ഏറെ നാളായി ക്രിക്കറ്റ് ലോകത്ത് ഉയരുന്ന അഭ്യൂഹങ്ങളിലൊന്നാണ് സഞ്ജു ചെന്നൈയിലേക്ക് എത്തുമെന്നത്
രാജസ്ഥാൻ റോയല്‍സിനെതിരായ മത്സരത്തിന് ശേഷം ചെന്നൈ സൂപ്പര്‍ കിംഗ്‌സ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ഒരു റീല്‍ ആരാധകര്‍ക്കിടയില്‍ വലിയ സ്വീകാര്യത നേടിയിരുന്നു. രാജസ്ഥാന്റെ മുൻ താരവും സ്പിന്നറുമായ രവിചന്ദ്രൻ അശ്വിനും സഞ്ജു സാംസണും തമ്മില്‍ സംസാരിക്കുന്ന വീഡിയോയായിരുന്നു ചെന്നൈ പങ്കുവെച്ചത്. ആവേശം എന്ന മലയാളം സിനിമയിലെ ഗാനവും പശ്ചാത്തലസംഗീതമായി നല്‍കിയാണ് വീഡിയോ പുറത്തുവിട്ടത്.
അണ്ണനും ചേട്ടനും എന്ന തലക്കെട്ടായിരുന്നു വീഡിയോയ്ക്ക് നല്‍കിയിരുന്നത്. സ്നേഹം കൊണ്ട് ചേര്‍ന്നവരെന്നും കൂട്ടിച്ചേര്‍ത്തിരുന്നു തലവാചകത്തില്‍.
എന്നാല്‍ വീഡിയോയുടെ താഴെ കമന്റ് ബോക്സില്‍ ചെന്നൈ ആരാധകര്‍ കൂട്ടാമായി ഒരു ആവശ്യം ഉന്നയിച്ചു. അത് മറ്റൊന്നുമായിരുന്നില്ല. സഞ്ജു സാംസണെ അടുത്ത സീസണില്‍ ചെന്നൈയിലെത്തിക്കണമെന്നായിരുന്നു. താരത്തെ മഞ്ഞ ജഴ്സിയില്‍ കാണാൻ ആഗ്രഹിക്കുന്നുവെന്ന് ആരാധകര്‍ പലരും കമന്റ് ചെയ്യുകയുമുണ്ടായി. എംഎസ് ധോണിക്ക് ശേഷം ചെന്നൈയുടെ നായകാനാകാൻ സഞ്ജു തന്നെ വരണമെന്നും പലരും കമന്റ് ചെയ്തു.
ഏറെ നാളായി ക്രിക്കറ്റ് ലോകത്ത് ഉയരുന്ന അഭ്യൂഹങ്ങളിലൊന്നാണ് സഞ്ജു ചെന്നൈയിലേക്ക് എത്തുമെന്നത്. ധോണിക്ക് ശേഷം മികച്ച ഒരു നായകനെ കണ്ടെത്താൻ ചെന്നൈക്ക് കഴിഞ്ഞിരുന്നില്ല. രവീന്ദ്ര ജഡേജ, റുതുരാജ് ഗെയ്ക്വാദ് എന്നിവരെ പരീക്ഷിച്ചെങ്കിലും പ്രതീക്ഷിച്ച മുന്നേറ്റം കാഴ്ചവെക്കാൻ സീസണിലാകാതെ പോയിരുന്നു.
മറുവശത്ത് രാജസ്ഥാനെ പലതവണ പ്ലേ ഓഫിലെത്തിച്ച നായകനാണ് സഞ്ജു. ഒരുതവണ കിരീടത്തിന്റെ തൊട്ടരികിലായിരുന്നു സഞ്ജുവും സംഘവും വീണത്. ഈ സീസണില്‍ ഒൻപതാം സ്ഥാനത്തായിരുന്നു രാജസ്ഥാൻ ടൂര്‍ണമെന്റ് അവസാനിപ്പിച്ചത്. ടീമിനുള്ളില്‍ തന്നെ വലിയ അഭിപ്രായ ഭിന്നതയുണ്ടെന്ന് സൂചനകള്‍ പുറത്ത് വന്നിരുന്നു.
സഞ്ജുവിന്റെ അഭാവത്തില്‍ റിയാൻ പരാഗിനെ നായകനാക്കിയതില്‍ ആരാധകര്‍ വലിയ പ്രതിഷേധം നടത്തി. യശസ്വി ജയ്സ്വാളിനെ പോലെ അന്താരാഷ്ട്ര തലത്തില്‍ പരിചയസമ്പത്തുള്ള ഒരാള്‍ ഉള്ളപ്പോഴാണ് പരാഗിനെ നായകനാക്കിയതെന്നായിരുന്നു വിമര്‍ശനം. അടുത്ത സീസണില്‍ സഞ്ജുവും ജയ്സ്വാളും ടീമിലുണ്ടാകാനുള്ള സാധ്യത കുറവാണെന്നും റിപ്പോര്‍ട്ടുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു.


