സൂര്യകുമാർ യാദവും തിലക് വർമയും യഥാക്രമം മൂന്നും നാലും സ്ഥാനങ്ങളിൽ ഇറങ്ങുന്നതിനാൽ സഞ്ജു സാംസൺ അഞ്ചാം നമ്പറിൽ തന്നെ തുടരുമെന്ന് സഹപരിശീലകൻ റിയാൻ ടെൻ ഡോഷെറ്റെ വ്യക്തമാക്കി. 

ദുബായ്: സഞ്ജു സാംസണെ മധ്യനിരയില്‍ കളിപ്പിക്കുന്നതിനെക്കുറിച്ച് തുറന്നു പറഞ്ഞ് ഇന്ത്യയുടെ സഹപരിശീലകന്‍ റിയാന്‍ ടെന്‍ ഡോഷെറ്റെ. സൂര്യകുമാര്‍ യാദവ് മൂന്നാമതും തിലക് വര്‍മ നാലാമതും എത്തുമ്പോള്‍ വരും മത്സരങ്ങളിലും സഞ്ജു സാംസണ്‍ അഞ്ചാം നമ്പറില്‍ തന്നെ കളിക്കുമെന്ന് ഡോഷെറ്റെ പറഞ്ഞു. അഞ്ചാം നമ്പറില്‍ കളിക്കുന്നതിന് സഞ്ജു തന്നെയാണ് ഏറ്റവും മികച്ച ചോയ്സെങ്കിലും ആ സ്ഥാനത്ത് കളിച്ച് പരിയചമില്ലാത്ത സഞ്ജു പുതിയ പൊസിഷനുമായി പൊരുത്തപ്പെട്ട് കൊണ്ടിരിക്കുകയാണെന്നും ഡോഷെറ്റെ മാധ്യമങ്ങളോട് പറഞ്ഞു.

പാകിസ്ഥാനെതിരെ അഞ്ചാം നമ്പറില്‍ ബാറ്റിംഗിനിറങ്ങിയ സഞ്ജുവിന് 17 പന്തില്‍ 13 റണ്‍സെ നേടാനായിരുന്നുള്ളു. പാകിസ്ഥാനെതിരായ മത്സരത്തിന്‍റെ അവസാനമായപ്പോഴേക്കും ബാറ്റിംഗ് അത്ര എളുപ്പമായിരുന്നില്ലെന്ന് ഡോഷെറ്റെ പറഞ്ഞു. ഗില്ലും അഭിഷേകും ഓപ്പണര്‍മാരാകുകയും സൂര്യയും തിലകും മൂന്നാമതും നാലാമതും ഇറങ്ങുകയും ചെയ്യുമ്പോള്‍ അഞ്ചാം നമ്പറില്‍ കളിക്കാനുള്ള താരത്തെയാണ് ടീം നോക്കുന്നത്. സഞ്ജു തന്നെയാണ് ആ പൊസിഷനില്‍ മികച്ചതെന്നാണ് ടീമിന്‍റെ വിലയിരുത്തല്‍. അതില്‍ ഞങ്ങള്‍ക്ക് സംശയമൊന്നുമില്ല. പുതിയ പൊസിഷനുമായി സഞ്ജു പൊരുത്തപ്പെട്ടുകൊണ്ടിരക്കുകയാണ്. ആ സ്ഥാനത്ത് എങ്ങനെ കളിക്കുമെന്ന് സഞ്ജു വരും മത്സരങ്ങളിൽ പഠിച്ചെടുക്കുമെന്നാണ് കരുതുന്നത്.

ബംഗ്ലാദേശിനെതിരായ അടുത്ത മത്സരത്തിലും ടീമിന്‍റെ സമീപനത്തില്‍ മാറ്റമുണ്ടാകില്ല. എല്ലാവരെയും ബഹുമാനിക്കുമെങ്കിലും ആരെയും ഭയമില്ല. പാകിസ്ഥാനെതിരായ ഇന്ത്യയുടെ പ്രകടനത്തില്‍ പൂര്‍ണതൃപ്തിയില്ലെന്നും ഡോഷെറ്റെ പറഞ്ഞു. പാകിസ്ഥാനെതിരായ മത്സരത്തില്‍ ഇന്ത്യ നിരവധി ക്യാച്ചുകള്‍ നഷ്ടമാക്കിയിരുന്നു. അതുകൊണ്ട് തന്നെ പാകിസ്ഥാനെതിരായ മത്സത്തില്‍ പൂര്‍ണ തൃപ്തിയില്ല. ടീം മീറ്റിംഗിലും ഇക്കാര്യം ചര്‍ച്ചയായിരുന്നു. എതിരാളികള്‍ ബംഗ്ലാദേശ് ആയാലും ഒമാന്‍ ആയാലും ടീമിന്‍റെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കാനാണ് ശ്രമിക്കുകയെന്നും ഡോഷെറ്റെ പറഞ്ഞു. സൂപ്പര്‍ ഫോറിലെ ആദ്യ മത്സരത്തില്‍ പാകിസ്ഥാനെ തോല്‍പിച്ച ഇന്ത്യക്ക് ഇന്ന് ബംഗ്ലാദേശിനെ തോല്‍പിച്ചാൽ ഫൈനലുറപ്പിക്കാം.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക