ഏകദിന കരിയറില്‍ ആര്‍ച്ചറിന്‍റെ ഏറ്റവും മോശം പ്രകടനമാണിത്. കരിയറില്‍ ആദ്യമായി ഒരോവറില്‍ 20 റൺസും ആര്‍ച്ചര്‍ വഴങ്ങി.

ബ്ലൂംഫൗണ്ടെയിൻ: പരിക്കിന് ശേഷം അന്താരാഷ്ട്ര ക്രിക്കറ്റിലേക്കുള്ള തിരിച്ചുവരവില്‍ തിളങ്ങാനാകാതെ ഇംഗ്ലീഷ് പേസര്‍ ജോഫ്രാ ആര്‍ച്ചര്‍. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യ ഏകദിനത്തിൽ 10 ഓവറില്‍ 81 റൺസാണ് ആര്‍ച്ചര്‍ വഴങ്ങിയത്. ഏകദിന കരിയറില്‍ ആര്‍ച്ചറിന്‍റെ ഏറ്റവും മോശം പ്രകടനമാണിത്. കരിയറില്‍ ആദ്യമായി ഒരോവറില്‍ 20 റൺസും ആര്‍ച്ചര്‍ വഴങ്ങി. ഏഴാമനായി ഇറങ്ങിയ വെയിന്‍ പാര്‍നലിന്‍റെ വിക്കറ്റ് മാത്രമാണ് ആര്‍ച്ചറിന് നേടാനായത്. 2021 മാര്‍ച്ചിന് ശേഷം ഇംഗ്ലണ്ടിനായി ആര്‍ച്ചറിന്‍റെ ആദ്യ മത്സരമായിരുന്നു ഇത്. മുമ്പ് എതിരാളികളുടെ പേടിസ്വപ്‌നമായ പേസറായിരുന്ന ആര്‍ച്ചറാണ് ഇങ്ങനെ അടിവാങ്ങി വലഞ്ഞത്. 

ഫിറ്റ്‌നസ് വീണ്ടെടുക്കാന്‍ 15 മാസത്തിനിടെ നാല് ശസ്‌ത്രക്രിയകള്‍ക്കാണ് ജോഫ്ര ആര്‍ച്ചര്‍ വിധേയനായത്. 2021ല്‍ വിരലിന് പരിക്കേറ്റ താരം പിന്നീട് കൈമുട്ടിലും നടുവിനും ചികില്‍സയ്ക്ക് വിധേയനായിരുന്നു. രണ്ട് ശസ്‌ത്രക്രിയകള്‍ കൈമുട്ടിന് വേണ്ടിവന്നു. നേരത്തെ പരിക്കിന് ശേഷം ഫ്രാഞ്ചൈസി ക്രിക്കറ്റിലേക്കുള്ള മടങ്ങിവരവില്‍ ജോഫ്ര ആര്‍ച്ചര്‍ നാല് ഓവറില്‍ 27 റണ്ണിന് മൂന്ന് വിക്കറ്റുമായി തിളങ്ങിയിരുന്നു. ദക്ഷിണാഫ്രിക്കന്‍ ട്വന്‍റി 20 ലീഗില്‍ പാള്‍ റോയല്‍സിനെതിരെ എം ഐ കേപ്‌ടൗണിനായായിരുന്നു ആര്‍ച്ചറുടെ മിന്നും പ്രകടനം. എന്നാല്‍ രാജ്യാന്തര തിരിച്ചുവരവ് ആര്‍ച്ചര്‍ക്ക് വലിയ നിരാശയായിരിക്കുകയാണ്. 

ഇംഗ്ലണ്ടിനെതിരായ ആദ്യ ഏകദിനത്തിൽ ദക്ഷിണാഫ്രിക്ക 27 റണ്‍സിന്‍റെ ജയം സ്വന്തമാക്കി. ഓപ്പണര്‍ ജേസന്‍ റോയിയുടെ തകര്‍പ്പന്‍ സെഞ്ചുറിക്കിടയിലും തോല്‍വി വഴങ്ങുകയായിരുന്നു ഇംഗ്ലണ്ട്. ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ 299 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ട് 271 റണ്‍സിന് ഓൾഔട്ടായി. 4 വിക്കറ്റെടുത്ത ആൻറിച്ച് നോര്‍ക്കിയയും മൂന്ന് വിക്കറ്റെടുത്ത സിസാൻഡ മഗാലയുമാണ് ഇംഗ്ലണ്ടിനെ എറിഞ്ഞിട്ടത്. 91 പന്തില്‍ 113 റണ്‍സ് നേടിയ ജേസണ്‍ റോയിയാണ് ഇംഗ്ലണ്ടിന്‍റെ ടോപ് സ്കോറര്‍. ആര്‍ച്ചര്‍ അടി വാങ്ങി വലഞ്ഞപ്പോള്‍ റാസ്സീ വാന്‍ ഡര്‍ ഡസ്സന്‍ 117 പന്തില്‍ 111 റണ്‍സും ഡേവിഡ് മില്ലര്‍ 56 പന്തില്‍ 53 റണ്‍സുമായി ദക്ഷിണാഫ്രിക്കയ്ക്കായി തിളങ്ങി. ഇംഗ്ലണ്ടിനായി സാം കറന്‍ 9 ഓവറില്‍ 35 റണ്‍സിന് മൂന്ന് വിക്കറ്റ് നേടി. 81 റണ്‍സ് വിട്ടുകൊടുത്തതിനൊപ്പം 2 നോബോളും 3 വൈഡും ആര്‍ച്ചര്‍ എറിഞ്ഞു. 

ജോഫ്ര ആര്‍ച്ചറുടെ തിരിച്ചുവരവ് മാനസികമായ വെല്ലുവിളിയും മറികടന്ന്; പ്രശംസിച്ച് സഹീര്‍ ഖാന്‍