ഫിറ്റ്‌നസ് വിമര്‍ശനങ്ങള്‍ക്ക് മറുപടിയായി ഇന്ത്യന്‍ ക്രിക്കറ്റ് താരം രോഹിത് ശര്‍മ്മ 20 കിലോ ഭാരം കുറച്ചു. 2027 ലോകകപ്പ് ലക്ഷ്യമിട്ട് കര്‍ശനമായ ഭക്ഷണ നിയന്ത്രണത്തിലൂടെയും വ്യായാമത്തിലൂടെയുമാണ് ഈ രൂപമാറ്റം. 

മുംബൈ: ഫിറ്റ്‌നസ് കുറവിന്റെ പേരില്‍ ഇന്ത്യന്‍ ടീമില്‍ ഏറ്റവും കൂടുതല്‍ വിമര്‍ശനം നേരിട്ട താരമാണ് രോഹിത് ശര്‍മ്മ. എന്നാലിപ്പോള്‍ 20 കിലോ ഭാരം കുറച്ചാണ് രോഹിത് ശര്‍മ്മ ഓസ്‌ട്രേലിയന്‍ പര്യടനത്തിന് തയ്യാറെടുക്കുന്നത്. മുംബൈയില്‍ കഴിഞ്ഞ ദിവസം നടന്ന സിയറ്റ് അവാര്‍ഡ് വേദിയില്‍ രോഹിത് ശര്‍മ്മയെ കണ്ട എല്ലാവരും ഞെട്ടി. കണ്ണ് തള്ളിക്കുന്ന രൂപമാറ്റമായിരുന്നു കാരണം. ഫിറ്റ്‌നസ് കുറവിന്റെപേരില്‍ ഏറെ വിമര്‍ശനങ്ങള്‍ക്കും ട്രോളുകള്‍ക്കും വിധേയനായ രോഹിത് 95 കിലോ ഭാരം 75 കിലോ ആയി കുറച്ചാണ് ചുളളനായത്.

2027ലെ ലോകകപ്പ് ലക്ഷ്യമിട്ട് ഭക്ഷണ നിയന്ത്രണവും കൃത്യമായ വ്യായാമവും. എണ്ണയില്‍ പൊരിച്ച പലഹാരങ്ങളും ബട്ടര്‍ ചിക്കന്‍, ചിക്കന്‍ ബിരിയാണി എന്നിവ പൂര്‍ണമായും ഒഴിവാക്കി. പകരം കുതിര്‍ത്ത ബദാം, മുളപ്പിച്ച സാലഡ്, പഴങ്ങള്‍ ചേര്‍ത്ത ഓട്‌സ്, തൈര്, വെജിറ്റബിള്‍ കറി, പരിപ്പ്, പനീര്‍, പാല്‍, സ്മൂത്തികള്‍ എന്നിവയാണിപ്പോള്‍ രോഹിത്തിന്റെ ഡയറ്റ് ചാര്‍ട്ടിലുള്ളത്. ഏകദിന ടീമിന്റെ നായക സ്ഥാനം നഷ്ടമായെങ്കിലും ഓസ്‌ട്രേലിയന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമില്‍ രോഹിത്തിനെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ശുഭ്മന്‍ ഗില്ലിന് കീഴിലാണ് രോഹിത് കളിക്കുക.

രോഹിത്തിന് ക്യാപ്റ്റന്‍സിയില്‍ കളിച്ച 56 മത്സരങ്ങളില്‍ നാല്‍പത്തിരണ്ടിലും ഇന്ത്യ ജയിച്ചു. 2023 ഏകദിന ലോകകപ്പില്‍ ഇന്ത്യയെ ഫൈനലിലെത്തിച്ച രോഹിത് കഴിഞ്ഞ വര്‍ഷം ട്വന്റി 20 ലോകകപ്പിലും ഈൗ വര്‍ഷം ചാന്പ്യന്‍സ് ട്രോഫിയിലും ഇന്ത്യയെ ജേതാക്കളാക്കി. മുപ്പത്തിയെട്ടുകാരനായ രോഹിത് 273 ഏകദിനത്തില്‍ 32 സെഞ്ച്വറികളോടെ 11168 റണ്‍സ് എടുത്തിട്ടുണ്ട്. 67 ടെസ്റ്റില്‍ 12 സെഞ്ച്വറികളോടെ 4301 റണ്‍സും 159 ട്വന്റി 20യില്‍ അഞ്ച് സെഞ്ച്വറിയോടെ 4231 റണ്‍സും രോഹിത്തിന്റെ പേരിനൊപ്പമുണ്ട്.

YouTube video player