കേരള ക്രിക്കറ്റ് ലീഗിൽ ട്രിവാൻഡ്രം റോയൽസിനെതിരെ കാലിക്കറ്റ് ഗ്ലോബ്‌സ്റ്റാർസിന് 13 റൺസ് ജയം. 26 

തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗില്‍ ട്രിവാന്‍ഡ്രം റോയല്‍സിനെതിരെ, കാലിക്കറ്റ് ഗ്ലോബ്‌സ്റ്റാര്‍സിന് 13 റണ്‍സ് ജയം. കാര്യവട്ടം, ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഗ്ലോബ്‌സ്റ്റാര്‍സ് ആറ് വിക്കറ്റ് നഷ്ടത്തില്‍ 186 റണ്‍സാണ് നേടിയത്. 26 പന്തില്‍ പുറത്താവാതെ 86 റണ്‍സ് അടിച്ചെടുത്ത സല്‍മാന്‍ നിസാറാണ് ടോപ് സ്‌കോറര്‍. മറുപടി ബാറ്റിംഗില്‍ റോയല്‍സ് 19.3 ഓവറില്‍ 173ന് എല്ലാവരും പുറത്തായി. അഖില്‍ സ്‌കറിയ ഗ്ലോബ്‌സ്റ്റാര്‍സിന് വേണ്ടി മൂന്ന് വിക്കറ്റ് വീഴ്ത്തി. ഏഴ് മത്സരങ്ങളില്‍ റോയല്‍സിന്റെ ആറാം തോല്‍വിയാണിത്. ഗ്ലോബ്‌സ്റ്റാര്‍സിന്റെ നാലാം ജയവും.

34 റണ്‍സ് നേടിയ സഞ്ജീവ് സതീഷനാണ് റോയല്‍സിന്റെ ടോപ് സ്‌കോറര്‍. റിയ ബഷീര്‍ (34), ബേസില്‍ തമ്പി (23), നിഖില്‍ (പുറത്താവാതെ 18), കൃഷ്ണപ്രസാദ് (18), വിഷ്ണു രാജ് (12), അനന്ത കൃഷ്ണന്‍ (11) എന്നിവരാണ് രണ്ടക്കം കണ്ട മറ്റുതാരങ്ങള്‍. അഭിജിത് പ്രവീണ്‍ (0), വിനില്‍ ടിഎസ് (0) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. അഖിലിന് പുറമെ ഇബ്‌നുള്‍ അഫ്താബ്, ഹരികൃഷ്ണന്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. നേരത്തെ സല്‍മാന്‍ നിസാറിന്റെ അവിശ്വസനീയ പ്രകടമാണ് ഗ്ലോബ്‌സ്റ്റാര്‍സിന് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്.

രണ്ട് ഓവറില്‍ 11 സിക്‌സുകള്‍ പായിച്ച് സല്‍മാന്‍ ടീമിനെ മികച്ച സ്‌കോറിലേക്ക് നയിക്കുകയായിരുന്നു. 19-ാം ഓവറില്‍ ബേസില്‍ തമ്പിക്കെതിരെ അഞ്ച് സിക്‌സും തൊട്ടടുത്ത ഓവറില്‍ അഭിജിത് പ്രവീണിനെതിരെ ആറ് സിക്‌സും നേടി. 26 പന്തില്‍ 86 റണ്‍സുമായി സല്‍മാന്‍ പുറത്താവാതെ നിന്നു. 12 സിക്‌സുകളാണ് ഒന്നാകെ സല്‍മാന്‍ നേടിയത്. 18 ഓവര്‍ പൂര്‍ത്തിയാവുമ്പോള്‍ ആറിന് 115 എന്ന നിലയിലായിരുന്നു ഗ്ലോബ്‌സ്റ്റാര്‍സ്. അടുത്ത രണ്ട് ഓവറില്‍ പിറന്നത് 71 റണ്‍സ്. ഇതില്‍ 69 റണ്‍സും സല്‍മാന്റെ സംഭാവനയായിരുന്നു. രണ്ട് എക്‌സ്‌ട്രോ. മോനു കൃഷ്ണ (0) നോണ്‍ സ്‌ട്രൈക്ക് എന്‍ഡില്‍ കാഴ്ച്ചക്കാരനായി നിന്നു.

പതിഞ്ഞ തുടക്കമായിരുന്നു ഗ്ലോബ്സ്റ്റാര്‍സിന്. കൃത്യമായ ഇടവേളികളില്‍ അവര്‍ക്ക് വിക്കറ്റ് നഷ്ടമായികൊണ്ടിരുന്നു. ഓപ്പണര്‍മാരായ പ്രതീഷ് പവന്‍ (7), രോഹന്‍ കുന്നുമ്മല്‍ (11), അഖില്‍ സ്‌കറിയ (6), സുരേഷ് സച്ചിന്‍ (8) എന്നിവര്‍ക്ക് തിളങ്ങാനായില്ല. ഇതോടെ നാലിന് 76 എന്ന നിലയിലായി ഗ്ലോബ്‌സ്റ്റാര്‍സ്. അജിനാസിന് 51 റണ്‍സ് നേടിയെങ്കിലും ഏകദിന ശൈലിയിലായിരുന്നു ബാറ്റിംഗ്. 50 പന്തുകള്‍ താരം നേരിട്ടു. അജിനാസ് മടങ്ങിയതിന് പിന്നാലെ മുഹമ്മദ് അന്‍ഫലും (2) നിരാശപ്പെടുത്തി. പിന്നീടായിരുന്നു സല്‍മാന്‍ സിക്‌സര്‍ പൂരം. 40 റണ്‍സാണ് അഭിജിത് പ്രവീണ്‍ അവസാന ഓവറില്‍ മാത്രം വിട്ടുകൊടുത്തത്. ബേസിലിന്റെ ഒരോവറില്‍ 31 റണ്‍സും.

ട്രിവാന്‍ഡ്രം റോയല്‍സ്: കൃഷ്ണ പ്രസാദ് (ക്യാപ്റ്റന്‍), അബ്ദുള്‍ ബാസിത്ത്, റിയ ബഷീര്‍, സഞ്ജീവ് സതരേശന്‍, നിഖില്‍ എം, വിഷ്ണു രാജ് (വിക്കറ്റ് കീപ്പര്‍), വിനില്‍ ഠട, ബേസില്‍ തമ്പി, അഭിജിത്ത് പ്രവീണ്‍ വി, അജിത് വാസുദേവന്‍, ആസിഫ് സലാം.

കാലിക്കറ്റ് ഗ്ലോബ്‌സ്റ്റാര്‍സ്: സുരേഷ് സച്ചിന്‍, രോഹന്‍ കുന്നുമ്മല്‍ (ക്യാപ്റ്റന്‍), അജിനാസ് (വിക്കറ്റ് കീപ്പര്‍), അഖില്‍ സ്‌കറിയ, പ്രീതീഷ് പവന്‍, സല്‍മാന്‍ നിസാര്‍, പള്ളം മുഹമ്മദ് അന്‍ഫല്‍, മോനു കൃഷ്ണ, ഹരികൃഷ്ണന്‍ ങഡ, സുധേശന്‍ മിഥുന്‍, അഖില്‍ ദേവ്.

YouTube video player