പവര്‍ പ്ലേയിലെ രണ്ടാം ഓവര്‍ എറിയാനെത്തിയ അഫ്രീദി തന്‍റെ ആദ്യ ഓവറില്‍ 9 റണ്‍സ് വഴങ്ങി. പിന്നീട് പതിമൂന്നാം ഓവറിലാണ് അഫ്രീദിയെ പന്തെറിയാന്‍ വിളിച്ചത്.

മെൽബൺ: ഓസ്ട്രേലിയന്‍ ടി20 ലീഗായ ബിഗ് ബാഷ് ലീഗിലെ അരങ്ങേറ്റത്തില്‍ നാണംകെട്ട് പാകിസ്ഥാന്‍ പേസര്‍ ഷഹീന്‍ ഷാ അഫ്രീദി. മെല്‍ബണ്‍ റെനെഗഡ്സിനെതിരായ മത്സരത്തില്‍ ബ്രിസ്ബേന്‍ ഹീറ്റിനായി അരങ്ങേറിയ ഷഹീന്‍ അഫ്രീദി 2.4 ഓവറില്‍ 43 റണ്‍സ് വഴങ്ങിയെങ്കിലും വിക്കറ്റൊന്നു നേടാനായില്ല. ഇതിന് പുറമെ മത്സരത്തില്‍ ബൗള്‍ ചെയ്യുന്നതില്‍ നിന്ന് വിലക്കും ലഭിച്ചു. റെനെഗഡ്സിനായി 56 പന്തില്‍ 102 റണ്‍സടിച്ച ന്യൂസിലന്‍ഡ് താരം ടിം സീഫര്‍ട്ടും 29 പന്തില്‍ 57 റണ്‍സടിച്ച ഒലിവര്‍ പീക്കും ചേര്‍ന്നാണ് അഫ്രീദിയുടെ ബിഗ് ബാഷ് അരങ്ങേറ്റം കുളമാക്കിയത്.

പവര്‍ പ്ലേയിലെ രണ്ടാം ഓവര്‍ എറിയാനെത്തിയ അഫ്രീദി തന്‍റെ ആദ്യ ഓവറില്‍ 9 റണ്‍സ് വഴങ്ങി. പിന്നീട് പതിമൂന്നാം ഓവറിലാണ് അഫ്രീദിയെ പന്തെറിയാന്‍ ബ്രിസ്ബേന്‍ ഹീറ്റ് നായകന്‍ നഥാൻ മക്സ്വീനി വിളിച്ചത്. ആ ഓവറില്‍ 19 റണ്‍സ് വഴങ്ങിയ അഫ്രീദി പതിനെട്ടാം ഓവര്‍ എറിയാനെത്തിയപ്പോഴാണ് വിലക്ക് നേരിട്ടത്. പതിനെട്ടാം ഓവറിലെ ആദ്യ പന്തില്‍ സിക്സ് വഴങ്ങിയ അഫ്രീദിയുടെ രണ്ടാം പന്തില്‍ സീഫര്‍ട്ട് സെഞ്ചുറിയിലെത്തി. പിന്നീട് രണ്ട് ഹൈ ഫുള്‍ടോസ് നോബോളുകളടക്കം തുടര്‍ച്ചയായി മൂന്ന് നോ ബോളുകളെറിഞ്ഞതോടെയാണ് അഫ്രീദിയെ മത്സരത്തില്‍ തുടര്‍ന്ന് പന്തെറിയുന്നതില്‍ നിന്ന് വിലക്കിയത്. നഥാന്‍ മക്സ്വീനിയാണ് പിന്നീട് അഫ്രീദിയുടെ ഓവര്‍ പൂർത്തിയാക്കിയത്. 2.4 ഓവര്‍ സ്പെല്ലില്‍ മൂന്ന് നോബോളും രണ്ട് വൈഡുമാണ് അഫ്രീദി എറിഞ്ഞത്. 43 റണ്‍സ് വഴങ്ങിയെങ്കിലും വിക്കറ്റൊന്നും ലഭിച്ചില്ല.

View post on Instagram

മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത റെനെഗഡ്സ് സീഫര്‍ട്ടിന്‍റെയും ഒലിവര്‍ പീക്കിന്‍റെയും ബാറ്റിംഗ് മികവില്‍ 20 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 212 റണ്‍സടിച്ചപ്പോള്‍ ബ്രിസ്ബേന്‍ ഹീറ്റിന് 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 198 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. 26 റണ്‍സായിരുന്നു ഹീറ്റിന് അവസാന ഓവറില്‍ ജയിക്കാന്‍ വേണ്ടിയിരുന്നത്. മൂന്ന് പന്ത് നേരിട്ട് അഫ്രീദി റണ്ണെടുക്കാതെ പുറത്താവുകയും ചെയ്തു. 32 പന്തില്‍ 55 റണ്‍സെടുത്ത കോളിന്‍ മണ്‍റോയും 22 പന്തില്‍ 50 റൺസടിച്ച ജിമ്മി പിയേഴ്സണും 20 പന്തില്‍ 38 റണ്‍സടിച്ച ഹഗ് വൈബ്ഗണുമാണ് ബ്രിസ്ബേനായി പൊരുതിയത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക