ഏഷ്യാ കപ്പില്‍ സഞ്ജു സാംസണ്‍ പ്ലേയിംഗ് ഇലവനില്‍ ഇടം നേടാനുള്ള സാധ്യത കുറവാണെന്ന് ആര്‍ അശ്വിന്‍. ശുഭ്മാന്‍ ഗില്ലിനെ വൈസ് ക്യാപ്റ്റനാക്കിയതോടെയാണ് സഞ്ജുവിന്‍റെ സ്ഥാനം ഭീഷണിയിലായത്.

ചെന്നൈ: അടുത്തമാസം നടക്കുന്ന ഏഷ്യാ കപ്പിനുള്ള 15 അംഗ ടീമിലെത്തിയെങ്കിലും സഞ്ജു സാംസണ്‍ പ്ലേയിംഗ് ഇലവനിലെത്താനുള്ള സാധ്യതയില്ലെന്ന് മുന്‍ ഇന്ത്യൻ താരം ആര്‍ അശ്വിന്‍. ശുഭ്മാന്‍ ഗില്ലിനെ വൈസ് ക്യാപ്റ്റനായി പ്രഖ്യാപിച്ചതിലൂടെ ടീമില്‍ സഞ്ജുവിന്‍റെ സ്ഥാനമാണ് ഭീഷണിയിലായതെന്നും അശ്വിന്‍ യുട്യൂബ് ചാനലില്‍ പറഞ്ഞു. സങ്കടകരമായ കാര്യം എന്താണെന്ന് വെച്ചാല്‍, ശുഭ്മാന്‍ ഗില്ലിനെ വൈസ് ക്യാപ്റ്റനാക്കിയതോടെ പ്ലേയിംഗ് ഇലവനിലെ സഞ്ജുവിന്‍റെ സ്ഥാനമാണ് ത്രിശങ്കുവിലായത്. സഞ്ജു പ്ലേയിംഗ് ഇലവനില്‍ കളിക്കാൻ സാധ്യതയില്ല. ശുഭ്മാന്‍ ഗില്‍ തന്നെ ഓപ്പണറായി ഇറങ്ങുമെന്നാണ് ഞാന്‍ കരുതുന്നത്.

സഞ്ജുവിനെ ഓപ്പണറാക്കി ഗില്‍ മൂന്നാം നമ്പറില്‍ ഇറങ്ങാനുള്ള സാധ്യത ഞാന്‍ കാണുന്നില്ല. അതുപോലെ സഞ്ജുവിനെ ബാറ്റിംഗ് ഓര്‍ഡറില്‍ ആദ്യ നാലില്‍ കളിപ്പിച്ചില്ലെങ്കില്‍ പ്ലേയിംഗ് ഇലവനില്‍ കളിപ്പിക്കാനിടയില്ല. വിക്കറ്റ് കീപ്പറായി ജിതേഷ് ശര്‍മയാകും ടീമിലെത്തുക. ജിതേഷ് ഐപിഎല്ലില്‍ മികച്ച പ്രകടനം നടത്തിയിരുന്നു. യശസ്വി ജയ്സ്വാളും ശ്രേയസ് അയ്യരും ഏഷ്യാ കപ്പ് ടീമിലെത്തിയില്ല എന്നത് നിര്‍ഭാഗ്യകരമായ കാര്യമാണ്. അതുപോലെ ശുഭ്മാൻ ഗില്ലിനെ ഏഷ്യാ കപ്പ് ടീമിലെത്തിയതിനെയും അശ്വിന്‍ പിന്തുണച്ചു.

ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനായി 600ലേറെ റണ്‍സടിച്ചുകൂട്ടിയ ഗില്‍ ടി20 ടീമിലെത്താന്‍ അര്‍ഹനാണെന്നും അശ്വിന്‍ പറഞ്ഞു. ഏഷ്യാ കപ്പ് ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ അഭിഷേക് ശര്‍മക്കൊപ്പം ആരാകും ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്യുക എന്ന ചോദ്യത്തിന് ദുബായിലെ സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് കോച്ച് ഗൗതം ഗംഭീറും ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവും ചേര്‍ന്ന് തീരുമാനിക്കുമെന്നായിരുന്നു ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കറുടെ മറുപടി. സഞ്ജുവിനെ ഓപ്പണറായാണ് ടീം പരിഗണിക്കുന്നതെന്നും അഗാര്‍ക്കര്‍ വ്യക്തമാക്കിയിരുന്നു.

2024 ജൂണിന് ശേഷം ആദ്യമായാണ് ശുഭ്മാന്‍ ഗില്‍ ടി20 ടീമില്‍ തിരിച്ചെത്തുന്നത്. അടുത്ത മാസം ഒമ്പതിന് തുടങ്ങുന്ന ഏഷ്യാ കപ്പില്‍ 10ന് യുഎഇക്കെതിരെ ആണ് ഇന്ത്യയുടെ ആദ്യ മത്സരം. 14നാണ് ആരാധകര്‍ കാത്തിരിക്കുന്ന ഇന്ത്യ-പാകിസ്ഥാന്‍ പോരാട്ടം.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക