പരിക്കില്‍ നിന്ന് പൂര്‍ണമായി മുക്തനായ സഞ്ജു സാംസണ്‍ ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലൂടെ ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്തുമെന്നാണ് സൂചന.

ബംഗളൂരു: ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയില്‍ സഞ്ജു സാംസണും ജസ്പ്രീത് ബുമ്രയും തിരിച്ചെത്തിയേക്കും. കഴിഞ്ഞ ദിവസം മലയാളി താരം ഫിറ്റ്‌നസ് വീണ്ടെടുത്തിരുന്നു. ശ്രീലങ്കയ്‌ക്കെതിരായ ആദ്യ ടി20 മത്സരത്തില്‍ ഫീല്‍ഡ് ചെയ്യുന്നതിനിടെയാണ് സഞ്ജുവിന്റെ കാല്‍മുട്ടിന് പരിക്കേല്‍ക്കുന്നത്. പിന്നാലെ ന്യുസീലന്‍ഡിനെതിരായ ഏകദിന- ടി20 പരമ്പരകള്‍ കൂടി നഷ്ടമായി. മാത്രമല്ല, കേരളത്തിനായി രഞ്ജി ട്രോഫിയിലും താരത്തിന് കളിക്കാന്‍ സാധിച്ചില്ല. 

പരിക്കില്‍ നിന്ന് പൂര്‍ണമായി മുക്തനായ സഞ്ജു സാംസണ്‍ ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലൂടെ ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്തുമെന്നാണ് സൂചന. റിഷഭ് പന്ത് ചികിത്സയിലായതിനാല്‍ വിക്കറ്റ് കീപ്പറായി പരിഗണിക്കുന്നതില്‍ മുന്നില്‍ സഞ്ജു തന്നെയാണ്. ദേശീയക്രിക്കറ്റ് അക്കാദമിയില്‍ തിരിച്ചെത്തിയ മലയാളി താരം ഫിറ്റ്‌നസ് ടെസ്റ്റും വിജയിച്ചു. ലോകകപ്പ് ടീമില്‍ സ്ഥാനമുറപ്പിക്കാന്‍ ഐപിഎല്ലിന് മുമ്പ് സഞ്ജു സാംസണുള്ള അവസാന അവസരമാണ് ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പര.

നാല് ടെസ്റ്റുകള്‍ക്ക് ശേഷമാണ് മൂന്ന് മത്സരങ്ങളുള്ള ഏകദിന പരന്പര നടക്കുക. പരിക്കേറ്റ് ചികിത്സയിലുള്ള ജസ്പ്രീത് ബുമ്രയും ഓസ്‌ട്രേലിയക്കെതിരെ തിരിച്ചെത്താന്‍ കാത്തിരിക്കുകയാണ്. പുറംവേദന പൂര്‍ണമായി മാറാന്‍ സമയമെടുക്കുന്നതിനാല്‍ ഒരു മാസത്തിന് ശേഷം ഫിറ്റ്‌നസ് പരിശോധന നോക്കി മാത്രമേ കളിക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കൂ. ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ പരിചരണത്തിലുള്ള ശ്രേയസ് അയ്യരുടെ മെഡിക്കല്‍ റിപ്പോര്‍ട്ട് പരിശോധിച്ച ശേഷം പകരക്കാരന്റെ കാര്യത്തിലും ബിസിസിഐ തീരുമാനമെടുക്കും.

പുറംവേദനയെ തുടര്‍ന്നാണ് ശ്രേയസിന് ന്യൂസിലന്‍ഡിനെതരായ പരമ്പയില്‍ നിന്ന് പിന്മാറേണ്ടിവന്നത്. പിന്നാലെ നാഷണല്‍ ക്രിക്കറ്റ് അക്കാദമിയിലെത്തിയിരുന്നു ശ്രേയസ്. പിന്നാലെ ഏകദിന പരമ്പയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ രജത് പടിദാറിനെ ഉള്‍പ്പെടുത്തി. എന്നാല്‍ കളിക്കാന്‍ അവസരം ലഭിച്ചിരുന്നില്ല. അടുത്തിടെ റിതുരാജ് ഗെയ്കവാദിനും പരിക്കേറ്റിരുന്നു. കിവീസിനെതിരായ ടി20 പരമ്പരയ്ക്ക് തൊട്ടുമുമ്പായിരുന്നു അത്. ക്യാംപ് വിട്ട ഗെയ്കവാദ് നിലവില്‍ എന്‍സിഎയിലാണ്.

ജയിലിലെ ഫുട്ബോള്‍ ടീമില്‍ അരങ്ങേറി ഡാനി ആല്‍വസ്, ജയിലില്‍ കൂട്ട് റൊണാള്‍ഡീഞ്ഞോയുടെ ബോഡി ഗാര്‍ഡ്