ഇക്കഴിഞ്ഞ ബുധനാഴ്‌ചയാണ് വിരാട് കോലിയെ മാറ്റി പകരം രോഹിത് ശര്‍മ്മയെ ഏകദിന ടീം നായകനായി ബിസിസിഐ പ്രഖ്യാപിച്ചത്

മുംബൈ: ഇന്ത്യന്‍ ഏകദിന ടീം (Indian ODI Team) നായകസ്ഥാനത്ത് നിന്ന് വിരാട് കോലിയെ (Virat Kohli) നീക്കിയതിലുള്ള ബിസിസിഐ (BCCI) പ്രസിഡന്‍റ് സൗരവ് ഗാംഗുലിയുടെ (Sourav Ganguly) വിശദീകരണം വിശ്വാസ്യകരമെന്ന് പാകിസ്ഥാന്‍ മുന്‍ നായകന്‍ സല്‍മാന്‍ ബട്ട് (Salman Butt). വൈറ്റ് ബോള്‍ ക്രിക്കറ്റിലെ രണ്ട് ഫോര്‍മാറ്റുകളില്‍ വ്യത്യസ്‌ത ക്യാപ്റ്റന്‍മാര്‍ ഗുണം ചെയ്യില്ല എന്ന ഗാംഗുലിയുടെ നിലപാടിനെ ബട്ട് പ്രശംസിച്ചു. 

'ഞാന്‍ നേരത്തെ പറഞ്ഞപോലെ, ടി20യിലും ഏകദിനത്തിലും വേറിട്ട ക്യാപ്റ്റന്‍മാര്‍ എന്നത് യുക്തിയല്ല. രോഹിത് ശര്‍മ്മയെ നായകനാകുന്നത് ശരിയോ തെറ്റോ എന്നതല്ല. കോലിയോളം പ്രതിഭാശാലിയും ക്യാപ്റ്റന്‍ എന്ന നിലയില്‍ മികവ് കാട്ടിയ താരവുമാണ് രോഹിത്' എന്നും സല്‍മാന്‍ ബട്ട് തന്‍റെ യൂട്യൂബ് ചാനലില്‍ പറഞ്ഞു. 

ഇക്കഴിഞ്ഞ ബുധനാഴ്‌ചയാണ് വിരാട് കോലിയെ മാറ്റി പകരം രോഹിത് ശര്‍മ്മയെ ഏകദിന ടീം നായകനായി ബിസിസിഐ പ്രഖ്യാപിച്ചത്. ജനുവരിയില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ആരംഭിക്കുന്ന പരമ്പരയാണ് ഹിറ്റ്‌മാന്‍റെ ആദ്യ ദൗത്യം. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ സെലക്‌ടര്‍മാര്‍ രോഹിത്തിനെ ഏകദിന നായകനായി തെരഞ്ഞെടുക്കുകയായിരുന്നു. ഒറ്റവരി ട്വീറ്റിലൂടെയായിരുന്നു ഈ പ്രഖ്യാപനം. 

സംയുക്ത തീരുമാനമെന്ന് ഗാംഗുലി

ബോര്‍ഡും സെലക്‌ടര്‍മാരും സംയുക്തമായാണ് വിരാട് കോലിക്ക് പകരം ആളെ തീരുമാനിച്ചത് എന്ന് ബിസിസിഐ പ്രസിഡന്‍റ് സൗരവ് പിന്നാലെ വ്യക്തമാക്കിയിരുന്നു. 'ടി20 നായകസ്ഥാനത്ത് നിന്ന് പടയിറങ്ങരുത് എന്ന് കോലിയോട് ബിസിസിഐ അഭ്യര്‍ഥിച്ചിരുന്നു. എന്നാല്‍ അദേഹം അത് അംഗീകരിച്ചില്ല. വൈറ്റ് ബോള്‍ ക്രിക്കറ്റിലെ രണ്ട് ഫോര്‍മാറ്റുകളില്‍ രണ്ട് വ്യത്യസ്‌ത നായകന്‍ വരുന്നത് ഗുണകരമല്ല എന്ന് ഇതോടെ സെലക്‌ടര്‍മാര്‍ക്ക് തോന്നി. 

അതിനാല്‍ വിരാട് കോലി ടെസ്റ്റില്‍ നായകനായി തുടരുകയും വൈറ്റ് ബോള്‍ ക്യാപ്റ്റന്‍സി രോഹിത് ശര്‍മ്മ ഏറ്റെടുക്കാനും തീരുമാനിച്ചു. ബിസിസിഐ തലവന്‍ എന്ന നിലയില്‍ ഞാനും സെലക്‌‌ടര്‍മാരും കോലിയുമായി സംസാരിച്ചു' എന്നും ഗാംഗുലി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് വ്യക്തമാക്കിയിരുന്നു. 

കോലി- ഐസിസി കിരീടമില്ലാത്ത രാജാവ്

ഏകദിനത്തില്‍ 95 മത്സരങ്ങളില്‍ വിരാട് കോലി ടീം ഇന്ത്യയെ നയിച്ചു. ഇതില്‍ 65 മത്സരങ്ങളില്‍ ജയിക്കാനായെങ്കിലും ഐസിസി കിരീടം നേടാനായില്ല. 2017 ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ പാകിസ്ഥാനോട് തോറ്റപ്പോള്‍ 2019 ഏകദിന ലോകകപ്പിന്‍റെ സെമി ഫൈനലില്‍ ന്യൂസിലന്‍ഡിനോട് പരാജയം രുചിച്ചു. അടുത്തിടെ യുഎഇയില്‍ ടി20 ലോകകപ്പില്‍ കോലി നയിച്ച ടീം ഗ്രൂപ്പ് ഘട്ടത്തില്‍ പുറത്തായി. 

ടീം ഇന്ത്യയുടെ ടി20 നായകസ്ഥാനം ലോകകപ്പിന് പിന്നാലെ വിരാട് കോലി ഒഴിഞ്ഞിരുന്നു. കൂടാതെ ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്‍റെ നായകസ്ഥാനവും കോലി കൈവിട്ടു. ടി20 ലോകകപ്പിന് ശേഷം നടന്ന ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരയില്‍ കോലിക്ക് പകരം രോഹിത് ശര്‍മ്മയായിരുന്നു ഇന്ത്യന്‍ നായകന്‍. രോഹിത്തിന് കീഴില്‍ പരമ്പര 3-0ന് ഇന്ത്യ തൂത്തുവാരി. ഇതിന് പിന്നാലെയാണ് ഏകദിന ക്യാപ്റ്റന്‍സിയിലും നിര്‍ണായക മാറ്റം വന്നത്. 

Virat Kohli : വിരാട് കോലിയെ മാറ്റിയത് ഇന്ത്യന്‍ ടീമിന് ഗുണകരം: കാരണം വ്യക്തമാക്കി മുന്‍താരം