മൊഹ്‌സിൻ ഖാന് പരിക്കേറ്റതിന് പകരക്കാരനായാണ് ശാര്‍ദ്ദൂൽ ടീമിലെത്തിയത്.
ഈ വർഷത്തെ ഐപിഎൽ ലേലത്തിൽ ഒരു ഫ്രാഞ്ചൈസിയും സ്വന്തമാക്കാൻ തയ്യാറാകാതിരുന്ന താരങ്ങളുടെ പട്ടികയിലെ പ്രമുഖ പേരുകളിലൊന്നായിരുന്നു ശാർദ്ദൂൽ താക്കൂർ. ടൂർണമെന്റിൽ ട്രാക്ക് റെക്കോർഡ് തെളിയിക്കപ്പെട്ടിട്ടും ഒരു ഫ്രാഞ്ചൈസിയും ശാർദ്ദൂലിനെ തിരഞ്ഞെടുത്തില്ല. പിന്നീട്, മൊഹ്‌സിൻ ഖാന് പരിക്കേറ്റതിന് പകരക്കാരനായി താക്കൂറിനെ ലഖ്‌നൗ സൂപ്പർ ജയന്റ്‌സ് ടീമിലെത്തിക്കുകയായിരുന്നു.
18-ാം സീസൺ ഐപിഎല്ലിലെ ആദ്യ രണ്ട് മത്സരങ്ങളിൽ ലഖ്നൗവിന്റെ ബൗളിംഗ് ആക്രമണത്തിന് നേതൃത്വം നൽകിയത് ശാർദ്ദൂൽ താക്കൂറായിരുന്നു. വിശാഖപട്ടണത്ത് ഡൽഹി ക്യാപിറ്റൽസിനെതിരെ ലഖ്നൗ തോറ്റെങ്കിലും ശാർദ്ദൂൽ മികച്ച പ്രകടനമാണ് പുറത്തെടുത്തത്. രണ്ട് ഓവർ മാത്രമാണ് എറിഞ്ഞതെങ്കിലും 19 റൺസ് മാത്രം വഴങ്ങി 2 വിക്കറ്റുകൾ അദ്ദേഹം സ്വന്തമാക്കി. കഴിഞ്ഞ ദിവസം സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരെ തകർപ്പൻ പ്രകടനം കാഴ്ചവച്ച താക്കൂർ സൺറൈസേഴ്സിന്റെ ശക്തമായ ബാറ്റിംഗ് നിരയെ പിടിച്ചുകെട്ടാൻ ലഖ്നൗവിനെ സഹായിച്ചു.
നാല് ഓവറിൽ നാല് വിക്കറ്റ് വീഴ്ത്തിയ ശാർദ്ദൂൽ സൺറൈസേഴ്സിനെ 190 റൺസിന് ഒതുക്കിയതിൽ നിർണായക പങ്കാണ് വഹിച്ചത്. മൂന്നാം ഓവറിൽ തുടർച്ചയായ പന്തുകളിൽ ബിഗ് ഹിറ്റർമാരായ അഭിഷേക് ശർമ്മയെയും ഇഷാൻ കിഷനെയും പുറത്താക്കി സൺറൈസേഴ്‌സിന്റെ ടോപ് ഓർഡർ ശാർദ്ദൂൽ തകർത്തു. പിന്നീട് അഭിനവ് മനോഹറിനെയും മുഹമ്മദ് ഷാമിയെയും പുറത്താക്കി വിക്കറ്റ് വേട്ട പൂർത്തിയാക്കി. ഇതിനിടെ ഐപിഎൽ കരിയറിൽ താരം 100 വിക്കറ്റുകൾ തികയ്ക്കുകയും ചെയ്തു.
ലേലം തന്നെ സംബന്ധിച്ച് ഒരു മോശം ദിവസമായിരുന്നുവെന്നും ഒരു ഫ്രാഞ്ചൈസിയും തന്നെ സ്വന്തമാക്കിയില്ലെന്നും ശാർദ്ദൂൽ താക്കൂർ പറഞ്ഞു. ക്രിക്കറ്റിൽ ഇതൊക്കെ സംഭവിക്കും. ഏതെങ്കിലും ടീമിന്റെ ഭാഗമാകാൻ കഴിയുമോ എന്ന് അറിയില്ലായിരുന്നു. ലഖ്നൗവാണ് ആദ്യം സമീപിച്ചത്. അതിനാൽ അവർക്ക് മുൻഗണന നൽകിയെന്നും സഹീർ ഖാന്റെ ഇടപെടലാണ് നിർണായകമായതെന്നും പറഞ്ഞ അദ്ദേഹം ഐപിഎല്ലിൽ 100 വിക്കറ്റുകൾ നേടിയതിനെ കുറിച്ച് ചോദിച്ചപ്പോൾ വ്യക്തിപരമായ നേട്ടങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നില്ലെന്നായിരുന്നു താരത്തിന്റെ മറുപടി.
READ MORE: പുരാന്‍ ഷോ, കൂടെ മാര്‍ഷും! ഹൈദരാബാദിനെ തീര്‍ത്ത് ലക്‌നൗ; ആദ്യ ജയം അഞ്ച് വിക്കറ്റിന്
