സാവരിയയുടെ ബൗളിംഗ് മികവ് സമൂഹമാധ്യമങ്ങളില്‍ കണ്ടാണ് ടീമുകൾ താരത്തെ ട്രയല്‍സിന് ക്ഷണിച്ചതും ലേലത്തിനായി പേര് രജിസ്റ്റര്‍ ചെയ്യാന്‍ ആവശ്യപ്പെട്ടതും.
ജയ്പൂര്‍: പ്രഫഷണല്‍ ക്രിക്കറ്റില്‍ ഇതുവരെ കളിക്കാത്ത ഒരു ലെഗ് സ്പിന്നര്‍ ഇത്തവണത്തെ ഐപിഎല്‍ മിനി താരലേലത്തിനുണ്ട്. രാജസ്ഥാനില്‍ നിന്നുള്ള ഇരുപതുകാരന്‍ ഇസാസ് സാവരിയ ആണ് ഐപിഎല്‍ ലേലത്തിന് 265-ാം നമ്പറുകാരനായി പേര് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പ്രഫഷണല്‍ ക്രിക്കറ്റില്‍ ഒരു മത്സരം പോലും കളിച്ചിട്ടില്ലെങ്കിലും സമൂാഹമാധ്യമങ്ങളില്‍ തന്‍റെ ലെഗ് സ്പിന്‍ റീലുകളിലൂടെ പ്രശസ്തനാണ് സാവരിയ.
സാവരിയയുടെ ബൗളിംഗ് മികവ് സമൂഹമാധ്യമങ്ങളില്‍ കണ്ടാണ് ടീമുകൾ താരത്തെ ട്രയല്‍സിന് ക്ഷണിച്ചതും ലേലത്തിനായി പേര് രജിസ്റ്റര്‍ ചെയ്യാന്‍ ആവശ്യപ്പെട്ടതും. രാജസ്ഥാന്‍കാരനാണെങ്കിലും എയര്‍ ഫോഴ്സ് ഉദ്യോഗസ്ഥനായ പിതാവിന്‍റെ ജോലി കര്‍ണാടകയിലായതിനാല്‍ സാവരിയ കര്‍ണാടകയിലാണ് ക്രിക്കറ്റ് കളിക്കാന്‍ തുടങ്ങിയത്. എന്നാല്‍ സ്വന്തം സംസ്ഥാനത്തിനായി കളിക്കണമെന്ന ആഗ്രഹത്തിലാണ് രാജസ്ഥാനില്‍ കളിക്കാന്‍ തുടങ്ങിയത്. പേസറായിട്ടായിരുന്നു അക്കാദമികളില്‍ തുടക്കം. എന്നാല്‍ പരിശീലകർ നിര്‍ദേശിച്ചതനസുരിച്ച് സ്പിന്നിലേക്ക് തിരിയുകയായിരുന്നുവെന്ന് സാവരിയ ന്യൂസ് 18നോട് പറഞ്ഞു.
അക്കാദമികളില്‍ പരിശീലനത്തിനിടെ ബൗള്‍ ചെയ്യുന്ന വീഡിയോകള്‍ സ്ഥിരമായി സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യാറുണ്ടായിരുന്നു. ഇത്തരത്തില്‍ പോസ്റ്റ് ചെയ്യുന്ന വീഡിയോ കണ്ട ചെന്നൈ സൂപ്പര്‍ കിംഗ്സും പഞ്ചാബ് കിംഗ്സും എന്നെ ട്രയല്‍സില്‍ പങ്കെടുക്കാന്‍ ക്ഷണിച്ചു. പഞ്ചാബ് കിംഗ്സ് എന്‍റെ ബൗളിംഗില്‍ മതിപ്പ് അറിയിച്ചു. തുടര്‍ന്ന് ഐപിഎല്‍ ലേലത്തിനായി പേര് രജിസ്റ്റര്‍ ചെയ്യാന്‍ ആവശ്യപ്പെടുകയായിരുന്നു. അവര്‍ തന്നെയാണ് രാജസ്ഥാന്‍ ക്രിക്കറ്റ് അസോസിയേഷനെ ബന്ധപ്പെട്ട് എന്‍റെ ലേലത്തിനായി എന്‍റെ പേര് രജിസ്റ്റര്‍ ചെയ്യാന്‍ വേണ്ട നടപടികള്‍ ചെയ്യാന്‍ ആവശ്യപ്പെട്ടത്. അതിനുശേഷം രാജസഥാന്‍ ക്രിക്കറ്റ് അസോസിയേഷന്‍ എന്നെ ബന്ധപ്പെട്ട് വിവരങ്ങള്‍ ശേഖരിക്കുകയായിരുന്നു.
സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത റീലുകളാണ് എനിക്ക് ഐപിഎല്‍ ലേലത്തില്‍ പങ്കെടുക്കാനുള്ള അവസരം ഒരുക്കിതന്നത്. രാജ്യത്തെ എത്രയോ പ്രതിഭകള്‍ അവസരം കിട്ടാതെ കാത്തിരിക്കുന്നുണ്ട്. അവര്‍ക്കും അവരുടെ കഴിവുകള്‍ സോഷ്യല്‍ മീഡിയ വഴി ലോകത്തിന് മുന്നില്‍ അവതരിപ്പിക്കാവുന്നതാണെന്നും സാവരിയ പറഞ്ഞു. ലേലത്തില്‍ ഏത് ടീമിലെത്താനാണ് ആഗ്രമെന്ന ചോദ്യത്തിന് ചെറുപ്പം മുതല്‍ ചെന്നൈ സൂപ്പര്‍ കിംഗ്സാണ് തന്‍റെ ഇഷ്ട ടീമെന്നും അവര്‍ക്കായി കളിക്കാന്‍ കഴിഞ്ഞാല്‍ സന്തോഷമെന്നും സാവരിയ വ്യക്തമാക്കി. രാജസ്ഥാനിലെ ശങ്കര്‍ ക്രിക്കറ്റ് അക്കാദമിയില്‍ കോച്ച് സുരേന്ദ്ര സിംഗ് റാത്തോഡ് ആണ് സാവരിയയുടെ പരിശീലകന്‍.


