ഇസ്ലാമാബാദ്: ഏഷ്യ കപ്പ് ടി20യുടെ വേദിയെ കുറിച്ചാണ് ഇപ്പോള്‍ ചര്‍ച്ച. നേരത്തെ നിശ്ചയിച്ചത് പ്രകാരം സെപ്റ്റംബറില്‍ പാകിസ്ഥാനിലാണ് ടൂര്‍ണമെന്റ് നടക്കേണ്ടത്. എന്നാല്‍ വേദി മാറ്റിയില്ലെങ്കില്‍ ടൂര്‍ണമെന്റില്‍ നിന്ന് പിന്മാറുമെന്ന് ബിസിസിഐ അറിയിച്ചിരുന്നു. ഈ സമ്മര്‍ദ്ദത്തിന് വഴങ്ങി പാക് ക്രിക്കറ്റ് ബോര്‍ഡ് ടൂര്‍ണമെന്റ് യുഎഇലേക്ക് മാറ്റാന്‍ ഒരുങ്ങുകയാണ്. ഔദ്യോഗികമായി പിസിബി പുറത്ത് വിട്ടിട്ടില്ലെങ്കിലും മാറ്റഇയേക്കമെന്ന വാര്‍ത്തകളാണ് പുറത്തുവരുന്നത്.

ഇതിനിടെ ഒരു രസകരമായ പ്രസ്താവന നടത്തിയിരിക്കുകയാണ് മുന്‍ പാക് ഓള്‍റൗണ്ടായ ഷാഹീദ് അഫ്രീദി. ഇന്ത്യ പാകിസ്ഥാനില്‍ പരമ്പര കളിക്കുന്നതിന് കാത്തിരിക്കുകയാണെന്നാണ് അഫ്രീദി പറയുന്നത്. മുന്‍ താരത്തിന്റെ വാക്കുകളിങ്ങനെ... ''ഈ സീസണില്‍ പാകിസ്ഥാന്‍ സൂപ്പര്‍ ലീഗ് നടന്നത് ഇവിടെതന്നെയാണ്. പിന്നാലെ ശ്രീലങ്കയും ബംഗ്ലാദേശും പാക് പര്യടനത്തിനെത്തി. അവര്‍ ഒരു കുഴപ്പവുമില്ലാതെ തിരികെ പോയി. ഇവിടെ ഒരു സുരക്ഷ പ്രശ്‌നങ്ങളുമില്ലെന്ന് തെളിയിക്കുന്നതാണ് ഈ പരമ്പരകള്‍. 

ബിസിസിഐയുടെ ഭീഷണി ഫലം കണ്ടു; ഏഷ്യ കപ്പ് വേദി പാകിസ്ഥാനില്‍ നിന്ന് മാറ്റിയേക്കും

അവരെ പോലെ ഇന്ത്യയും പാകിസ്ഥാനില്‍ പരമ്പര കളിക്കാന്‍ തയ്യാറാകുമെന്നാണ് ഞാന്‍ കരുതുന്നത്. ഏഷ്യ കപ്പില്‍ നിന്ന് ഇരുടീമുകളും പിന്മാറരുത്. ഇരുവരും ടൂര്‍ണമെന്റിന്റെ ഭാഗമാവണം. പാകിസ്ഥാനില്‍ കളിക്കാന്‍ ഇന്ത്യക്ക് ബുദ്ധിമുട്ടുണ്ടെങ്കില്‍ ഇരു രാജ്യങ്ങളും സംയുക്തമായി ടൂര്‍ണമെന്റ് നടത്തണം. രാഷ്ട്രീയ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സമയമായിട്ടുണ്ട്. മറ്റൊരു രാജ്യത്തിന്റെ ഇടപെടലില്ലാതെ തന്നെ ഈ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ഇരുവരും തയ്യാറാവണം.'' അഫ്രീദി പറഞ്ഞുനിര്‍ത്തി.

സച്ചിന്‍ എന്റെ പ്രചോദനം; തുറന്നുപറഞ്ഞ് പാകിസ്ഥാന്‍ ക്രിക്കറ്റര്‍