Asianet News MalayalamAsianet News Malayalam

IND vs SL : മോശം പ്രകടനത്തിനിടയിലും സുപ്രധാന നാഴികക്കല്ല് പിന്നിട്ട് രോഹിത്; മറികടന്നത് ഷൊയ്ബ് മാലിക്കിനെ

ദുഷ്മന്ത ചമീരയുടെ പന്തില്‍ ചാമിക കരുണാരത്‌നെയ്ക്ക് ക്യാച്ച് നല്‍കിയാണ് രോഹിത് മടങ്ങുന്നത്. നിരാശപ്പെടുത്തുന്ന പ്രകടനത്തിനിടയിലും ആരാധകര്‍ക്ക് ചെറുതായി ആശ്വസിക്കാനുള്ള വക രോഹിത് ഒരുക്കിയിട്ടുണ്ട്.

Rohit Sharma surpasses Shoaib Malik to reach unique T20I milestone
Author
Dharamshala, First Published Feb 28, 2022, 7:00 AM IST

ധര്‍മശാല: ശ്രീലങ്കയ്‌ക്കെതിരെ (IND vs SL) മൂന്നാം ടി20യില്‍ ബാറ്റിംഗില്‍ പരാജയപ്പെട്ടെങ്കിലും ടി20യില്‍ നാഴികക്കല്ല് പിന്നിട്ട് ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ (Rohit Sharma). ധര്‍മശാലയില്‍ മൂന്ന് റണ്‍സ് മാത്രമാണ് രോഹിത് നേടിയത്. ദുഷ്മന്ത ചമീരയുടെ പന്തില്‍ ചാമിക കരുണാരത്‌നെയ്ക്ക് ക്യാച്ച് നല്‍കിയാണ് രോഹിത് മടങ്ങുന്നത്. നിരാശപ്പെടുത്തുന്ന പ്രകടനത്തിനിടയിലും ആരാധകര്‍ക്ക് ചെറുതായി ആശ്വസിക്കാനുള്ള വക രോഹിത് ഒരുക്കിയിട്ടുണ്ട്. 

അന്താരാഷ്ട്ര ടി20 ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിച്ച താരമായിരിക്കുകയാണ് രോഹിത്. 125-ാം ടി20 മത്സരമാണ് രോഹിത് ശ്രീലങ്കയ്‌ക്കെതിരെ കളിച്ചത്. മുന്‍ പാകിസ്ഥാന്‍ ക്യാപ്റ്റന്‍ ഷൊയ്ബ് മാലിക്കിനെയാണ് രോഹിത് പിന്തള്ളിയത്. മാലിക് 124 മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ മുന്‍ പാകിസ്ഥാന്‍ താരം മുഹമ്മദ് ഫഹീസാണ് മൂന്നാം സ്ഥാനത്ത്. 119 മത്സരങ്ങള്‍ താരം കളിച്ചു. 115 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ഓയിന്‍ മോര്‍ഗന്‍ നാലാം സ്ഥാനത്തുണ്ട്. ബംഗ്ലാദേശ് ക്യാപ്റ്റന്‍ മഹ്‌മുദുള്ളയാണ് അഞ്ചാമത് (113).

രോഹിത് ഒഴികെയുള്ള ഒരു ഇന്ത്യന്‍ താരവും 100 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയിട്ടില്ല. മുന്‍ ക്യാപ്റ്റന്‍ എം എസ് ധോണിയാണ് (98) രോഹിത്തിന് പിന്നില്‍. 97 മത്സരങ്ങള്‍ കളിച്ചിട്ടുള്ള വിരാട് കോലി ഇക്കാര്യത്തില്‍ മൂന്നാമനാണ്. ഈ നവംബറിലാണ് രോഹിത് ഔദ്യോഗികമായി രോഹിത് ഇന്ത്യയുടെ ക്യാപ്റ്റന്‍ സ്ഥാനം ഏറ്റെടുക്കുന്നത്. 

രോഹിത്തിന് കീഴില്‍ തകര്‍പ്പന്‍ പ്രകടനമാണ് ഇന്ത്യ പുറത്തെടുക്കുന്നത്. ടി20യില്‍ ന്യൂസിലന്‍ഡ്, വെസ്റ്റ് ഇന്‍ഡീസ്, ശ്രീലങ്ക എന്നിവര്‍ക്കെതിരെ സമ്പൂര്‍ണ ജയം സ്വന്തമാക്കി. വിന്‍ഡീസിനെതിരെ ഏകദിനത്തിലും ടീം ജയിച്ചു. അടുത്തിടെ ഇന്ത്യയുടെ ടെസ്റ്റ് ക്യാപ്റ്റനായും രോഹിത്തിനെ പ്രഖ്യാപിച്ചിരുന്നു. 

എന്നിരുന്നാലും ശ്രീലങ്കയ്‌ക്കെതിരെ മൂന്നാം ടി20യില്‍ ഇന്ത്യക്ക് തിളങ്ങാന്‍ സാധിച്ചിരുന്നില്ല. മൂന്ന് റണ്‍സെടുത്ത താരം പുറത്തായി. എന്നാല്‍ ശ്രേയസ് അയ്യരുടെ അര്‍ധ സെഞ്ചുറിയുടെ മികവില്‍ ഇന്ത്യ ജയിക്കുകയായിരുന്നു. ശ്രേയസിന്റെ (45പന്തില്‍ പുറത്താവാതെ 73) ബാറ്റിംഗ് കരുത്തില്‍ ഇന്ത്യ ആറ് വിക്കറ്റിനാണ് ജയിച്ചത്. 

ടോസ് നേടി ആദ്യം ബാറ്റിംഗ് തിരഞ്ഞെടുത്ത സന്ദര്‍ശകര്‍ നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 146 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ ഇന്ത്യ 16.5 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. സഞ്ജു സാംസണ്‍ 18 റണ്‍സെടുത്ത് പുറത്തായി. 

നേരത്തെ ശ്രീലങ്കയ്ക്ക് ക്യാപ്റ്റന്‍ ദസുന്‍ ഷനകയുടെ (38 പന്തില്‍ പുറത്താവാതെ 74) ഇന്നിംഗ്‌സാണ് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്. അഞ്ച് വിക്കറ്റുകളാണ് അവര്‍ക്ക് നഷ്ടമായത്. ആവേഷ് ഖാന്‍ (അ്‌ലവെ ഗവമി) രണ്ട് വീഴ്ത്തി.

Follow Us:
Download App:
  • android
  • ios