ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരക്കുള്ള ടീമില്‍ നിന്ന് സഞ്ജു സാംസണെ ഒഴിവാക്കിയത് തെറ്റായ തിരുമാനമാണ്. സഞ്ജു അഞ്ചാമനായോ ആറാമനായോ ആണ് ബാറ്റിംഗിനിറങ്ങുന്നത്. ആ സ്ഥാനത്ത് ജുറെലിനെക്കാള്‍ മികച്ച താരം സഞ്ജുവാണെന്ന കാര്യത്തില്‍ സംശയമില്ല.

ലക്നൗ: ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരക്കുള്ള ഇന്ത്യൻ ടീമിലേക്ക് സഞ്ജു സാംസണെ പരിഗണിക്കാതിരുന്നത് സെലക്ടര്‍മാരുടെ ആനമണ്ടത്തരമെന്ന് മുന്‍ ഇന്ത്യൻ താരം മുഹമ്മദ് കൈഫ്. ഓസ്ട്രേലിയന്‍ സാഹചര്യങ്ങളില്‍ തിളങ്ങാന്‍ കഴിയുന്ന ബാറ്ററായിരുന്നു സഞ്ജുവെന്നും കൈഫ് യൂട്യൂബ് ചാനലില്‍ പറഞ്ഞു.

സഞ്ജുവിന് പകരം ഏകദിന ടീമിലെത്തിയ ധ്രുവ് ജുറെല്‍ മികച്ച താരമാണ്. വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റില്‍ പിഴവുകളേതുമില്ലാത്ത സെഞ്ചുറിയിലൂടെ ഭാവി താരമാണ് താനെന്ന് ജുറെല്‍ തെളിയിക്കുകയും ചെയ്തു. കിട്ടുന്ന അവസരങ്ങളിലെല്ലാം ജുറെല്‍ സ്കോര്‍ ചെയ്യുന്നുമുണ്ട്. ഇതൊക്കെയാണെങ്കിലും ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരക്കുള്ള ടീമില്‍ നിന്ന് സഞ്ജു സാംസണെ ഒഴിവാക്കിയത് തെറ്റായ തിരുമാനമാണ്. സഞ്ജു അഞ്ചാമനായോ ആറാമനായോ ആണ് ബാറ്റിംഗിനിറങ്ങുന്നത്. ആ സ്ഥാനത്ത് ജുറെലിനെക്കാള്‍ മികച്ച താരം സഞ്ജുവാണെന്ന കാര്യത്തില്‍ സംശയമില്ല. ഐപിഎല്ലിലും സ്ഥിരതയോടെ കളിക്കുന്ന താരമാണ് സഞ്ജു. ഓസ്ട്രേലിയയിലെ സാഹചര്യങ്ങളും സഞ്ജുവിന്‍റെ ബാറ്റിംഗിന് അനുകൂലമാകുമായിരുന്നു. അതുകൊണ്ട് തന്നെ അവനെ ഏകദിന ടീമിലെടുക്കാതിരുന്ന തീരുമാനം സെലക്ടര്‍മാരുടെ ആനമണ്ടത്തരമെന്നെ പറയാനാവൂവെന്നും കൈഫ് പറഞ്ഞു.

സിക്സ് അടിക്കാന്‍ കൂടി കഴിയുന്ന ഒരു താരമാണ് ബാറ്റിംഗ് ഓര്‍ഡറില്‍ അഞ്ചാമനായോ ആറാമനായോ ഇറങ്ങേണ്ടത്. പ്രത്യേകിച്ച് സ്പിന്നര്‍മാര്‍ക്കെതിരെ. ഏഷ്യാ കപ്പില്‍ സ്പിന്നര്‍മാര്‍ക്കെതിരെ സിക്സ് പറത്തുന്ന സഞ്ജുവിനെ നമ്മൾ കണ്ടതാണ്. ഓസ്ട്രേലിയക്കെതിരെ ആദം സാംപക്കെതിരെ ഇത്തരത്തില്‍ സിക്സ് പറത്താന്‍ സ‍ഞ്ജുവിന് കഴിയുമായിരുന്നു. ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ സിക്സ് അടിച്ചിട്ടുള്ള 10 താരങ്ങളിലൊരാളാണ് സഞ്ജുവെന്ന് മറക്കരുത്. അതുകൊണ്ട് തന്നെ അഞ്ചാം നമ്പറിലോ ആറാം നമ്പറിലോ പെര്‍ഫെക്ട് ഫിറ്റ് ആയിരന്നു സഞ്ജുവെന്നും കൈഫ് പറഞ്ഞു.

ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരക്കുള്ള ഇന്ത്യൻ ടീം: രോഹിത് ശർമ, വിരാട് കോലി, ശ്രേയസ് അയ്യർ (വൈസ് ക്യാപ്റ്റൻ), കെ എൽ രാഹുൽ, യശസ്വി ജയ്‌സ്വാൾ, അക്സർ പട്ടേൽ, വാഷിംഗ്ടൺ സുന്ദർ, നിതീഷ് കുമാർ റെഡ്ഡി, കുൽദീപ് യാദവ്, മുഹമ്മദ് സിറാജ്, അർഷ്ദീപ് സിംഗ്, പ്രസിദ്ധ് കൃഷ്ണ, ഹർഷിത് റാണ, ധ്രുവ് ജുറൽ.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക