ഏഷ്യാ കപ്പ് ടീമില്‍ ഇടം ലഭിച്ചില്ലെങ്കിലും ശ്രേയസ് അയ്യരെ രോഹിത് ശര്‍മയുടെ പിന്‍ഗാമിയായി ഏകദിന ടീം നായകനായി നിയമിക്കുമെന്ന് റിപ്പോര്‍ട്ട്. ടി20 നായകനായി ശുഭ്മാന്‍ ഗില്ലിനെയും പരിഗണിക്കുന്നു.
മുംബൈ: ഏഷ്യാ കപ്പ് ടീമില്‍ ഇടം ലഭിച്ചില്ലെങ്കിലും ശ്രേയസ് അയ്യരെ കാത്തിരിക്കുന്നത് പുതിയ ചുമതലയെന്ന് റിപ്പോര്‍ട്ട്. ശ്രേയസ് അയ്യരെ രോഹിത് ശര്‍മയുടെ പിന്‍ഗാമിയായി ഏകദിന ടീം നായകനായി നിയമിക്കുമെന്ന് ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് ദൈനിക് ജാഗരണ്‍ റിപ്പോര്‍ട്ട് ചെയ്തു. സൂര്യകുമാര്‍ യാദവിന്‍റെ പിന്‍ഗാമിയായി ശുഭ്മാന്‍ ഗില്ലിനെ ടി20 നായകനാക്കാനും രോഹിത്തിന്‍റെ പിന്‍ഗാമിയായി ശ്രേയസിനെ ഏകദിന നായകനാക്കാനുമാണ് ബിസിസിഐ ആലോചിക്കുന്നത്. മൂന്ന് ഫോര്‍മാറ്റിലുമായി രണ്ട് നായകന്‍മാര്‍ എന്നതാണ് ബിസിസിഐ നയമെന്നാണ് റിപ്പോര്‍ട്ട്. പ്രായം കണക്കിലെടുത്താല്‍ 30കാരനായ ശ്രേയസിനും 25കാരനായ ഗില്ലിനും ഇന്ത്യയെ ദീര്‍ഘകാലം നയിക്കാനാകുമെന്നും ബിസിസിഐ വിലയിരുത്തുന്നു.
അടുത്ത ടി20 ലോകകപ്പില്‍ ഇന്ത്യ ഗില്ലിന് കീഴിലാകുമോ കളിക്കാനറിങ്ങുക എന്ന കാര്യം വ്യക്തമല്ല. ഏഷ്യാ കപ്പ് കഴിഞ്ഞതിനുശേഷമാകും സൂര്യകുമാര്‍ യാദവ് ടി20 നായകനായി തുടരുന്ന കാര്യത്തില്‍ ബിസിസിഐ തീരുമാനമെടുക്കുക. 2027ലെ ഏകദിന ലോകകപ്പില്‍ കളിക്കാന്‍ ആഗ്രഹിക്കുന്ന രോഹിത് ശര്‍മയാകട്ടെ ഒക്ടോബറില്‍ ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലാകും അടുത്ത് കളിക്കാനിറങ്ങുക.
ഓസ്ട്രേലിയയില്‍ നടക്കുന്ന മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര രോഹിത്തിന്‍റെ ഏകദിന കരിയറിനെ സംബന്ധിച്ചിടത്തോളവും നിര്‍ണായകമാണ്. ഈ പരമ്പരയില്‍ മികവ് കാട്ടാനായില്ലെങ്കില്‍ 38കാരനായ രോഹിത്തിന് മേല്‍ വിരമിക്കാനുള്ള സമ്മര്‍ദ്ദമേറും. 2027 ലോകകപ്പിന് ഇനിയും രണ്ട് വര്‍ഷം ബാക്കിയുണ്ടെന്നതും രോഹിത്തിന് വെല്ലുവിളിയാണ്. എങ്കിലും ശ്രേയസിനെ ഏകദിന ടീം ക്യാപ്റ്റനാക്കുന്ന കാര്യത്തിൽ രോഹിത്തിന്‍റെ തീരുമാനം വരുന്നതുവരെ കാത്തിരിക്കാനാണ് ബിസിസിഐ തിരുമാനം.
ഐപിഎല്ലില്‍ കളിക്കാരനായും ക്യാപ്റ്റനായും മികവ് കാട്ടിയിട്ടും ശ്രേയസിനെ ഏഷ്യാ കപ്പ് ടീമിലെടുക്കാതിരുന്നതിനെതിരെ വിമര്‍ശനമുയര്‍ന്നിരുന്നു. പല മുന്‍ താരങ്ങളും സെലക്ടര്‍മാരുടെ തീരുമാനത്തിനെതിരെ പരസ്യമായി രംഗത്തെത്തുകയും ചെയ്തിരുന്നു. ഈ പശ്ചാത്തലത്തില്‍ കൂടിയാണ് ബിസിസിഐയുടെ നിര്‍ണായക നീക്കമെന്നാണ് സൂചന.


