ഒറ്റയാൻ! അഫ്ഗാൻ വീര്യം ആവാഹിച്ച് അസ്മത്തുള്ള, ദക്ഷിണാഫ്രിക്കയുടെ ലക്ഷ്യം കുറിച്ചു; സെമി സാധ്യത ഇനിയില്ല
അവസാന മത്സരത്തിൽ ആഫ്രിക്കൻ കരുത്തുകളെ കൂടി കീഴടക്കി അഭിമാനത്തോടെ തല ഉയർത്തി മടങ്ങാനാകും അഫ്ഗാൻ താരങ്ങളുടെ ഇനിയുള്ള പരിശ്രമം

അഹമ്മദാബാദ്: അസ്മത്തുള്ളയുടെ ഒറ്റയാൾ പോരാട്ടത്തിലൂടെ ദക്ഷിണാഫ്രിക്കക്കെതിരെ മികച്ച് സ്കോർ നേടാനായെങ്കിലും അഫ്ഗാനിസ്ഥാന്‍റെ സെമി പ്രതീക്ഷകൾ അവസാനിച്ചു. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത അഫ്സഗാൻ അസ്മത്തുള്ള ഒമ്രാസിയുടെ ബാറ്റിംഗ് കരുത്തിൽ നിശ്ചിത ഓവറിൽ 244 റൺസാണ് നേടിയത്. 107 പന്തിൽ 97 റൺസ് നേടിയ അസ്മത്തുള്ള, ദക്ഷിണാഫ്രിക്കക്കെതിരെ പൊരുതാൻ പറ്റുന്ന സ്കോറിലേക്ക് ടീമിനെ എത്തിച്ചെങ്കിലും സെമി സാധ്യകളിലേക്ക് ബാറ്റുവീശാൻ അഫ്ഗാന് സാധിച്ചില്ല. 438 റൺസിന്‍റെ ഹിമാലയന്‍ വിജയം നേടിയാൽ മാത്രമായിരുന്നു അഫ്ഗാന് സെമിയിലേക്ക് സാധ്യതപോലുമുണ്ടായിരുന്നുള്ളു. അവസാന മത്സരത്തിൽ ആഫ്രിക്കൻ കരുത്തുകളെ കൂടി കീഴടക്കി അഭിമാനത്തോടെ തല ഉയർത്തി മടങ്ങാനാകും അഫ്ഗാൻ താരങ്ങളുടെ ഇനിയുള്ള പരിശ്രമം.
ടോസ് നേടി ബാറ്റിംഗിനിറങ്ങിയ അഫ്ഗാൻ കൂറ്റൻ സ്കോർ ലക്ഷ്യമിട്ട് ബാറ്റ് വീശാൻ ശ്രമിച്ചെങ്കിലും ദക്ഷിണാഫ്രിക്കയുടെ ബൗളർമാരുടെ കൃത്യതക്ക് മുന്നിൽ അസ്മത്തുള്ള ഒഴികെയുള്ളവർ പതറിപ്പോയി. ഓപ്പൺമാരായ റഹ്മാനുള്ള 25 റൺസിനും ഇബ്രാഹിം 15 റൺസിനും മടങ്ങി. പിന്നാലെയെത്തിയ റഹ്മത്ത് ഷാ 26 റൺസും ഹസ്മത്തുള്ള 2 റൺസും ഇക്രാം 12 റൺസിനും മുഹമ്മദ് നബി 2 റൺസിനും മടങ്ങിയതോടെ അഫ്ഗാൻ പ്രതിസന്ധിയിലായി. റാഷിദ് ഖാൻ 14 റൺസും, നൂർ അഹമ്മദ് 26 റൺസും മുജീബ് റഹ്മാൻ 8 റൺസും നവീൻ ഉൾ ഹഖ് 2 റൺസും നേടി പുറത്തായതോടെ അമ്പതാം ഓവറിലെ അവസാനപന്തിൽ ടീം ഓൾ ഔട്ട് ആകുകയായിരുന്നു. 4 വിക്കറ്റ് നേടിയ കോട്ട്സെയും 2 വിക്കറ്റ് വീതം നേടി കേശവ് മഹാരാജും ലുങ്കി എൻഗിഡിയുമാണ് അഫ്ഗാനെ പിടിച്ചുകെട്ടിയത്.
ബൗളിംഗ് കരുത്തിൽ ദക്ഷിണാഫ്രിക്കയെ കൂടി തകർത്താൽ അഫ്ഗാന് വാനോളം അഭിമാനത്തോടെ നാട്ടിലേക്ക് മടങ്ങാം. നേരത്തെ ഈ ലോകകപ്പിൽ ഇംഗ്ലണ്ടിനെയും ശ്രീലങ്കയെയും പാകിസ്ഥാനെയും നെതർലൻഡ്സിനെയും വീഴ്ത്തി ടൂർണമെന്‍റിന്‍റെ 'ടീം' എന്ന ആരാധകരുടെ വിശേഷണം അഫ്ഗാൻ സ്വന്തമാക്കിയിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം