രോഹിത് ഏകദിന നായകനായേക്കുമെന്ന് അഭ്യൂഹങ്ങള്‍ നേരത്തെ ശക്തമായിരുന്നുവെങ്കിലും അപ്രതീക്ഷിതമായാണ് ബിസിസിഐ ഇക്കാര്യം പ്രഖ്യാപിച്ചത്.
മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ (Team India) ഏകദിന നായക പദവിയില്‍ നിന്ന് സൂപ്പര്‍താരം വിരാട് കോലിയെ (Virat Kohli) നീക്കിയതിനെ ചൊല്ലിയുള്ള ചര്‍ച്ചകളാണ് എങ്ങും. സമ്മിശ്ര പ്രതികരണം തുടരുന്നതിനിടെ തന്‍റെ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് ഇന്ത്യന്‍ മുന്‍താരം അതുല്‍ വാസന്‍ (Atul Wassan). കോലി മാറുന്നത് ടീം ഇന്ത്യക്ക് ഗുണകരമായേക്കും എന്നാണ് വാസന്‍റെ നിരീക്ഷണം.
'വിരാട് കോലിയെ മാറ്റിയതാണ് എന്ന് തോന്നുന്നില്ല. മൂന്ന് ഫോര്‍മാറ്റിലും ടീമിനെ നയിക്കാനാവില്ലെന്ന് വിരാട് കോലിക്ക് തന്നെ വ്യക്തമായിക്കാണും. വിരാട് കോലി ബാറ്റിംഗില്‍ പ്രയാസപ്പെടുകയാണ്. എല്ലാ താരങ്ങള്‍ക്കും കരിയറില്‍ ഈ പ്രതിസന്ധി കാലയളവുണ്ടാകും. കോലി സ്വയം വലിയൊരു അളവുകോല്‍ സൃഷ്‌ടിച്ചിട്ടുണ്ട്. അതിനാല്‍ 40-50 റണ്‍സൊന്നും പരിഗണിക്കപ്പെടില്ല. കോലിയില്‍ നിന്ന് ഏറെ പ്രതീക്ഷിക്കുന്നുണ്ട്' എന്നും അതുല്‍ വാസന്‍ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു.
'മൂന്ന് ഫോര്‍മാറ്റിലും ഒരൊറ്റ താരം ടീമിനെ നയിക്കുന്നത് ഗുണകരമല്ലെന്ന് ഞാന്‍ വര്‍ഷങ്ങള്‍ക്ക് മുമ്പേ പറഞ്ഞിട്ടുണ്ട്. മികച്ച നായകനാണെന്ന് രോഹിത് തെളിയിച്ചിട്ടുണ്ട്. രോഹിത്തിന് ഐപിഎല്‍ കിരീടങ്ങളുണ്ടെങ്കിലും കോലിക്കില്ല. വിരാട് കോലി രണ്ടാം ദൗത്യത്തില്‍ താളം കണ്ടെത്തിയേക്കാം. ഇത് ഇന്ത്യന്‍ ക്രിക്കറ്റിന് ശുഭസൂചനയാണ്. വിരാട് ആസ്വദിച്ച് നായകപദവി കൈകാര്യം ചെയ്തു. ദീര്‍ഘകാലം ടീമിനെ നയിച്ചുവെന്ന് കോലിയുടെ റെക്കോര്‍ഡുകള്‍ പറയും. ഇന്ത്യന്‍ ക്രിക്കറ്റ് മികച്ച ഉയരങ്ങളിലാണ്. കോലി മികച്ച താരങ്ങളെ സൃഷ്‌ടിച്ചു'വെന്നും അതുല്‍ വാസന്‍ കൂട്ടിച്ചേര്‍ത്തു.
ടി20 ലോകകപ്പോടെ വിരാട് കോലി ഇന്ത്യന്‍ ടി20 നായക പദവി ഒഴിഞ്ഞിരുന്നു. ടി20 നായകപദവി ഒഴിയേണ്ടതില്ലെന്ന് സെപ്റ്റംബറില്‍ ബിസിസിഐ നിര്‍ദേശിച്ചെങ്കിലും കോലി വഴങ്ങിയില്ല. ഇതിനുപിന്നാലെ ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ നായകസ്ഥാനവും കോലി രാജിവെച്ചു. ടി20 ലോകകപ്പിന് ശേഷം നടന്ന ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരയില്‍ കോലിക്ക് പകരം രോഹിത് ശര്‍മ്മയെ നായകനായി തെരഞ്ഞെടുത്തിരുന്നു. ന്യൂസിലന്‍ഡിനെതിരായ മൂന്ന് ടി20കളുടെ പരമ്പര തൂത്തുവാരി രോഹിത് പുതുയുഗം തുടങ്ങി. ഇതിന് പിന്നാലെ അപ്രതീക്ഷിതമായി ഏകദിന നായകനിലും മാറ്റം വന്നു.
രോഹിത് ഏകദിന നായകനായേക്കുമെന്ന് അഭ്യൂഹങ്ങള്‍ നേരത്തെ ശക്തമായിരുന്നുവെങ്കിലും അപ്രതീക്ഷിതമായാണ് ബിസിസിഐ ഇക്കാര്യം പ്രഖ്യാപിച്ചത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ സെലക്‌ടര്‍മാര്‍ രോഹിത്തിനെ ഏകദിന നായകനായി തെരഞ്ഞെടുക്കുകയായിരുന്നു. ഒറ്റവരി ട്വീറ്റിലൂടെയായിരുന്നു ഈ പ്രഖ്യാപനം. ഏകദിന നായകനായിരുന്ന വിരാട് കോലിക്ക് പിന്നാലെ ബിസിസിഐ നന്ദിയറിയിക്കുകയും ചെയ്‌തു.
സെലക്ഷന്‍ കമ്മിറ്റിയും ബിസിസിഐയും ചേര്‍ന്ന് ആലോചിച്ചാണ് ഏകദിന ക്യാപ്റ്റന്‍സിയില്‍ നിന്ന് കോലിയെ മാറ്റാനുള്ള തീരുമാനമെടുത്തത്. ഏകദിന, ടി20 ടീമുകള്‍ക്ക് വ്യത്യസ്ത നായകന്മാര്‍ അനുചിതമെന്നതാണ് ബിസിസിഐ നിലപാട് എന്നാണ് പ്രസിഡന്‍റ് സൗരവ് ഗാംഗുലിയുടെ പ്രതികരണം. ഏകദിന നായകസ്ഥാനത്ത് നിന്ന് മാറ്റും മുമ്പ് ഗാംഗുലിയും സെലക്‌ടര്‍മാരും കോലിയുമായി സംസാരിച്ചു. 2017ല്‍ എം എസ് ധോണിയില്‍ നിന്ന് ഏകദിന, ടി20 ടീമുകളുടെ നായകസ്ഥാനം കോലി ഏറ്റെടുത്തത്.
Virat Kohli : ഏകദിന ക്യാപ്റ്റന്‍സി; വിരാട് കോലിയെ മാറ്റിയത് അപ്രതീക്ഷിതമോ? പ്രതികരിച്ച് ആകാശ് ചോപ്ര
