ലോകകപ്പ് ടീമിന്‍റെ നായകന്‍ കൂടിയായ ക്യാപ്റ്റന്‍ രോഹിത് ശര്‍മയും രാജസ്ഥാന്‍ റോയല്‍സ് ഓപ്പണറായ യശസ്വി ജയ്സ്വാളുമാണ് ഐപിഎല്ലില്‍ മങ്ങിക്കത്തി ആരാധകരെ ആശങ്കയാലാഴ്ത്തുന്നത്.

ഗുവാഹത്തി: ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സ് പ്ലേ ഓഫ് കാണാതെ പുറത്തായതോ രാജസ്ഥാന്‍ റോയല്‍സ് തുടര്‍ച്ചയായി നാലു തോല്‍വികൾ വഴങ്ങിയതോ മാത്രമല്ല ഇപ്പോള്‍ ആരാധകരെ ആശങ്കയിലാഴ്ത്തുന്നത്. ഐപിഎല്ലിനുശേഷം നടക്കുന്ന ടി20 ലോകകപ്പും ലോകകപ്പിലെ ഇന്ത്യന്‍ ഓപ്പണര്‍മാരുടെ പ്രകടനവുമാണ്.

ലോകകപ്പ് ടീമിന്‍റെ നായകന്‍ കൂടിയായ ക്യാപ്റ്റന്‍ രോഹിത് ശര്‍മയും രാജസ്ഥാന്‍ റോയല്‍സ് ഓപ്പണറായ യശസ്വി ജയ്സ്വാളുമാണ് ഐപിഎല്ലില്‍ മങ്ങിക്കത്തി ആരാധകരെ ആശങ്കയാലാഴ്ത്തുന്നത്. സീസണിന്‍റെ ആദ്യ പകുതിയില്‍ തകര്‍ത്തടിച്ച രോഹിത് പിന്നീട് നിറം മങ്ങിയപ്പോൾ സെഞ്ചുറിയടിച്ച് ഫോമിലേക്കെന്ന് തോന്നിച്ചശേഷമാണ് യുവതാരം യശസ്വി ജയ്സ്വാള്‍ വീണ്ടും വീണ്ടും നിരാശപ്പെടുത്തുന്നത്.

സീസണിലെ ആദ്യ ഏഴ് മത്സരങ്ങളില്‍ സെഞ്ചുറി ഉള്‍പ്പെടെ 297 റണ്‍സടിച്ച രോഹിത് അവസാനം കളിച്ച ആറ് മത്സരങ്ങളില്‍ ആകെ നേടിയത് 52 റണ്‍സ് മാത്രമാണ്. ഇതില്‍ നാലു തവണയും ഒറ്റ അക്കത്തില്‍ പുറത്തായി. കൊല്‍ക്കത്തക്കെതിരെ 24 പന്തില്‍ 19 റണ്‍സാണ് ഉയര്‍ന്ന സ്കോര്‍.

'ഈ നിര്‍ണായക സമയത്ത് ഇങ്ങനെ മൂക്കുകുത്തി വീഴരുത്', സഞ്ജുവിനും ടീമിനും മുന്നറിയിപ്പുമായി ഓസീസ് ഇതിഹാസം

മറുവശത്ത് ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ ഏറെ പ്രതീക്ഷ ഉയര്‍ത്തിയ യശസ്വി ജയ്സ്വാളാകട്ടെ സീസണില്‍ സെഞ്ചുറി ഉള്‍പ്പെടെ 348 റണ്‍സടിച്ചെങ്കലും രണ്ടേ രണ്ട് മത്സരങ്ങളില്‍ മാത്രമാണ് താരം പ്രതീക്ഷക്കൊത്ത് ഉയര്‍ന്നത്. ശേഷിക്കുന്ന 11 ഇന്നിംഗ്സുകളില്‍ നിന്ന് ആകെ നേടിയതാകട്ടെ 171 റണ്‍സും. ടി20 ലോകകപ്പില്‍ റിസര്‍വ് ഓപ്പണറായി ആരെയും ഇന്ത്യ 15 അംഗ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.

മൂന്നാം നമ്പറിലിറങ്ങുന്ന വിരാട് കോലിയാകട്ടെ മിന്നുന്ന ഫോമിലാണെങ്കിലും സ്ട്രൈക്ക് റേറ്റിന്‍റെ പേരില്‍ വിമര്‍ശനങ്ങള്‍ നേരിടുന്നു. നാലാം നമ്പറിലിറങ്ങുന്ന സൂര്യകുമാര്‍ യാദവ് ഫോമിലായത് മാത്രമാണ് പ്രതീക്ഷ. വിക്കറ്റ് കീപ്പറായി പ്ലേയിംഗ് ഇലവനിലെത്തുമെന്ന് കരുതുന്ന റിഷഭ് പന്താകട്ടെ ആദ്യഘട്ടത്തിലെ മികവ് പിന്നീട് പുറത്തെടുത്തിട്ടില്ല. ഓള്‍ റൗണ്ടറായി എത്തുന്ന ഹാര്‍ദ്ദിക് പാണ്ഡ്യയാകട്ടെ ബാറ്റിംഗില്‍ ഫോമിലുമല്ല. ലോകകപ്പിന് മുമ്പ് ഈ താരങ്ങളെല്ലാം ഫോമിലെത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. അതിന് പക്ഷെ ഐപിഎല്ലിലൂടെ കഴിയില്ല, ഭൂരിഭാഗം ടീമുകള്‍ക്കും ഇനി ഒരു മത്സരമൊക്കെ മാത്രമെ സീസണില്‍ അവശേഷിക്കുന്നുള്ളു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക