നാഗ്പൂര്‍: ബംഗ്ലാദേശിനെതിരെ അത്ര അനായാസമായിരുന്നില്ല ഇന്ത്യയുടെ ടി20 പരമ്പര നേട്ടം. നാഗ്പൂരില്‍ നടന്ന അവസാന ടി20യില്‍ 30 റണ്‍സിനായിരുന്നു ഇന്ത്യയുടെ വിജയം. ഇതോടെ മൂന്ന് മത്സരങ്ങളുടെ പരമ്പര ഇന്ത്യ 2-1ന് സ്വന്തമാക്കുകയായിരുന്നു. ദില്ലിയില്‍ നടന്ന ആദ്യ മത്സരത്തില്‍ ബംഗ്ലാദേശ് വിജയിച്ചിരുന്നു. രാജ്‌കോട്ടിലെ രണ്ടാം മത്സരത്തില്‍ ഇന്ത്യ തിരിച്ചടിച്ചു. നിര്‍ണായകമായ മൂന്നാം മത്സരത്തില്‍ പരാജയഭീതിയില്‍ നിന്ന് ഇന്ത്യ രക്ഷപ്പെടുകയായിരുന്നു. 

ഇന്ത്യയുടെ പരമ്പര നേട്ടത്തെ കുറിച്ച് സംസാരിക്കുകയാണ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ. ബൗളര്‍മാരാണ് ഇന്ത്യക്ക് പരമ്പര വിജയം സാധ്യമാക്കിയതെന്ന് രോഹിത് വ്യക്തമാക്കി. അദ്ദേഹം തുടര്‍ന്നു.... ''ടി20 ക്രിക്കറ്റില്‍ ഇന്ത്യയുടെ മികച്ച തിരിച്ചുവരവുകളില്‍ ഒന്നാണിത്. ബൗളര്‍മാരാണ് ഇന്ത്യക്ക് പരമ്പര നേട്ടം സാധ്യമാക്കിയത്. ഒരുഘട്ടത്തില്‍ അവര്‍ വിജയിക്കുമെന്ന തോന്നലുണ്ടാക്കിയിരുന്നു. എട്ട് ഓവറുകളില്‍ 70 മതിയായിരുന്നു. എന്നാല്‍ ബൗളര്‍മാര്‍ കാര്യങ്ങള്‍ എളുപ്പമാക്കി. അവര്‍ ഉത്തരവാദിത്തം ഏറ്റെടുത്തു. യുവതാരങ്ങള്‍ കെട്ടുറപ്പോടെ കളിക്കുന്നത് സന്തോഷം നല്‍കുന്ന കാര്യമാണ്. 

ബൗളര്‍മാര്‍ പ്രശംസയര്‍ഹിക്കുന്നു. കെ എല്‍ രാഹുലും ശ്രേയസ് അയ്യരും പുറത്തെടുത്ത പ്രകടനം ഏറെ പ്രശംസയര്‍ഹിക്കുന്നു. ലോകകപ്പിന് തൊട്ടുമുമ്പ് മാത്രമെ സന്തുലിതമായ ടീമിനെ തിരഞ്ഞെടുക്കാന്‍ കഴിയൂ.'' രോഹിത് പറഞ്ഞുനിര്‍ത്തി.