ഏഷ്യാ കപ്പില്‍ സഞ്ജു സാംസണ്‍ ഇന്ത്യയുടെ പ്രധാന വിക്കറ്റ് കീപ്പറായേക്കുമെന്ന് റിപ്പോര്‍ട്ട്. 

മുംബൈ: ഏഷ്യാ കപ്പില്‍ സഞ്ജു സാംസണ്‍ ഇന്ത്യയുടെ പ്രധാന വിക്കറ്റ് കീപ്പറായേക്കുമെന്ന് റിപ്പോര്‍ട്ട്. ടെസ്റ്റ് ടീം വിക്കറ്റ് കീപ്പറായ റിഷഭ് പന്തിനെ ടീമിലേക്ക് പരിഗണിച്ചേക്കില്ല. അടുത്തിടെ ഇന്ത്യക്ക് വേണ്ടി ടി20 കളിച്ച താരങ്ങളെല്ലാം ടീമില്‍ ഉള്‍പ്പെട്ടേക്കും. സൂര്യകുമാര്‍ യാദവ് ഇന്ത്യയെ നയിക്കും. ടെസ്റ്റ് ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലിനേയും കെ എല്‍് രാഹുലിനേയും പരിഗണിക്കുമോ എന്ന് കണ്ടറിയണം. ബാക്ക് അപ്പ് വിക്കറ്റ് കീപ്പറായി രാഹുല്‍ ടീമിലെത്താന്‍ സാധ്യത ഏറെയാണ്.

യുഎഇയിലെ പിച്ചും ആറ് മാസത്തിനുള്ളില്‍ നടക്കാനിരിക്കുന്ന ടി20 ലോകകപ്പും മുന്നില്‍ കണ്ടുകൊണ്ടാണ് സെലക്റ്റര്‍മാര്‍ ടീം തെരഞ്ഞെടുക്കുക. ഇന്ത്യയുടെ ടി20 ടീമില്‍ യശസ്വി ജയ്‌സ്വാള്‍, ശുഭ്മാന്‍ ഗില്‍, സായ് സുദര്‍ശന്‍ എന്നിവരെ ഉള്‍പ്പെടുത്തിയേക്കുമെന്നുള്ള വാര്‍ത്തകളുണ്ടായിരുന്നു. ഇംഗ്ലണ്ടിനെതിരായ അഞ്ച് ടെസ്റ്റ് പരമ്പരയ്ക്ക് ശേഷം ഇവര്‍ക്ക് ഒരു മാസം വിശ്രമം ലഭിക്കും. അതുകൊണ്ടുതന്നെ ജോലി ഭാരത്തിന്റെ പേരും പറഞ്ഞ് ഒഴിവാക്കേണ്ടതില്ലെന്നായിരുന്ന വാര്‍ത്തുകള്‍. ഈ മാസാവസാനം ടീമിനെ തെരഞ്ഞെടുക്കും. നിലവില്‍ സഞ്ജു സാംസണും അഭിഷേക് ശര്‍മയുമാണ് ടി20 ടീമില്‍ ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്യുന്നത്.

കഴിഞ്ഞ ഐപിഎല്‍ ജയ്‌സ്വാള്‍ 160 സ്ട്രൈക്ക് റേറ്റില്‍ 559 റണ്‍സ് നേടിയിരുന്നു. അതേസമയം ഗില്‍ 15 കളികളില്‍ നിന്ന് 155-ലധികം സ്ട്രൈക്ക് റേറ്റില്‍ 650 റണ്‍സ് നേടിയിരുന്നു. ഗുജറാത്ത് ടൈറ്റന്‍സില്‍ ഗില്ലിന്റെ ഓപ്പണിംഗ് പങ്കാളിയായ സുദര്‍ശന്‍ 759 റണ്‍സോടെ ഓറഞ്ച് ക്യാപ്പുമായി മടങ്ങി.

മൂവരേയും ടീമില്‍ ഉള്‍പ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് പേര് വെളിപ്പെടുത്താത്ത ബിസിസിഐ ഉദ്യോഗസ്ഥന്‍ വ്യക്തമാക്കിയതിങ്ങനെ. ''അഞ്ച് ആഴ്ചത്തെ ഇടവേളയില്‍ ഇന്ത്യക്ക് ക്രിക്കറ്റ് മത്സരങ്ങളൊന്നുമില്ല. സഞ്ജു സാംസണും അഭിഷേക് ശര്‍മയും മികച്ച ഫോമിലാണെങ്കില്‍ കൂടി മൂവരേയും ടീമില്‍ ഉള്‍പ്പെടുത്തിയേക്കും. ഇന്ത്യ ഫൈനലില്‍ എത്തുകയാണെങ്കില്‍ ആറ് മത്സരങ്ങളാണ് ടീമിന് കളിക്കേണ്ടിവരിക. അതൊരിക്കലും ജോലിഭാരമാകില്ല. ഏഷ്യാ കപ്പിന് 17 അംഗ ടീമിനെയാണ് തെരഞ്ഞെടുക്കേണ്ടത്. സെലക്റ്റര്‍മാര്‍ ശ്രദ്ധയോടെ കാര്യങ്ങള്‍ തീരുമാനിക്കും.'' അദ്ദേഹം വ്യക്തമാക്കി.

YouTube video player