പഞ്ചാബ് കിംഗ്‌സും റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവും തമ്മിലുള്ള ആദ്യ ക്വാളിഫയര്‍ മത്സരം ഇന്ന് മൊഹാലിയില്‍ നടക്കും. ലീഗ് റൌണ്ടില്‍ ഇരു ടീമുകളും ഓരോ ജയം നേടിയിരുന്നു.

മൊഹാലി: ഐപിഎല്ലിലെ ആദ്യ ഫൈനലിസ്റ്റിനെ ഇന്നറിയാം. പഞ്ചാബ് കിംഗ്‌സ് ആദ്യ ക്വാളിഫയറില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെ നേരിടും. മൊഹാലിയില്‍ രാത്രി ഏഴരയ്ക്കാണ് മത്സരം തുടങ്ങുക. ഐപിഎല്ലിലെ ആദ്യകിരീടം ലക്ഷ്യമിടുന്ന ടീ്മുകളാണ് ഇരുവരും. ക്വാളിഫയറില്‍ മുഖാമുഖം വരുന്നത് പോയിന്റ് പട്ടികയിലെ ഒന്നും രണ്ടും സ്ഥാനക്കാരായി. ജയിക്കുന്നവര്‍ നേരിട്ട് ഫൈനലിലേക്ക്. തോല്‍ക്കുന്നവര്‍ക്ക് ഫൈനലിലേക്കെത്താന്‍ ഒരവസരംകൂടി. ഗുജറാത്ത് ടൈറ്റന്‍സ്, മുംബൈ ഇന്ത്യന്‍സ് എലിമിനേറ്ററില്‍ ജയിക്കുന്നവരുമായി രണ്ടാം ക്വാളിഫയറില്‍ ഏറ്റുമുട്ടാം. 

ലീഗ് റൌണ്ടില്‍ നേര്‍ക്കുനേര്‍ വന്നപ്പോള്‍ പഞ്ചാബിനും ബെംഗളൂരുവിനും ഓരോ ജയം വീതം. ബെംഗളൂരുവില്‍ പഞ്ചാബ് അഞ്ച് വിക്കറ്റിന് ജയിച്ചപ്പോള്‍ മൊഹാലിയില്‍ ആര്‍ സി ബിയുടെ മറുപടി ഏഴ് വിക്കറ്റ് ജയത്തോടെ. ലക്‌നൌവിന്റെ കൂറ്റന്‍ സ്‌കോര്‍ പിന്തുടന്ന് ജയിച്ച ആത്മവിശ്വാസത്തില്‍ ഇറങ്ങുന്ന ബെംഗളൂരുവിന് ജോഷ് ഹെയ്‌സല്‍വുഡ് പരിക്കുമാറി തിരിച്ചെത്തുന്നത് കരുത്താവും. ആര്‍സിബിയുടെ ഗതിനിശ്ചയിക്കുക വിരാട് കോലി , ഫിള്‍ സാള്‍ട്ട് ഓപ്പണിംഗ് കൂട്ടുകെട്ട്. ജേക്കബ് ബെഥലും ലുംഗി എന്‍ഗിഡിയും നാട്ടിലേക്ക് മടങ്ങിയപ്പോള്‍ പകരക്കാരായി എത്തുന്നത് ടിം സീഫെര്‍ട്ടും ബ്ലെസ്സിംഗ് മുസരബാനിയും. 

പഞ്ചാബിന്റെ കരുത്ത് പ്രിയാന്‍ഷ് ആര്യ, പ്രഭ്‌സിമ്രാന്‍ സിംഗ്, ശ്രേയസ് അയ്യര്‍, ശശാങ്ക് സിംഗ്, നെഹാല്‍ വധേര, ജോഷ് ഇംഗ്ലിസ് എന്നിവര്‍ ഉള്‍പ്പെട്ട ബാറ്റിംഗ് നിര. മാര്‍ക്കോ യാന്‍സന്റെ അഭാവം കെയ്ല്‍ ജെയ്മിസനിലൂടെ മറികടക്കാമെന്നാണ് പ്രതീക്ഷ. ലഗ് സ്പിന്നര്‍ യുസ്വേന്ദ്ര ചാഹല്‍ പരിക്കുമാറി തിരിച്ചെത്തുന്നതും പഞ്ചാബിന് ഊര്‍ജമാവും. 2014ന് ശേഷം ആദ്യമായി പ്ലേ ഓഫില്‍ കളിക്കുന്ന പഞ്ചാബ് ഫൈനല്‍ ലക്ഷ്യമിട്ടിറങ്ങുന്നത് സ്വന്തം കാണികളുടെ ആരവങ്ങള്‍ക്ക് മുന്നില്‍. ഇരു ടീമുകളുടേയും സാധ്യതാ ഇലവന്‍ അറിയാം.

പഞ്ചാബ് കിംഗ്സ്: പ്രഭ്സിമ്രാന്‍ സിംഗ്, പ്രിയാന്‍ഷ് ആര്യ, ജോഷ് ഇന്‍ഗ്ലിസ്, ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), നെഹാല്‍ വധേര, ശശാങ്ക് സിംഗ്, മാര്‍ക്കസ് സ്റ്റോയിനിസ്, അസ്മത്തുള്ള ഒമര്‍സായി, ഹര്‍പ്രീത് ബ്രാര്‍, കെയ്ല്‍ ജാമിസണ്‍, വിജയ്കുമാര്‍ വൈശാഖ് / യുസ്വേന്ദ്ര ചാഹല്‍, അര്‍ഷ്ദീപ് സിംഗ്.

റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു: വിരാട് കോലി, ഫില്‍ സാള്‍ട്ട്, രജത് പടിധാര്‍, മായങ്ക് അഗര്‍വാള്‍, ലിയാം ലിവിംഗ്സ്റ്റണ്‍, ജിതേഷ് ശര്‍മ്മ (ക്യാപ്റ്റന്‍), റൊമാരിയോ ഷെപ്പേര്‍ഡ്, ക്രുണാല്‍ പാണ്ഡ്യ, ഭുവനേശ്വര്‍ കുമാര്‍, യാഷ് ദയാല്‍, നുവാന്‍ തുഷാര / ജോഷ് ഹാസില്‍വുഡ്, സുയാഷ് ശര്‍മ.