Asianet News MalayalamAsianet News Malayalam

ബഞ്ച് കരുത്ത് അപാരം, എത്രയെത്ര ഓപ്‌ഷനുകള്‍; ടീം ഇന്ത്യയുടെ റൊട്ടേഷന്‍ പോളിസിയെ പുകഴ്‌ത്തി സല്‍മാന്‍ ബട്ട്

സിംബാബ്‌വെ പര്യടനത്തിനും ഏഷ്യാ കപ്പിനും ഏറെ വ്യത്യസ്തതകളുള്ള ടീമിനെയാണ് സെലക്ടര്‍മാര്‍ പ്രഖ്യാപിച്ചത്

Salman Butt praises rotation policy of Team India ahead ICC T20 World Cup 2022
Author
Lahore, First Published Aug 14, 2022, 3:13 PM IST

ലാഹോര്‍: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ റൊട്ടേഷന്‍ പോളിസിയെ പുകഴ്‌ത്തി പാകിസ്ഥാന്‍ മുന്‍ ഓപ്പണര്‍ സല്‍മാന്‍ ബട്ട്. റൊട്ടേഷന്‍ പോളിസി നടപ്പാക്കിയതിലൂടെ കൂടുതല്‍ യുവതാരങ്ങള്‍ക്ക് അവസരം ലഭിച്ചെന്നും ബഞ്ച് കരുത്ത് കൂടിയെന്നും ബട്ട് വ്യക്തമാക്കി. ടി20 ലോകകപ്പ് മുന്‍നിര്‍ത്തിയാണ് ഇന്ത്യ കൂടുതല്‍ താരങ്ങളെ പരീക്ഷിക്കുന്നത്.  

'സമാന താരങ്ങളെ അണിനിരത്തി എല്ലാ പരമ്പരയും കളിക്കില്ല എന്നതിനാല്‍ ഇന്ത്യന്‍ ടീമില്‍ റൊട്ടേഷന്‍ പോളിസി സാധാരണമാണ്. സീനിയര്‍ താരങ്ങള്‍ക്ക് വിശ്രമം നല്‍കി യുവതാരങ്ങള്‍ക്ക് കൂടുതലായി അവസരം നല്‍കുന്നു. അതിനാല്‍ ഒട്ടേറെ ഓപ്‌ഷനുകളും കോംബിനേഷനുകളും ടീമിന് ലഭിക്കുന്നു. ചിലപ്പോള്‍ ഇത് വെല്ലുവിളിയാവാം. എങ്കിലും ബഞ്ചിലെ കരുത്ത് ഇത്തരം കോംബിനേഷനുകള്‍ ഒരുക്കാന്‍ സഹായകമാണ്. സിംബാബ്‌വെയില്‍ ഇന്ത്യന്‍ ടീമിനെ പരിശീലിപ്പിക്കുക ദേശീയ ക്രിക്കറ്റ് അക്കാഡമി തലവന്‍ വിവിഎസ് ലക്ഷ്‌മണാണ്. ഇതോടെ ഇന്ത്യന്‍ ടീമിന്‍റെ മുഖ്യ പരിശീലകന്‍ രാഹുല്‍ ദ്രാവിഡിന് വിശ്രമം ലഭിക്കുകയും ചെയ്യും. ടീം ഇന്ത്യ മാനവവിഭവശേഷി കൂട്ടുന്നത് ഗംഭീരമാണ്' എന്നും സല്‍മാന്‍ ബട്ട് കൂട്ടിച്ചേര്‍ത്തു. 

സിംബാബ്‌വെ പര്യടനത്തിനും ഏഷ്യാ കപ്പിനും ഏറെ വ്യത്യസ്തതകളുള്ള ടീമിനെയാണ് സെലക്ടര്‍മാര്‍ പ്രഖ്യാപിച്ചത്. സിംബാബ്‌വെക്കെതിരെ ഏകദിന മത്സരങ്ങളാണെങ്കില്‍ ഏഷ്യാ കപ്പ് ടി20 ഫോര്‍മാറ്റിലാണ് നടക്കുക. രോഹിത് ശര്‍മ്മയുടെ ക്യാപ്റ്റന്‍സിയില്‍ ഏഷ്യാ കപ്പില്‍ ഇന്ത്യ ഇറങ്ങുമ്പോള്‍ സിംബാബ്‌വെയില്‍ ടീമിനെ നയിക്കുക കെ എല്‍ രാഹുലാണ്. സിംബാബ്‌വെയില്‍ വിവിഎസ് ലക്ഷ്‌മണ്‍ പരിശീലകനാകുമ്പോള്‍ യുഎഇയിലെ ഏഷ്യാ കപ്പില്‍ രാഹുല്‍ ദ്രാവിഡ് കോച്ചായി മടങ്ങിയെത്തും. 

ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ സ്‌ക്വാഡ്: രോഹിത് ശര്‍മ്മ(ക്യാപ്റ്റന്‍), കെ എല്‍ രാഹുല്‍(വൈസ് ക്യാപ്റ്റന്‍), വിരാട് കോലി, സൂര്യകുമാര്‍ യാദവ്, ദീപക് ഹൂഡ, റിഷഭ് പന്ത്(വിക്കറ്റ് കീപ്പര്‍), ദിനേശ് കാര്‍ത്തിക്(വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ആര്‍ അശ്വിന്‍, യുസ്‌വേന്ദ്ര ചാഹല്‍, രവി ബിഷ്‌ണോയി, ഭുവനേശ്വര്‍ കുമാര്‍, അര്‍ഷ്‌ദീപ് സിംഗ്, ആവേശ് ഖാന്‍. സ്റ്റാന്‍ഡ്‌ബൈ: ശ്രേയസ് അയ്യര്‍, അക്‌സര്‍ പട്ടേല്‍, ദീപക് ചാഹര്‍.

സിംബാബ്‌വെക്കെതിരായ ഏകദിന പരമ്പരക്കുള്ള ഇന്ത്യന്‍ സ്‌ക്വാഡ്: കെ എല്‍ രാഹുല്‍(ക്യാപ്റ്റന്‍), ശിഖര്‍ ധവാന്‍(വൈസ് ക്യാപ്റ്റന്‍), റുതുരാജ് ഗെയ്‌ക്‌വാദ്, ശുഭ്‌മാന്‍ ഗില്‍, ദീപക് ഹൂഡ, രാഹുല്‍ ത്രിപാഠി, ഇഷാന്‍ കിഷന്‍(വിക്കറ്റ് കീപ്പര്‍), സഞ്ജു സാംസണ്‍(വിക്കറ്റ് കീപ്പര്‍), വാഷിംഗ്‌ടണ്‍ സുന്ദര്‍, ഷര്‍ദ്ദുല്‍ ഠാക്കൂര്‍, കുല്‍ദീപ് യാദവ്, അക്‌സര്‍ പട്ടേല്‍, ആവേശ് ഖാന്‍, പ്രസിദ്ധ് ക‍ൃഷ്‌ണ, മുഹമ്മദ് സിറാജ്, ദീപക് ചാഹര്‍. 

ആരാവും ക്യാപ്റ്റന്‍ രോഹിത്തിന്‍റെ പിന്‍ഗാമി; പേരുകളുമായി പാര്‍ഥീവ് പട്ടേല്‍

Follow Us:
Download App:
  • android
  • ios