വനിതാ ഏകദിന ലോകകപ്പിൽ ഓസ്‌ട്രേലിയക്കെതിരെ ദക്ഷിണാഫ്രിക്ക 97 റൺസിന് പുറത്തായി. ഏഴ് വിക്കറ്റ് വീഴ്ത്തിയ ഓസീസ് സ്പിന്നർ അലാന കിംഗാണ് ദക്ഷിണാഫ്രിക്കൻ ബാറ്റിംഗ് നിരയെ തകർത്തത്.

ഇന്‍ഡോര്‍: വനിതാ ഏകദിന ലോകകപ്പില്‍ ഓസ്‌ട്രേലിയക്കെതിരായ മത്സരത്തില്‍ തകര്‍ന്നടിഞ്ഞ് ദക്ഷിണാഫ്രിക്ക. ഇന്‍ഡോര്‍, ഹോള്‍ക്കര്‍ സ്‌റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ദക്ഷിണാഫ്രിക്ക കേവലം 24 ഓവറില്‍ 97 റണ്‍സിന് പുറത്തായി. ഏഴ് വിക്കറ്റ് വീഴ്ത്തിയ ഓസീസ് സ്പിന്നര്‍ അലാന കിംഗാണ് ദക്ഷിണാഫ്രിക്കയെ തകര്‍ത്തത്. 31 റണ്‍സ് നേടിയ ലോറ വോള്‍വാര്‍ട്ടാണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്‌കോറര്‍. സിനാലോ ജാഫ്ത (29), നദീന്‍ ഡി ക്ലാര്‍ക്ക് (14) എന്നിവരാണ് രണ്ടക്കം കണ്ട മറ്റുതാരങ്ങള്‍.

ഏഴ് ഓവറില്‍ 18 റണ്‍സ് മാത്രം വഴങ്ങിയാണ് അലാന ഏഴ് വിക്കറ്റ് വീഴ്ത്തിയത്. വനിതാ ഏകദിന ചരിത്രത്തിലെ ഏറ്റവും മികച്ച നാലാമത്തെ ബൗളിംഗ് പ്രകടനമാണിത്. 2003ല്‍ പാകിസ്ഥാന്റെ സാജിദ ഷാ, ജപ്പാന്‍ വനിതകള്‍ക്കെതിരെ ഏഴ് റണ്‍സ് മാത്രം വിട്ടുകൊടുത്ത് നാല് വിക്കറ്റ് വീഴ്ത്തിയതാണ് മികച്ച പ്രകടനം. എട്ട് റണ്‍സ് വിട്ടുകൊടുത്ത് ഏഴ് പേരെ പുറത്താക്കിയ ഇംഗ്ലണ്ടിന്റെ ജോ ചേംബര്‍ലൈന്‍ രണ്ടാം സ്ഥാനത്ത്. 1991ല്‍ ഡന്‍മാര്‍ക്കിനെതിരെ ആയിരുന്നു ഈ പ്രകടനം. 2011ല്‍ പാകിസ്ഥാനെതിരെ 14 റണ്‍സ് വിട്ടുകൊടുത്ത് ഏഴ് വിക്കറ്റ് വീഴ്ത്തിയ വിന്‍ഡീസിന്റെ അനീസ മുഹമ്മദ് മൂന്നാമത്. പിന്നില്‍ അലാന. 2019ല്‍ ഇംഗ്ലണ്ടിനെതിരെ 22 റണ്‍സ് വിട്ടുകൊടുത്ത ഏഴ് വിക്കറ്റ് വീഴ്ത്തിയ ഓസീസ് താരം എല്ലിസ് പെറിയാണ് അഞ്ചാം സ്ഥാനത്ത്.

View post on Instagram

60 റണ്‍സിനിടെ ആറ് വിക്കറ്റുകള്‍ ദക്ഷിണാഫ്രിക്കയ്ക്ക് നഷ്ടമായി. ഏഴാം ഓവറില്‍ ലോറ മടങ്ങി. പുറമെ ടസ്മിന്‍ ബ്രിട്‌സ് (6), സുനെ ലുസ് (6), അന്നേരി ഡെര്‍ക്‌സെന്‍ (5), മാരിസാനെ കാപ്പ് (0), ക്ലോ ട്രൈയോണ്‍ (0) എന്നിവര്‍ക്ക് തിളങ്ങാന്‍ സാധിച്ചില്ല. തുടര്‍ന്ന് ജാഫ്ത - നദീന്‍ സഖ്യം 21 റണ്‍സ് കൂട്ടിചേര്‍ത്തു. ജാഫ്തയെ ബൗള്‍ഡാക്കി അലാന, വീണ്ടും ഓസീസിനെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നു. തുടര്‍ന്ന് വന്ന മസബാത ക്ലാസ് (4), അയബോംഗ ഖാക (0) എന്നിവര്‍ക്ക് പിടിച്ചുനില്‍ക്കാന്‍ സാധിച്ചതുമില്ല. നദീനെ, അലാന ബൗള്‍ഡാക്കുകയും ചെയ്തതോടെ ദക്ഷിണാഫ്രിക്ക കൂടാരം കയറി. നോണ്‍കുലുലേകോ മ്ലാബ (1) പുറത്താവാതെ നിന്നു. അലാനയ്ക്ക് പുറമെ മേഗന്‍ ഷട്ട്, കിം ഗാര്‍ത്, അഷ്‌ലി ഗാര്‍ഡ്‌നര്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.

YouTube video player