്നായി ബാറ്റ് ചെയ്യണമായിരുന്നു. ഒരു ഘട്ടത്തില്‍ നന്നായി ബാറ്റ് ചെയ്തു. എന്നാലത് മുന്നോട്ട് കൊണ്ടുപോകാന്‍ സാധിച്ചില്ല. സ്പിന്നര്‍മാര്‍ പന്തെറിയാന്‍ വന്നതോടെ കളിയുടെ ഗതി മാറി. തുടക്കത്തിലെ മുന്‍തൂക്കം ടീമിനുണ്ടായിരുന്നു. പിന്നീട് ഞങ്ങള്‍ രണ്ട് വിക്കറ്റുകള്‍ നഷ്ടപ്പെടുത്തി. കെ എല്‍ രാഹുല്‍ - അക്‌സര്‍ പട്ടേല്‍ മികച്ച കൂട്ടുകെട്ടുണ്ടാക്കിയതോടെ ഞങ്ങള്‍ ഞങ്ങള്‍ മത്സരത്തിലേക്ക് തിരിച്ചുവന്നു. അവസാനം, അല്‍പ്പം നിരാശപ്പെടുത്തി. 14 പന്തില്‍ 1 റണ്‍സ് മാത്രം വേണ്ടിയിരുന്നപ്പോഴാണ് ഇത്തരം കാര്യങ്ങള്‍ സംഭവിച്ചത്. ശ്രീലങ്ക നന്നായി കളിച്ചു. അതിന്റെ ഫലമാണ് അവര്‍ക്ക് ലഭിച്ചതും. ഇരു ടീമുകളും ബാറ്റ് ചെയ്തപ്പോള്‍ പിച്ചില്‍ വലിയ മാറങ്ങളൊന്നും ഉണ്ടായില്ല. മത്സരം പുരോഗമിക്കുമ്പോള്‍ ബാറ്റ് ചെയ്യുന്നത് അല്‍പ്പം എളുപ്പമായി. അവസാനം വരെ പോരാടിയതില്‍ അഭിമാനിക്കുന്നു. വ്യത്യസ്ത സമയങ്ങളില്‍ കളി ഇരു ടീമുകളിലേക്കും മാറി. ആ ഒരു റണ്‍ കിട്ടണമായിരുന്നു.'' രോഹിത് മത്സരശേഷം പറഞ്ഞു. 

ഒളിംപിക്‌സ് ഹോക്കി: ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇന്ത്യക്ക് എതിരാളികളായി! മത്സരം നാളെ, സമയം അറിയാം

58 റണ്‍സ് നേടിയ രോഹിത് ശര്‍മയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. അക്സര്‍ പട്ടേല്‍ (33), കെ എല്‍ രാഹുല്‍ (31) ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. വാനിന്ദു ഹസരങ്ക, ചരിത് അസലങ്ക എന്നിവര്‍ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. നേരത്തെ ദുനിത് വെല്ലാലഗെ (67), പതും നിസ്സങ്ക (56) എന്നിവരുടെ ഇന്നിംഗ്്സുകളാണ് ലങ്കയെ ഭേദപ്പെട്ട സ്‌കോറിലേക്ക് നയിച്ചത്.