ഗില്ലിന് ഇനിയും ഒരാഴ്ച കൂടി വിശ്രമം വേണമെന്നാണ് ഡോക്ടർമാർ നിർദേശിച്ചിരിക്കുന്നത്. നായകനാവുന്നതോടെ ഇന്ത്യയുടെ മുപ്പത്തിയെട്ടാമത്തെ ടെസ്റ്റ് ക്യാപ്റ്റൻ എന്നനേട്ടവും പന്തിന് സ്വന്തമാവും.
ഗുവാഹത്തി: ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ടെസ്റ്റിന് മുമ്പ് ഇന്ത്യക്ക് കനത്ത തിരിച്ചടി. ആദ്യ ടെസ്റ്റില്‍ ബാറ്റിംഗിനിടെ പരിക്കേറ്റ ക്യാപ്റ്റൻ ശുഭ്മാന്‍ ഗില്‍ രണ്ടാം ടെസ്റ്റില്‍ കളിക്കില്ല. ഗില്ലിന് പകരം വൈസ് ക്യാപ്റ്റൻ റിഷഭ് പന്താവും ഗുവാഹത്തിയില്‍ മറ്റന്നാള്‍ തുടങ്ങുന്ന രണ്ടാം ടെസ്റ്റില്‍ ഇന്ത്യയെ നയിക്കുക. ഇന്നലെ ഗുവാഹത്തിയിലെത്തിയ ഇന്ത്യൻ ക്രിക്കറ്റ് ടീമിനൊപ്പം ക്യാപ്റ്റൻ ശുഭ്മാന്‍ ഗില്ലുമുണ്ടായിരുന്നു. ഗിൽ ടീമിനൊപ്പം ഉണ്ടെങ്കിലും ഗുവാഹത്തിയിൽ കളിക്കില്ലെന്ന് ടീം മാനേജ്മെന്‍റ് വ്യക്തമാക്കിയതായി ഇന്ത്യൻ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.
ഗില്ലിന് ഇനിയും ഒരാഴ്ച കൂടി വിശ്രമം വേണമെന്നാണ് ഡോക്ടർമാർ നിർദേശിച്ചിരിക്കുന്നത്. നായകനാവുന്നതോടെ ഇന്ത്യയുടെ മുപ്പത്തിയെട്ടാമത്തെ ടെസ്റ്റ് ക്യാപ്റ്റൻ എന്നനേട്ടവും പന്തിന് സ്വന്തമാവും. ഗില്ലിന് പകരം സായ് സുദർശൻ ഇന്ത്യയുടെ പ്ലേയിംഗ് ഇലവനിലെത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഗില്ലിന്‍റെ നാലാം നമ്പറിൽ ധ്രുവ് ജുറലായിരിക്കും കളിക്കുക. കൊൽക്കത്തയിൽ തോറ്റതിനാൽ ഗുവാഹത്തിയിൽ ഇന്ത്യക്ക് ജയം അനിവാര്യമാണ്. ഗുവാഹത്തിയില്‍ തോല്‍ക്കുകയോ സമനില വഴങ്ങുകയോ ചെയ്താല്‍ ഇന്ത്യക്ക് പരമ്പര നഷ്ടമാവും.
കൊൽക്കത്തയിൽ ദക്ഷിണാഫ്രിക്കൻ സ്പിന്നർമാരാണ് ഇന്ത്യയെ നാണംകെടുത്തിയത്. ഈ സാഹചര്യത്തില്‍ ഗുവാഹത്തിയിൽ പേസും ബൗൺസുമുള്ള വിക്കറ്റ് തയ്യാറാക്കുമെന്നാണ് റിപ്പോർട്ടുകൾ. ദക്ഷിണാഫ്രിക്കൻ ടീമും ഇന്നലെ ഗുവാഹത്തിയിൽ എത്തി. പരിക്കുമൂലം ആദ്യ ടെസ്റ്റില്‍ കളിക്കാതിരുന്ന പേസര്‍ കാഗിസോ റബാഡയ്ക്ക് പകരം ലുംഗി എൻഗിഡിയെ ദക്ഷിണാഫ്രിക്ക ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഇന്ത്യ-ദക്ഷിണാഫ്രിക്ക രണ്ടാം ടെസ്റ്റ് മറ്റൊരു അപൂര്‍വതക്കും സാക്ഷ്യം വഹിക്കും. ടെസ്റ്റ് ക്രിക്കറ്റില്‍ അപൂര്‍വമായി മാത്രം സംഭവിക്കാറുള്ള ലഞ്ചിന് മുമ്പുള്ള ടീ ബ്രേക്കിനാണ് ഗുവാഹത്തിയില്‍ നടക്കുന്ന രണ്ടാം ടെസ്റ്റ് സാക്ഷ്യം വഹിക്കുക. . ഇന്ത്യയുടെ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ സൂര്യാസ്തമയം നേരത്തെയായതിനാല്‍ പ്ലേയിംഗ് കണ്ടീഷനില്‍ മാറ്റം വരുത്തിയതിനാലാണിത്. ഇത് അനുസരിച്ച് ഇന്ത്യയില്‍ സാധാരണ ടെസ്റ്റ് മത്സരങ്ങള്‍ തുടങ്ങുന്ന സമയത്തിനും അര മണിക്കൂര്‍ മുമ്പായിരിക്കും ഗുവാഹത്തി ടെസ്റ്റ് തുടങ്ങുക.


