ബാഴ്‌സലോണയുടെ കൗമാരതാരം ലാമിന്‍ യമാല്‍ ക്ലബ്ബുമായുള്ള കരാർ 2031 വരെ നീട്ടി. പതിനേഴുകാരനായ യമാല്‍ 2023-ൽ ബാഴ്‌സലോണയുടെ സീനിയർ ടീമിൽ അരങ്ങേറ്റം കുറിച്ചിരുന്നു.

ബാഴ്‌സലോണ: കൗമാരതാരം ലാമിന്‍ യമാല്‍ ബാഴ്‌സലോണയുമായുള്ള കരാര്‍ പുതുക്കി. ആറുവര്‍ഷത്തേക്കാണ് പുതിയ കരാര്‍. ഇതോടെ പതിനേഴുകാരനായ ലാമിന്‍ യമാല്‍ 2031 വരെ ബാഴ്‌സലോണയില്‍ തുടരും. 2023ല്‍ പതിനഞ്ചാം വയസ്സില്‍ ബാഴ്‌സലണയുടെ സീനിയര്‍ ടീമില്‍ അരങ്ങേറ്റം നടത്തിയ ലാമിന്‍ യമാല്‍ സ്പാനിഷ് ലീഗിലെ 55 മത്സരങ്ങളില്‍ നിന്ന് 18 ഗോളും 25 അസിസ്റ്റും സ്വന്തമാക്കിയിട്ടുണ്ട്. ആകെ 25 ഗോളാണ് ബാഴ്‌സ ജഴ്‌സിയില്‍ സ്വന്തമാക്കിയത്. ലാ ലിഗയിലും കോപ ഡെല്‍ റേയിലും സ്പാനിഷ് സൂപ്പര്‍ കപ്പിലും ഗോള്‍ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമാണ് ലാമിന്‍ യമാല്‍. ജൂലൈയില്‍ 18 വയസ്സ് പൂര്‍ത്തിയാകുന്ന ലാമിന്‍ യമാല്‍, ബാഴ്‌സക്കായി 100 മത്സരങ്ങള്‍ കളിക്കുന്ന പ്രായം കുറഞ്ഞ താരം കൂടിയാണ്.

അതേസമയം, ഇതിഹാസതാരം ലിയോണല്‍ മെസിക്കെതിരെ കളിക്കാനുള്ള അവസരം കൂടിയാണ് യമാലിന് വന്നുചേര്‍ന്നിരിക്കുന്നത്. ഫൈനലിസിമയില്‍ അര്‍ജന്റീനയും സ്‌പെയ്‌നും നേര്‍ക്കുനേര്‍ വരുന്നതോടെ യമാലിന് മെസിക്കെതിരെ കളിക്കാന്‍ സാധിക്കും. ഫൈനലിസിമ പോരാട്ടത്തിന്റെ തീയ്യതിയും വേദിയും ഉടന്‍ പ്രഖ്യാപിക്കും. അര്‍ജന്റീന - സ്പെയ്ന്‍ ഫുട്ബോള്‍ ഫെഡറേഷനുകള്‍ നിര്‍ണായക യോഗം ചേര്‍ന്നിരുന്നു. പരാഗ്വേയില്‍ നടന്ന യോഗ തീരുമാനങ്ങള്‍ വൈകാതെ പുറത്തുവിടും. കോപ്പ അമേരിക്ക ചാമ്പ്യന്മാരും യൂറോ കപ്പ് ചാമ്പ്യന്മാരും ഏറ്റുമുട്ടുന്ന കിരീട പോരാട്ടമാണ് ഫൈനലിസിമ. നിലവില്‍ അര്‍ജന്റീനയാണ് ജേതാക്കള്‍. ബാഴ്സലോണ ആയിയിരിക്കും ഫൈനലിന് വേദിയാവുകയെന്ന വാര്‍ത്തകള്‍ പുറത്തുവരുന്നുണ്ട്. 

ഇതിഹാസതാരം ലിയോണല്‍ മെസിക്ക് യാത്രയയപ്പ് നല്‍കാന്‍കൂടിയാണ് ബാഴ്‌സലോണ ഫൈനലിസിമയ്ക്കായി നീക്കം നടത്തുന്നത്. ബാഴ്‌സലോണയുടെ ഇതിഹാസ താരമായ ലിയോണല്‍ മെസിയും ബാഴ്‌സയുടെ പുതിയ പ്രതീക്ഷയായ ലാമിന്‍ യമാലും നേര്‍ക്കുനേര്‍ വരുന്നുവെന്നതാണ് ഈ സൂപ്പര്‍ പോരാട്ടത്തിന്റെ പ്രത്യേകത. മെസിക്കിത് വെറുമൊരു മത്സരമായിരിക്കാം. പക്ഷേ, ലാമിന്‍ യമാലിന് ഫൈനലിസിമ തന്റെ ആഗ്രഹ പൂര്‍ത്തികരണമാകും. ഒരിക്കലെങ്കിലും മെസിക്കൊപ്പം പന്തുതട്ടണമെന്ന് ആഗ്രഹം പലതവണ പ്രകടിപ്പിച്ചിട്ടുണ്ട് യമാല്‍.