വെടിയുതിര്‍ക്കുന്നത് പോലെ കാണിച്ചത് പത്താന്‍ സംസ്‌കാരത്തിന്റെ ഭാഗമാണെന്നും രാഷ്ട്രീയ ഉദ്ദേശ്യമില്ലെന്നും താരം പറഞ്ഞു.

ദുബായ്: ഏഷ്യാ കപ്പിലെ വിവാദ ആഘോഷപ്രകടനത്തില്‍ വിചിത്ര വിശദീകരണവുമായി പാക് താരം സാഹിബ്‌സദാ ഫര്‍ഹാന്‍. ബാറ്റ് കൊണ്ടു വെടിയുതിര്‍ക്കുന്നത് പോലെ കാണിച്ചത് സംസ്‌കാരത്തിന്റെ ഭാഗമെന്ന് താരം വ്യക്തമാക്കി. ഇന്ത്യക്കെതിരെ സൂപ്പര്‍ ഫോര്‍ മത്സരത്തില്‍ അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കിയതിന് പിന്നാലെയാണ് താരം ബാറ്റുകൊണ്ട് വെടിയുതിര്‍ക്കുന്നത് പോലെ കാണിച്ചത്. അന്ന് 45 പന്തില്‍ 58 റണ്‍സാണ് താരം അടിച്ചെടുത്തത്. ഫര്‍ഹാന്റെ ആഘോഷം വിവാദമായിരുന്നു.

അതിനുള്ള മറുപടിയാണ് താരമിപ്പോള്‍ നല്‍കിയിരിക്കുന്നത്. ആ ആഘോഷത്തിന് ഇന്ത്യയുമായുള്ള സംഘര്‍ഷങ്ങളുമായി ബന്ധമില്ലെന്നാണ് ഫര്‍ഹാന്റെ അവകാശവാദം. പത്താനായ താന്‍ തോക്കുമായി ആഘോഷിക്കുന്നത് പതിവാണെന്നും വിവാഹചടങ്ങുകളിലും വെടിയുതിര്‍ക്കാറുണ്ടെന്നും ഫര്‍ഹാന്‍ വ്യക്തമാക്കി. രാഷ്ട്രീയ ഉദ്ദേശ്യം ഇല്ലാതിരുന്നതിനാല്‍ നടപടി എടുക്കരുത് എന്നും ഐസിസി മാച്ച് റഫറിയോട് ഫര്‍ഹാന്‍ അഭ്യര്‍ത്ഥിച്ചു. ഇതോടെ ഫര്‍ഹാനെതിരായ നടപടി താക്കീതില്‍ ഒതുങ്ങി.

അതേസമയം, പാകിസ്ഥാന്‍ പേസര്‍ ഹാരിസ് റൗഫിന് ഐസിസി 50 ശതമാനം പിഴ വിധിച്ചിരുന്നു. ഇന്ത്യ നടത്തിയ ഓപ്പറേഷന്‍ സിന്ദൂര്‍ സൈനിക നടപടിക്കിടെ ഇന്ത്യയുടെ ആറ് യുദ്ധവിമാനങ്ങള്‍ പാകിസ്ഥാന്‍ വെടിവെച്ചിട്ടുവെന്ന അവകാശവാദത്തെ സൂചിപ്പിക്കാനായി 6-0 എന്ന് വിരലുകള്‍ കൊണ്ട് കാണിച്ചിരുന്നു ഹാരിസ് റൗഫ്. ഇതിനാണ് പാക് താരത്തിനെതിരെ നടപടി സ്വീകരിച്ചത്. ബിസിസിഐ പരാതിയില്‍ മാച്ച് റഫറിയുടെ തീരുമാനം.

ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിനും ഐസിസി പിഴശിക്ഷയാണ് വിധിച്ചിരുന്നു. മാച്ച് ഫീയുടെ 30 ശതമാനം പിഴ അടയ്ക്കണം. പാകിസ്ഥാനേതിരായ ജയം പഹല്‍ഗാം രക്തസാക്ഷികള്‍ക്ക് സമര്‍പ്പിച്ചതിനാണ് നടപടി. ഐസിസി പെരുമാറ്റചട്ടം ഇന്ത്യന്‍ ക്യാപ്റ്റന്‍ ലംഘിച്ചെന്ന് മാച്ച് റഫറി വ്യക്തമാക്കി. പാകിസ്ഥാനെതിരെ വിജയം നേടിയശേഷം ഈ ജയം ഓപ്പറേഷന്‍ സിന്ദൂറില്‍ പങ്കെടുത്ത ധീര സൈനികര്‍ക്കും പഹല്‍ഗാം ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ക്കുമായി സമര്‍പ്പിക്കുന്നുവെന്ന് സൂര്യകുമാര്‍ യാദവ് പറഞ്ഞിരുന്നു. ഇതിനെതിരെ പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡാണ് ഐസിസിക്ക് പരാതി നല്‍കിയിരുന്നു.

YouTube video player