ടൂര്‍ണമെന്‍റില്‍ പക്വതയോടെ കളിച്ചാല്‍ അഫ്ഗാനിസ്ഥാന് സെമി ഫൈനലിലെത്താനുള്ള കരുത്തുണ്ടെനാണ് താന്‍ വിശ്വസിക്കുന്നതെന്ന് അക്തര്‍.
കറാച്ചി: ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റിന് ദിവസങ്ങള്‍ മാത്രം ബാക്കിയിരിക്കെ ടൂര്‍ണമെന്‍റിലെ സെമി ഫൈനലിസ്റ്റുകളെ തെരഞ്ഞെടുത്ത് മുന്‍ പാക് പേസര്‍ ഷൊയ്ബ് അക്തര്‍. ലോക ചാമ്പ്യൻമാരായ ഓസ്ട്രേലിയ അക്തര്‍ തെരഞ്ഞെടുത്ത സെമി ഫൈനലിസ്റ്റുകളില്ല എന്നതാണ് ശ്രദ്ധേയം. അതേസമയം, ലോക ചാമ്പ്യൻമാരായ ഓസ്ട്രേലിയയെ ഒഴിവാക്കിയപ്പോള്‍ ലോക ക്രിക്കറ്റിലെ കുഞ്ഞൻമാരായ അഫ്ഗാനിസ്ഥാന്‍ അക്തര്‍ തെരഞ്ഞെടുത്ത സെമി ഫൈനലിസ്റ്റുകളുടെ കൂട്ടത്തിലുണ്ടെന്നതാണ് ശ്രദ്ധേയം.
ടൂര്‍ണമെന്‍റില്‍ പക്വതയോടെ കളിച്ചാല്‍ അഫ്ഗാനിസ്ഥാന് സെമി ഫൈനലിലെത്താനുള്ള കരുത്തുണ്ടെനാണ് താന്‍ വിശ്വസിക്കുന്നതെന്ന് അക്തര്‍ പറഞ്ഞു. അഫ്ഗാനിസ്ഥാന് പുറമെ ഇന്ത്യയും പാകിസ്ഥാനുമായിരിക്കും സെമിയിലെത്തുന്ന മറ്റ് രണ്ടാ ടീമുകള്‍. എന്നാല്‍ സെമിയിലെത്താന്‍ സാധ്യതയുള്ള നാലാമത്തെ ടീമാതാണെന്ന് അക്തര്‍ വ്യക്തമാക്കിയില്ല.
2023ലെ ഏകദിന ലോകകപ്പില്‍ ഓസ്ട്രേലിയയെ അട്ടിമറിക്കുന്നതിന് അടുത്തെത്തിയ അഫ്ഗാനിസ്ഥാന്‍ ആറാം സ്ഥാനത്താണ് ഫിനിഷ് ചെയ്തതെങ്കിലും നേരിയ വ്യത്യാസത്തിനായിരുന്നു സെമി സ്ഥാനം നഷ്ടമായത്. ചാമ്പ്യൻസ് ട്രോഫിയില്‍ ഇന്ത്യയും പാകിസ്ഥാനും ഒരു ഗ്രൂപ്പിലാണ്. അക്തറിന്‍റെ പ്രവചനം പോലെ ഇന്ത്യയും പാകിസ്ഥാനും സെമിയിലെത്തിയാല്‍ ന്യൂസിലന്‍ഡും ബംഗ്ലാദേശും ഇന്ത്യയുടെ ഗ്രൂപ്പില്‍ നിന്ന് പുറത്താവും.
ചാമ്പ്യൻസ് ട്രോഫിയിലും റിഷഭ് പന്ത് പുറത്തിരിക്കേണ്ടി വരും; കാരണം ആ താരം; തുറന്നു പറഞ്ഞ് മഞ്ജരേക്കര്‍
രണ്ടാമത്തെ ഗ്രൂപ്പില്‍ നിന്ന് അഫ്ഗാനിസ്ഥാൻ സെമിയിലെത്തിയാല്‍ ഓസ്ട്രേലിയ, ഇംഗ്ലണ്ട്, ദക്ഷിമാഫ്രിക്ക ടീമുകളിലൊന്നാവും സെമിയിലെത്തുന്ന നാലാമത്തെ ടീം. ചാമ്പ്യൻസ് ട്രോഫിയില്‍ ഫെബ്രുവരി 23ന് നടക്കുന്ന ഇന്ത്യ-പാകിസ്ഥാന്‍ മത്സരത്തില്‍ പാകിസ്ഥാന്‍ ജയിക്കുമെന്നാണ് പ്രതീക്ഷയെന്നും അക്തര്‍ പറഞ്ഞു. 23ലെ മത്സരശേഷം ചാമ്പ്യൻസ് ട്രോഫി ഫൈനലിലും ഇന്ത്യയും പാകിസ്ഥാനും ഏറ്റുമുട്ടണമെന്നാണ് തന്‍റെ ആഗ്രഹമെന്നും അക്തര്‍ വ്യക്തമാക്കി. 2017ല്‍ അവസാനം നടന്ന ചാമ്പ്യൻസ് ട്രോഫി ഫൈനലില്‍ ഇന്ത്യയെ തോല്‍പ്പിച്ച് പാകിസ്ഥാന്‍ കിരീടം നേടിയിരുന്നു. ഫെബ്രുവരി 19നാണ് ചാമ്പ്യൻസ് ട്രോഫിക്ക് തുടക്കമാകുന്നത്.
