എഎഫ്‌സി ഏഷ്യൻ കപ്പ് യോഗ്യതാ മത്സരത്തിനുള്ള ഇന്ത്യൻ ഫുട്ബോൾ ടീമിനെ പ്രഖ്യാപിച്ചു. മോഹൻ ബഗാന്റെ ആഷിക് കുരുണിയനാണ് 28 അംഗ ടീമിലെ ഏക മലയാളി താരം.

കൊല്‍ക്കത്ത: എ എഫ് സി ഏഷ്യന്‍ കപ്പ് യോഗ്യാതാ റൗണ്ട് മത്സരത്തിനുള്ള ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിനെ പ്രഖ്യാപിച്ചു. മോഹന്‍ ബഗാന്റെ ആഷിക് കുരുണിയനാണ് ഇരുപത്തിയെട്ടംഗ ടീമിലെ ഏക മലയാളിതാരം. ജൂണ്‍ പത്തിന് ഹോങ്കോംഗിനെ നേരിടാനുള്ള ടീമിനെയാണ് കോച്ച് മനോലോ മാര്‍ക്വേസ് പ്രഖ്യാപിച്ചത്. ഹോങ്കോംഗിനെ നേരിടും മുന്‍പ് ജൂണ്‍ അഞ്ചിന് ഇന്ത്യ തായ്‌ലന്‍ഡുമായി സന്നാഹമത്സരം കളിക്കും. 

കൊല്‍ക്കത്തയില്‍ നടന്ന ഒരാഴ്ചത്തെ പരിശീലന ക്യാംപിന് ശേഷമാണ് മനോലോ മാര്‍ക്വേസ് ടീമിനെ പ്രഖ്യാപിച്ചത്. സുനില്‍ ഛേത്രി, മന്‍വീര്‍ സിംഗ്, ലാലിയന്‍സുവാല ചാംഗ്‌തേ, ഉദാന്ത സിംഗ്, ലിസ്റ്റണ്‍ കൊളാസോ, അന്‍വര്‍ അലി, സന്ദേശ് ജിംഗാന്‍ തുടങ്ങിയവര്‍ ടീമിലുണ്ട്. മുന്‍താരം മഹേഷ് ഗാവ്‌ലിയാണ് സഹപരിശീലകന്‍. 

അതേസമയം, സുനില്‍ ഛേത്രി വിരമിക്കല്‍ തീരുമാനം പിന്‍വലിച്ച് തിരികെ വന്നത് തെറ്റായ തീരുമാനം ആണെന്ന് ഇന്ത്യയുടെ മുന്‍ ക്യാപ്റ്റന്‍ എസ് വെങ്കിടേഷ് വ്യക്തമാക്കി. ഛേത്രിയുടെ തീരുമാനം യുവതാരങ്ങളുടെ വഴിയടയ്ക്കുന്നതാണ്. ഇന്ത്യന്‍ ഫുട്‌ബോളില്‍ മികച്ച താരങ്ങള്‍ ഉണ്ടാക്കുന്നില്ല എന്നതിന് തെളിവാണ് നാല്‍പതുകാരനായ ഛേത്രിയുടെ തിരിച്ചുവരവെന്നും വെങ്കിടേഷ് പറഞ്ഞു. കഴിഞ്ഞ വര്‍ഷം ജൂണിലാണ് ഛേത്രി വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്.

ഇതിന് ശേഷം ഇന്ത്യന്‍ ടീമിന് ഒറ്റമത്സരത്തിലും ജയിക്കാനായില്ല. ഇതോടെയാണ് ഇന്ത്യന്‍ കോച്ച് മനോലോ മാര്‍ക്വേസ് ചേത്രിയെ ടീമിലേക്ക് തിരികെ വിളിച്ചത്. അന്താഷ്ട്ര ഫുട്‌ബോളില്‍ 95 ഗോള്‍ നേടിയിട്ടുള്ള ഛേത്രി റൊണാള്‍ഡോയും മെസ്സിയും കഴിഞ്ഞാല്‍ ഇപ്പോള്‍ കളിക്കുന്നവരില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ താരമാണ്.

ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം: ഗോള്‍കീപ്പര്‍മാര്‍: ഹൃത്വിക് തിവാരി, വിശാല്‍ കൈത്, ഗുര്‍മീത് സിംഗ്, അമരീന്ദര്‍ സിംഗ്.

ഡിഫന്‍ഡര്‍മാര്‍: നൗറെം റോഷന്‍ സിംഗ്, രാഹുല്‍ ഭേക്കെ, ചിംഗ്ലെന്‍സന സിംഗ് കോണ്‍ഷാം, അന്‍വര്‍ അലി, ബോറിസ് സിംഗ് തങ്ജാം,

സന്ദേശ് ജിംഗന്‍, ആശിഷ് റായ്, സുഭാഷിഷ് ബോസ്, മെഹ്താബ് സിംഗ്, അഭിഷേക് സിംഗ് ടെക്ചം.

മിഡ്ഫീല്‍ഡര്‍മാര്‍: സുരേഷ് സിംഗ് വാങ്ജാം, മഹേഷ് സിംഗ് നൗറെം, ആയുഷ് ദേവ് ഛേത്രി, ഉദാന്ത സിംഗ് കുമം, ലാലെങ്മാവിയ റാള്‍ട്ടെ, ലിസ്റ്റണ്‍ കൊളാക്കോ, ആഷിക് കുരുണിയന്‍, ബ്രാന്‍ഡന്‍ ഫെര്‍ണാണ്ടസ്, നിഖില്‍ പ്രഭു.

ഫോര്‍വേഡുകള്‍: സുനില്‍ ഛേത്രി, എഡ്മണ്ട് ലാല്‍റിന്‍ഡിക, മന്‍വീര്‍ സിംഗ്, സുഹൈല്‍ അഹമ്മദ് ഭട്ട്, ലാലിയന്‍സുവാല ചാങ്തെ.