ആദ്യമായിട്ടല്ല കോലി ഈ രീതിയില്‍ പുറത്താവുന്നത്. പല ബൗളര്‍മാരും കോലിക്കെതിരെ ഇതേ തന്ത്രം ഉപയോഗിച്ചിട്ടുണ്ട്. എന്‍ഗിഡിയും അതേ തന്ത്രമുപയോഗിച്ച് കോലിയെ കുടുക്കി. 94 പന്തുകള്‍ നേരിട്ട് നാല് ബൗണ്ടറി ഉള്‍പ്പെടെ 35 റണ്‍സ് നേടിയിരുന്നു കോലി.

മുംബൈ: ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ആദ്യ ടെസ്റ്റില്‍ ഇന്ത്യക്ക് മികച്ച തുടക്കം ലഭിച്ചെങ്കിലും വിരാട് കോലിയുടെ (Ajit Agarkar) പുറത്താകല്‍ ആരാധകരെ ഏറെ വേദനിപ്പിച്ചു. പുറത്തായ രീതിയാണ് എല്ലാവരേയും അമ്പരിപ്പിച്ചത്. ലുംഗി എന്‍ഗിഡി (Lungi Ngidi) ഓഫ്സ്റ്റംപിന് പുറത്തെറിഞ്ഞ പന്തില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ അനാവശ്യമായി ബാറ്റ് വെക്കുകയായിരുന്നു. ആദ്യമായിട്ടല്ല കോലി ഈ രീതിയില്‍ പുറത്താവുന്നത്. പല ബൗളര്‍മാരും കോലിക്കെതിരെ ഇതേ തന്ത്രം ഉപയോഗിച്ചിട്ടുണ്ട്. എന്‍ഗിഡിയും അതേ തന്ത്രമുപയോഗിച്ച് കോലിയെ കുടുക്കി. 94 പന്തുകള്‍ നേരിട്ട് നാല് ബൗണ്ടറി ഉള്‍പ്പെടെ 35 റണ്‍സ് നേടിയിരുന്നു കോലി.

ഏറെ പരിചയസമ്പന്നനായ കോലി ഇത്തരത്തില്‍ പുറത്തായതില്‍ മുന്‍ ഇന്ത്യന്‍ താരം അജിത് അഗാര്‍ക്കറിനും ചിലത് പറയാനുണ്ട്. കോലിയുടെ സാങ്കേതിക തികവിലെ പ്രശ്‌നം ചൂണ്ടികാണിക്കുകയാണ് അഗാര്‍ക്കര്‍. ''ആദ്യം സ്പെല്ലില്‍ ഓഫ് സ്റ്റംപിലാണ് എന്‍ഗിഡി ആക്രമിച്ചത്. കോലിക്കെതിരേ എല്ലാത്തരം പന്തുകളും എന്‍ഗിഡി പ്രയോഗിച്ചു. പിന്നീട് അല്‍പ്പം കൂടി വൈഡായി എറിഞ്ഞു. കോലി അപകടകാരിയായി മാറുന്നതിന് മുമ്പ് പുറത്താക്കാന്‍ എന്‍ഗിഡിയും ക്യാപ്റ്റന്‍ ഡീന്‍ എല്‍ഗാറും ചേര്‍ന്നൊരുക്കിയ തന്ത്രം അഭിനന്ദമര്‍ഹിക്കുന്നു. ഉള്ളിലേക്ക് വരുന്ന പന്തുകള്‍ കളിക്കാന്‍ കോലിക്ക് പ്രയാസമുണ്ടെന്നാണ് ഞാന്‍ കരുതുന്നത്.'' അഗാര്‍ക്കര്‍ വ്യക്തമാക്കി.

കോലിയെ പുറത്താക്കിയ എന്‍ഗിഡിയെ മുന്‍ ദക്ഷിമാഫ്രിക്കന്‍ താരം മോര്‍ണെ മോര്‍ക്കലും പ്രശംസിച്ചിരുന്നു. ''കോലി വളരെ അപകടകാരിയായാണ് ക്രീസില്‍ നിന്നത്. അവന്റെ ശരീരഭാഷ വളരെ പോസിറ്റീവായിരുന്നു. കോലിയുടെ വിക്കറ്റ് ദക്ഷിണാഫ്രിക്കയെ സംബന്ധിച്ച് വളരെ വിലപ്പെട്ടത് തന്നെയാണ്. എന്‍ഗിഡിയുടെ തന്ത്രം എടുത്തുപറയേണ്ടതാണ്.'' മോര്‍ക്കല്‍ വ്യക്തമാക്കി. 

കോലി നിരാശപ്പെടുത്തിയെങ്കിലും കെ എല്‍ രാഹുലിന്റെ സെഞ്ചുറി ഇന്ത്യക്ക് തുണയായി. 248 പന്തുകള്‍ നേരിട്ട് 122 റണ്‍സുമായി രാഹുല്‍ ക്രീസിലുണ്ട്. 17 ഫോറും ഒരു സിക്സുമാണ് രാഹുല്‍ നേടിയത്. മായങ്ക് അഗര്‍വാള്‍ 60 റണ്‍സെടുത്ത് പുറത്തായി. ഒമ്പത് ബൗണ്ടറിയാണ് മായങ്ക് നേടിയത്. രാഹുലിനൊപ്പം അജിന്‍ക്യ രഹാനെ (40) ക്രീസിലുണ്ട്.