ലീഡ്‌സ് ടെസ്റ്റില്‍ സെഞ്ചുറി നേടിയ ശുഭ്മാന്‍ ഗില്ലിന് കറുത്ത സോക്‌സ് ധരിച്ചതിന് ഐസിസിയുടെ അച്ചടക്ക നടപടി നേരിടേണ്ടി വന്നേക്കാം.
ലണ്ടന്‍: ടെസ്റ്റ് ക്യാപ്റ്റനായുള്ള അരങ്ങേറ്റത്തില്‍ തന്നെ സെഞ്ചുറി നേടിയിരുന്നു ഇന്ത്യന്‍ നായകന്‍ ശുഭ്മാന്‍ ഗില്‍. ഇങ്ങനെ സെഞ്ചുറി നേടുന്ന നാലാമത്തെ ഇന്ത്യന്‍ താരമാണ് ഗില്‍. വിജയ് ഹസാരെ, സുനില്‍ ഗവാസ്‌കര്‍, വിരാട് കോലി എന്നിവരാണ് മുമ്പ് ഈ റെക്കോര്‍ഡ് നേടിയിരുന്നത്. ഇംഗ്ലണ്ടിനെതിരെ ലീഡ്‌സില്‍ പുരോഗമിക്കുന്ന മത്സരത്തില്‍ ആദ്യ ദിനം കളി നിര്‍ത്തുമ്പോള്‍ 127 റണ്‍സുമായി ക്രീസിലുണ്ട് താരം. ടെസ്റ്റ് കരിയറില്‍ 2000 റണ്‍സ് പൂര്‍ത്തിയാക്കാനും ഗില്ലിന് സാധിച്ചു.
ഇതിനിടെ ഇന്ത്യന്‍ ക്യാപ്റ്റന്‍ ഒരു തിരിച്ചടിയും നേരിട്ടു. ഡ്രസ് കോഡ് ചട്ടങ്ങള്‍ ലംഘിച്ചതിന് 25 കാരനായ ഗില്‍ ഐസിസിയുടെ അച്ചടക്ക നടപടി നേരിടേണ്ടി വന്നേക്കാം. മത്സരത്തിന് ഗില്‍ കറുത്ത സോക്‌സ് ധരിച്ചതാണ് പ്രശ്‌നമായത്. ടെസ്റ്റ് ക്രിക്കറ്റില്‍ കറുത്ത സോക്‌സുകള്‍ അനുവദനീയമല്ല. ഐസിസിയുടെ വസ്ത്ര ധാരണവുമായി ബന്ധപ്പെട്ട ചട്ടങ്ങള്‍ അനുസരിച്ച് ടെസ്റ്റ് മത്സരങ്ങളില്‍ താരങ്ങള്‍ വെള്ള, ക്രീം അല്ലെങ്കില്‍ ഇളം ചാരനിറത്തിലുള്ള സോക്സ് ധരിക്കേണ്ടതുണ്ട്.
ഗില്ലിന് പിഴ ചുമത്തണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് മാച്ച് റഫറി റിച്ചി റിച്ചാര്‍ഡ്സണാണ്. പിഴ ചുമത്താന്‍ തീരുമാനിച്ചാല്‍ അദ്ദേഹത്തിന്റെ മാച്ച് ഫീയുടെ 10 ശതമാനം മുതല്‍ 20 ശതമാനം വരെ അടയ്‌ക്കേണ്ടി വരും. മനപൂര്‍വമല്ലെങ്കില്‍ ഗില്ലിന് ശിക്ഷയില്‍ നിന്ന് രക്ഷപ്പെടാം. മാച്ച് റഫറി സാഹചര്യത്തെ എങ്ങനെ വ്യാഖ്യാനിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും അന്തിമഫലം. വസ്ത്രവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ക്ക് വലിയ ശിക്ഷകള്‍ കൊടുക്കാറില്ല. എന്തായാലും കാത്തിരുന്ന് കാണാം ഗില്ലിന് എന്ത് ശിക്ഷയാണ് ലഭിക്കുന്നതെന്ന്.
അതേസമയം, ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറികള്‍ നേടുന്ന താരമെന്ന നേട്ടം ഗില്ലിന് സ്വന്തമായി. മറികടന്നത് കോലിയേയും യശസ്വി ജയ്സ്വാളിനേയും. ലീഡ്‌സില്‍ ജയ്‌സ്വാളും സെഞ്ചുറി നേടിയിരുന്നു. എന്നാല്‍ ഇന്ത്യന്‍ ഓപ്പണറെ മറികടക്കാന്‍ ഗില്ലിന് അധികം സമയമെടുത്തില്ല. ഇനി രോഹിത് ശര്‍മയാണ് ഗില്ലിന് മുന്നിലുള്ള താരം. ടെസ്റ്റ് ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യയ്ക്കായി ഏറ്റവും കൂടുതല്‍ സെഞ്ചുറികള്‍ നേടിയിട്ടുള്ളത് രോഹിത് ശര്‍മയാണ്. മുന്‍ ഇന്ത്യന്‍ ടെസ്റ്റ് ക്യാപ്റ്റന്റെ പേരില്‍ ഒമ്പത് സെഞ്ചുറികളുണ്ട്.



