അടുത്ത ഐപിഎൽ സീസണിൽ മുംബൈ ഇന്ത്യൻസിന്‍റെ ക്യാപ്റ്റനായി രോഹിത് ശർമ്മ തിരിച്ചെത്തിയേക്കുമെന്ന് റിപ്പോർട്ടുകൾ. കഴിഞ്ഞ സീസണിലെ മോശം പ്രകടനത്തെത്തുടർന്ന് ഹാർദിക് പാണ്ഡ്യയ്ക്ക് പകരം രോഹിതിനെ വീണ്ടും നായകനാക്കാൻ മാനേജ്‌മെന്റ് തീരുമാനിച്ചതായാണ് വിവരം.
മുംബൈ: അടുത്ത ഐപിഎൽ സീസണിൽ മുംബൈ ഇന്ത്യൻസിന്‍റെ ക്യാപ്റ്റനായി രോഹിത് ശർമ്മ തിരിച്ചെത്തിയേക്കും. കഴിഞ്ഞ സീസണിലെ മോശം പ്രകടനത്തെത്തുടർന്ന് ടീമിന്‍റെ പരിശീലക സംഘത്തിൽ വലിയ അഴിച്ചുപണി നടത്തുന്ന മുംബൈ മാനേജ്‌മെന്‍റ്, ക്യാപ്റ്റൻസിയിലും മാറ്റം വരുത്താൻ ഒരുങ്ങുന്നതായാണ് വിവരം. നായകസ്ഥാനത്തേക്ക് രോഹിത് ശർമ്മയെ തന്നെ തിരിച്ചെത്തിക്കാനാണ് ഫ്രാഞ്ചൈസി തീരുമാനിച്ചിരിക്കുന്നതെന്ന് . 'ദി ഇന്ത്യൻ എക്സ്പ്രസ്' റിപ്പോർട്ട് ചെയ്തു.
കഴിഞ്ഞ സീസണിന്‍റെ പകുതിയിൽ വെച്ച് തന്നെ ഹാർദിക് പാണ്ഡ്യയെ ക്യാപ്റ്റൻസിയിൽ നിന്ന് മാറ്റി രോഹിതിനെ ചുമതലയേൽപ്പിക്കാൻ മുംബൈ ഇന്ത്യൻസ് ശ്രമിച്ചിരുന്നതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. പാണ്ഡ്യയുടെ കീഴിൽ 14 മത്സരങ്ങളിൽ 10 ലും തോറ്റ മുംബൈ ഒൻപതാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. ഇതോടെ മുംബൈയുടെ കിരീട വരൾച്ച ആറ് വർഷമായി നീളുകയാണ്. സൂര്യകുമാർ യാദവ്, ജസ്പ്രീത് ബുംറ എന്നിവർ ഒപ്പമുണ്ടെങ്കിലും ഭാവി നായകനായി വളർത്തിക്കൊണ്ടുവരാൻ യുവതാരം തിലക് വർമ്മയുടെ പേരും ഉയർന്നുവന്നിരുന്നു. രോഹിത് തന്നെ ആദ്യം തിലക് വർമ്മയുടെ പേരാണ് നിർദ്ദേശിച്ചതെങ്കിലും, ടീമിനെ വീണ്ടും മുന്നിൽ നിന്ന് നയിക്കാൻ മാനേജ്‌മെന്‍റ് രോഹിതിനോട് അഭ്യർത്ഥിക്കുകയായിരുന്നു. ഒടുവിൽ മാനേജ്‌മെന്‍റിന്‍റെ അഭ്യർത്ഥന രോഹിത് സ്വീകരിച്ചുവെന്നാണ് റിപ്പോര്‍ട്ട്.
രോഹിത് ശർമ്മ വീണ്ടും ക്യാപ്റ്റനാകുന്നതോടെ ഹാർദിക് പാണ്ഡ്യയുടെ ടീമിലെ ഭാവി അനിശ്ചിതത്വത്തിലായി. പാണ്ഡ്യയെ മറ്റൊരു ടീമിലേക്ക് ട്രേഡ് ചെയ്യാനുള്ള സാധ്യതകൾ നിലനിൽക്കുന്നുണ്ട്. എന്നാൽ ട്രേഡ് നടക്കാതിരുന്നാൽ രോഹിതിന്‍റെ കീഴിൽ കളിക്കാൻ പാണ്ഡ്യ സമ്മതിച്ചതായും റിപ്പോർട്ടുകളില്‍ പറയുന്നു. 2024 സീസണിന് മുന്നോടിയായി ഗുജറാത്ത് ടൈറ്റൻസിൽ നിന്ന് പാണ്ഡ്യയെ ക്യാപ്റ്റനായി എത്തിച്ച മുംബൈ മാനേജ്‌മെന്‍റിന്‍റെ തീരുമാനത്തിനെതിരെ ആരാധകരിൽ നിന്ന് വലിയ എതിർപ്പുയരുകയും ഹോം ഗ്രൗണ്ടായ വാങ്കഡെയിൽ വെച്ച് പാണ്ഡ്യ കൂവലുകൾ നേരിടുകയും ചെയ്തിരുന്നു.
ആശയങ്ങളുടെ ഉത്സവം- അഗോറയില്‍ രജിസ്റ്റര്‍ ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക
അതിനിടെ, വരാനിരിക്കുന്ന സീസണിനായുള്ള മുംബൈയുടെ പരിശീലക സംഘത്തിന്‍റെ പ്രഖ്യാപനവും പൂർത്തിയായി. മുൻ പരിശീലകൻ മഹേള ജയവർദ്ധനെയ്ക്ക് പകരം കീറോൺ പൊള്ളാർഡ് ഹെഡ് കോച്ചാകും. മുംബൈയുടെ മുൻ താരങ്ങളായ റോബിൻ ഉത്തപ്പ ബാറ്റിംഗ് കോച്ചായും, ന്യൂസിലൻഡ് മുൻ പേസർ മിച്ചൽ മക്ക്ലെനഗൻ ബൗളിംഗ് കോച്ചായും ചുമതലയേൽക്കും. മുൻ ഇന്ത്യൻ ഫീൽഡിംഗ് കോച്ച് ടി. ദിലീപിനെ ഫീൽഡിംഗ് കോച്ചായും, ധവാൽ കുൽക്കർണിയെ ഡെവലപ്‌മെന്റ് ബൗളിംഗ് കോച്ചായും നിയമിച്ചിട്ടുണ്ട്.




