ഐപിഎല്‍ 15-ാം സീസണില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനായി 14 കളികളില്‍ 9.03 ഇക്കോണമിയില്‍ 22 വിക്കറ്റാണ് ഉമ്രാന്‍ വീഴ്‌ത്തിയത്

ദില്ലി: അതിവേഗക്കാരന്‍ ഉമ്രാന്‍ മാലിക്( Umran Malik) അരങ്ങേറ്റം കുറിക്കുമോ എന്ന ആകാംക്ഷയാണ് ഇന്ത്യ-ദക്ഷിണാഫ്രിക്ക ആദ്യ ടി20യെ(SA vs IND 1st T20I) ഏറ്റവും ആകര്‍ഷകമാക്കുന്നത്. ഐപിഎല്ലില്‍ 150 കിലോമീറ്ററിലെ വേഗം സ്ഥിരമായി കൈവരിച്ച ഉമ്രാന് പരമ്പരയില്‍ തിളങ്ങാനാകും എന്ന് പ്രതീക്ഷിക്കുന്നവരുണ്ട്. ഇവരുടെ കൂട്ടത്തില്‍ ദക്ഷിണാഫ്രിക്കന്‍ പേസ് ഇതിഹാസവും ഐപിഎല്ലില്‍ ഉമ്രാന്‍റെ ടീമായ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്‍റെ ബൗളിംഗ് പരിശീലകനുമായ ഡെയ്‌ല്‍ സ്റ്റെയ്‌നുമുണ്ട്(Dale Steyn).

'ഉമ്രാന് പരമാവധി വേഗത്തില്‍ അവസരം നല്‍കുകയാണ് വേണ്ടത്. ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരെ അവസരം നല്‍കി താരത്തിന്‍റെ പേടിയെല്ലാം മാറ്റിയെടുക്കണം. അര്‍ഷ്‌ദീപ് സിംഗും മികച്ച പേസറാണ്. അദേഹത്തെ സ്‌ക്വാഡില്‍ നിന്ന് ഒഴിവാക്കാന്‍ പാടാണ്' എന്നും സ്റ്റെയ്‌ന്‍ ഇഎസ്‌‌പിഎന്‍ ക്രിക്‌‌ഇന്‍ഫോയോട് പറഞ്ഞു. 

ഐപിഎല്‍ 15-ാം സീസണില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനായി 14 കളികളില്‍ 9.03 ഇക്കോണമിയില്‍ 22 വിക്കറ്റാണ് ഉമ്രാന്‍ വീഴ്‌ത്തിയത്. സീസണിലെ വേഗമേറിയ രണ്ടാമത്തെ പന്ത്( 157 കിലോമീറ്റര്‍) ഉമ്രാന്‍റെ പേരിലായിരുന്നു. ഐപിഎല്ലില്‍ 14 മത്സരങ്ങളില്‍ 7.70 ഇക്കോണമിയില്‍ 10 വിക്കറ്റ് അര്‍ഷ്‌ദീപ് വീഴ്‌ത്തിയിരുന്നു. ഉമ്രാനും അര്‍ഷ്‌ദീപിനും പുറമെ ഹര്‍ഷല്‍ പട്ടേല്‍, ഭുവനേശ്വര്‍ കുമാര്‍, ആവേഷ് ഖാന്‍ തുടങ്ങിയ പേസര്‍മാരും ഇന്ത്യന്‍ സ്‌ക്വാഡിലുണ്ട്. 

ദക്ഷിണാഫ്രിക്കന്‍ പരമ്പരയ്‌ക്കുള്ള ഇന്ത്യന്‍ ടി20 സ്‌ക്വാഡ്: കെ എല്‍ രാഹുല്‍(ക്യാപ്റ്റന്‍), റുതുരാജ് ഗെയ്‌ക്‌വാദ്, ഇഷാന്‍ കിഷന്‍, ദീപക് ഹൂഡ, ശ്രേയസ് അയ്യര്‍, റിഷഭ് പന്ത്, ദിനേശ് കാര്‍ത്തിക്, ഹാര്‍ദിക് പാണ്ഡ്യ, വെങ്കടേഷ് അയ്യര്‍, യുസ്‌വേന്ദ്ര ചാഹല്‍, കുല്‍ദീപ് യാദവ്, അക്‌സര്‍ പട്ടേല്‍, രവി ബിഷ്‌ണോയ്, ഭുവനേശ്വര്‍ കുമാര്‍, ഹര്‍ഷല്‍ പട്ടേല്‍, ആവേഷ് ഖാന്‍, അര്‍ഷ്‌ദീപ് സിംഗ്, ഉമ്രാന്‍ മാലിക്.

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ അഞ്ച് ടി20കളുടെ പരമ്പരയിലെ ആദ്യ മത്സരം ദില്ലിയിൽ ഇന്ന് രാത്രി 7 മണിക്ക് തുടങ്ങും. പരിക്കേറ്റ കെ എൽ രാഹുലിന് പകരം റിഷഭ് പന്താണ് ഇന്ത്യന്‍ ടീമിനെ നയിക്കുക. സ്‌പിന്നര്‍ കുൽദീപ് യാദവും പരമ്പരയിൽ കളിക്കുന്നില്ല. ഐപിഎല്ലില്‍ കിരീടം നേടിയ ഗുജറാത്ത് ടീമിനെ നയിച്ച ഹാര്‍ദിക് പാണ്ഡ്യയുടെ ഓള്‍റൗണ്ട് പ്രകടനം നിര്‍ണായകമാകും. ട്വന്‍റി 20യിൽ 12 തുടർ വിജയങ്ങളുമായാണ് ഇന്ത്യ പ്രോട്ടീസിനെതിരെയിറങ്ങുന്നത്. നേർക്കുനേർ പോരിൽ മുൻതൂക്കം ഇന്ത്യക്കാണ്. 15 കളിയിൽ 9ൽ ഇന്ത്യയും ആറിൽ ദക്ഷിണാഫ്രിക്കയും ജയിച്ചു. 

IND vs SA : 'കാണേണ്ടത് അവന്‍റെ ബാറ്റിംഗ്', താരത്തിന്‍റെ പേരുമായി പാര്‍ഥീവ്; അത് ഹാര്‍ദിക്ക് പാണ്ഡ്യയല്ല