ഏകദിന ലോകകപ്പിന് ശേഷം ആദ്യമായിട്ടാണ് പാകിസ്ഥാന്‍ പരമ്പരയ്ക്കിറങ്ങുന്നത്. ലോകകപ്പില്‍ നിരാശപ്പെടുത്തുന്ന പ്രകടനമായിരുന്നു പാകിസ്ഥാന്റേത്.
സിഡ്നി: ഓസ്‌ട്രേലിയക്കെതിരെ മൂന്ന് ടെസ്റ്റുകളുള്ള പരമ്പരയ്‌ക്കൊരുങ്ങുകയാണ് പാകിസ്ഥാന്‍. ഈ മാസം 14ന് ആരംഭിക്കുന്ന ടെസ്റ്റ് പരമ്പരയ്ക്കായി പാക് ടീം ഓസ്‌ട്രേലിയയിലെത്തിയിരുന്നു. എന്നാല്‍ പാക് ടീം എയര്‍പോര്‍ട്ടില്‍ വന്നിറങ്ങുമ്പോള്‍ തന്നെ ടീമിന് മോശം അനുഭവമുണ്ടായിരുന്നു. ബാഗ് ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ താരങ്ങള്‍ക്ക് തന്നെ ചുമക്കേണ്ടി വന്നു. പാകിസ്ഥാന്‍ എംബസിയില്‍ നിന്നുള്ള നിന്നുള്ള ഉദ്യോഗസ്ഥരോ ക്രിക്കറ്റ് ഓസ്ട്രേലിയ അധികൃതരോ പാക് ടീമിനെ സ്വീകരിക്കാനെത്തിയില്ല.
ഇതോടെയാണ് പാക് താരങ്ങള്‍ക്ക് ബാഗുകള്‍ ചുമക്കേണ്ടി വന്നത്. പാക് വിക്കറ്റ് കീപ്പര്‍ മുഹമ്മദ് റിസ്വാന്‍ ബാഗുകള്‍ ട്രക്കില്‍ എടുത്തുവെക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലുമായി. ഇതില്‍ വിശദീകരണം നല്‍കുകയാണ് പാകിസ്ഥാന്റെ ടി20 ക്യാപ്റ്റന്‍ ഷഹീന്‍ അഫ്രീദി. അദ്ദേഹം പറയുന്നതിങ്ങനെ... ''ഞങ്ങള്‍ക്ക് അടുത്ത വിമാനം കയറാന്‍ 30 മിനിറ്റ് മാത്രമാണ് ബാക്കിയുണ്ടായിരുന്നത്. അതുകൊണ്ടാണ് സാധനങ്ങള്‍ ചുമക്കാന്‍ ഞങ്ങള്‍ക്കും ഇറങ്ങേണ്ടിവന്നത്. ബാഗ് മറ്റും മാറ്റാന്‍ അവിടെ രണ്ട് പേര്‍ മാത്രമെ ഉണ്ടായിരുന്നുള്ളൂ. വേഗത്തില്‍ എടുത്തുമാറ്റാന്‍ ഞങ്ങള്‍ക്ക് ഇറങ്ങേണ്ടിവരികയായിരുന്നു.'' അഫ്രീദി വ്യക്തമാക്കി.
ഏകദിന ലോകകപ്പിന് ശേഷം ആദ്യമായിട്ടാണ് പാകിസ്ഥാന്‍ പരമ്പരയ്ക്കിറങ്ങുന്നത്. ലോകകപ്പില്‍ നിരാശപ്പെടുത്തുന്ന പ്രകടനമായിരുന്നു പാകിസ്ഥാന്റേത്. കിരീടപ്രതീക്ഷകളുമായെത്തിയ ടീം അഞ്ചാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. പിന്നാലെ പാക് ടീമില്‍ വന്‍ അഴിച്ചുപണി നടത്തി. ബാബര്‍ അസമിന് നായകസ്ഥാനം തെറിച്ചു. ടി20 ക്രിക്കറ്റ് ടീമിന്റെ നായകനായി ഷഹീന്‍ അഫ്രീദിയെ തിരഞ്ഞെടുത്തു. ടെസ്റ്റില്‍ ഷാന്‍ മസൂദാണ് നയിക്കുന്നത്. ലോകകപ്പിന് ശേഷം ക്രിക്കറ്റ് പരമ്പരയ്ക്ക് ഇറങ്ങുകയാണ് ഓസീസ്.
ഓസ്ട്രേലിയക്കെതിരെ മൂന്ന് ടെസ്റ്റുകളടങ്ങിയ പരമ്പരയില്‍ കളിക്കുന്ന പാകിസ്ഥാന്‍ അതിനുശേഷം ന്യൂസിലന്‍ഡിനെതിരെ അഞ്ച് ടി20 കളടങ്ങിയ പരമ്പരയിലും കളിക്കും. ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരക്കുള്ള ടീമിനെ പ്രഖ്യാപിച്ചിട്ടില്ല.
ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള പാകിസ്ഥാന്‍ ടീം: ഷാന്‍ മസൂദ് (ക്യാപ്റ്റന്‍), അമീര്‍ ജമാല്‍, അബ്ദുല്ല ഷഫീഖ്, അബ്രാര്‍ അഹമ്മദ്, ബാബര്‍ അസം, ഫഹീം അഷ്‌റഫ്, ഹസന്‍ അലി, ഇമാം ഉള്‍ ഹഖ്, ഖുറം ഷഹ്‌സാദ്, മിര്‍ ഹംസ, മുഹമ്മദ് റിസ്വാന്‍, മുഹമ്മദ് വസീം ജൂനിയര്‍, നൗമാന്‍ അലി, സയിം അയൂബ്, ആഗ സല്‍മാന്‍ , സര്‍ഫറാസ് അഹമ്മദ്, സൗദ് ഷക്കീല്‍, ഷഹീന്‍ അഫ്രീദി.
ടെസ്റ്റ് പരമ്പരയുടെ മത്സരക്രമം:
ആദ്യ ടെസ്റ്റ് - പെര്‍ത്ത്, 14-18 ഡിസംബര്‍ 2023
രണ്ടാം ടെസ്റ്റ് - മെല്‍ബണ്‍, 26-30 ഡിസംബര്‍ 2023
മൂന്നാം ടെസ്റ്റ് - സിഡ്നി, 3-7 ജനുവരി 2024
