ക്യാപ്റ്റൻ ശുഭ്മാന്‍ ഗില്ലിന്‍റെ കാര്യത്തിലെ അനിശ്ചിത്വമാണ് ടീം പ്രഖ്യാപനം നീട്ടിക്കൊണ്ടുപോകുന്നത് എന്നാമ് കരുതുന്നത്.

മുബൈ: ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരക്കുള്ള ഇന്ത്യൻ ടീമിനെ സെലക്ടര്‍മാര്‍ വരുംദിവസങ്ങളില്‍ പ്രഖ്യാപിക്കാനിരിക്കെ ടീമില്‍ എന്തൊക്കെ സര്‍പ്രൈസുകളാകും ഉണ്ടാകുക എന്നറിയാനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ദക്ഷിണാഫ്രിക്ക എ ടീമിനെതിരായ ഏകദിന പരമ്പരയില്‍ തിളങ്ങിയ താരങ്ങള്‍ക്ക് സീനിയര്‍ ടീമില്‍ ഇടം കിട്ടുമോ എന്നും ആരാധകര്‍ ഉറ്റുനോക്കുന്നു.

ക്യാപ്റ്റൻ ശുഭ്മാന്‍ ഗില്ലിന്‍റെ കാര്യത്തിലെ അനിശ്ചിത്വമാണ് ടീം പ്രഖ്യാപനം നീട്ടിക്കൊണ്ടുപോകുന്നത് എന്നാമ് കരുതുന്നത്. ഗില്‍ കളിച്ചില്ലെങ്കില്‍ രോഹിത് ശര്‍മക്കൊപ്പം ഓപ്പണറായി പകരം ആരെത്തുമെന്നതാണ് ആകാംക്ഷ. ദക്ഷിണാഫ്രിക്ക എ ടീമിനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യ എക്കായി തിളങ്ങിയ റുതുരാജ് ഗെയ്ക്‌വാദിനും യസസ്വി ജയ്സ്വാളിനുമാണ് സാധ്യത കല്‍പിക്കപ്പെടുന്നത്. ഇടം കൈയന്‍ ബാറ്ററാണെന്നത് ജയ്സ്വാളിന് അധിക ആനുകൂല്യമാണെങ്കിലും റുതുരാജിന്‍റെ മിന്നും പ്രകടനം അവഗണിക്കാനാവില്ല.

മൂന്നാം നമ്പറില്‍ കോലി സ്ഥാനം ഉറപ്പിക്കുമ്പോള്‍ നാലാം നമ്പറില്‍ ശ്രേയസ് അയ്യര്‍ക്ക് പകരം ആരെത്തുമെന്നതും കാത്തിരുന്ന് കാണണം. റിഷഭ് പന്ത് പരിക്കുമാറി തിരിച്ചെത്തിയ പശ്ചാത്തലത്തില്‍ പന്തിനെ ശ്രേയസിന് പകരം പരിഗണിക്കുമോ എന്നാണ് അറിയേണ്ടത്. പന്തിനെ പരിഗണിച്ചില്ലെങ്കില്‍ തിലക് വര്‍മയെ ആകും മധ്യനിരയിലേക്ക് പരിഗണിക്കുക. എന്നാല്‍ ദക്ഷിണാഫ്രിക്ക എക്കെതിതിരെ മികവ് കാട്ടാനായില്ലെന്നത് തിലകിന് തിരിച്ചടിയാണ്. ഗില്‍ കളിച്ചില്ലെങ്കില്‍ പകരം ക്യാപ്റ്റനാകുമെന്ന് കരുതുന്ന കെ എല്‍ രാഹുല്‍ അഞ്ചാമതെത്തുമ്പോള്‍ പരിക്കുമാറി തിരിച്ചെത്തുന്ന ഹാര്‍ദ്ദിക്കിനെ ടീമിലേക്ക് പരിഗണിക്കാനിടയില്ല. അക്സര്‍ പട്ടേല്‍ ആറാമതും നതീഷ് കുമാര്‍ റെഡ്ഡി ഏഴാമതും എത്തുന്ന ബാറ്റിംഗ് ഓര്‍ഡറില്‍ വാഷിംഗ്ടണ്‍ സുന്ദറും കുല്‍ദീപ് യാദവും ടീമിലെത്തിയേക്കുമെന്നാണ് കരുതുന്നത്.

ടി20 ലോകകപ്പ് വരാനിരിക്കുന്നതിനാല്‍ വരുണ്‍ ചക്രവര്‍ത്തിയെ ഏകദിന ടീമിലേക്ക് പരിഗണിക്കുമോ എന്ന കാര്യം സംശയമാണ്. ജസ്പ്രീത് ബുമ്രക്ക് വിശ്രമം അനുവദിച്ചാല്‍ പേസര്‍മാരായി ഹര്‍ഷിത് റാണയും മുഹമ്മദ് സിറാജും പ്രസിദ്ധ് കൃഷ്ണയുമാകും ടീമിലെത്തുക. ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയില്‍ കളിച്ച ധ്രൂവ് ജുറെലിനെ തല്‍ക്കാലം ഏകദിന ടീമിലേക്ക് പരിഗണിക്കാനിടയില്ല.

ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരക്കുള്ള ഇന്ത്യയുടെ സാധ്യതാ ടീം: രോഹിത് ശർമ്മ, യശസ്വി ജയ്‌സ്വാൾ/റുതുരാജ് ഗെയ്ക്‌വാദ്, വിരാട് കോലി, റിഷഭ് പന്ത്, തിലക് വർമ്മ, കെ എല്‍ രാഹുല്‍, നിതീഷ് കുമാർ റെഡ്ഡി, അക്സർ പട്ടേൽ, വാഷിംഗ്ടൺ സുന്ദർ, കുൽദീപ് യാദവ്, അർഷ്ദീപ് സിംഗ്, ഹർഷിത് റാണ, മുഹമ്മദ് സിറാജ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക