മൂന്ന് ഫോര്‍മാറ്റുകളോടും വിട പറയാന്‍ ലോകകപ്പോടെ ക്വിന്‍റണ്‍ ഡി കോക്ക് പദ്ധതിയിട്ടിരുന്നതായി പുറത്തറിയുന്നത് റോബ് വാള്‍ട്ടറുടെ വാക്കുകളിലൂടെയാണ്

കേപ്‌ടൗണ്‍: ദക്ഷിണാഫ്രിക്കന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ക്വിന്‍റണ്‍ ഡികോക്ക് എല്ലാ ഫോര്‍മാറ്റുകളില്‍ നിന്നും വിരമിക്കാന്‍ പദ്ധതിയിട്ടിരുന്നതായും താനത് തടഞ്ഞതായും വൈറ്റ് ബോള്‍ പരിശീലകന്‍ റോബ് വാള്‍ട്ടറുടെ വെളിപ്പെടുത്തല്‍. ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് നേരത്തെ വിരമിച്ച ഡി കോക്ക് ഇന്ത്യ വേദിയായ ലോകകപ്പിന് ശേഷം ഏകദിനവും മതിയാക്കും എന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ രാജ്യാന്തര ക്രിക്കറ്റിലെ മൂന്ന് ഫോര്‍മാറ്റുകളോടും വിട പറയാന്‍ ലോകകപ്പോടെ ക്വിന്‍റണ്‍ ഡി കോക്ക് പദ്ധതിയിട്ടിരുന്നതായി പുറത്തറിയുന്നത് റോബ് വാള്‍ട്ടറുടെ വാക്കുകളിലൂടെയാണ്. 

'ഇന്ത്യയിലെ ലോകകപ്പിന് ശേഷം ഏകദിനം മതിയാക്കുന്ന അവസരത്തില്‍ ക്വിന്‍റണ്‍ ഡി കോക്കുമായി സംസാരിച്ചിരുന്നു. ഏകദിനത്തില്‍ നിന്നല്ല, രാജ്യാന്തര ക്രിക്കറ്റിലെ എല്ലാ ഫോര്‍മാറ്റുകളില്‍ നിന്നും വിടവാങ്ങാനാണ് അദേഹം ശരിക്കും പദ്ധതിയിട്ടിരുന്നത്. എന്നാല്‍ ആ തീരുമാനം എടുക്കരുത് എന്ന് ഞാന്‍ ഡി കോക്കിനോട് ആവശ്യപ്പെട്ടു' എന്നും റോബ് വാള്‍ട്ടര്‍ ഇന്ത്യക്കെതിരായ സ്‌ക്വാഡുകളെ പ്രഖ്യാപിക്കുന്ന വേളയില്‍ മാധ്യമപ്രവര്‍ത്തരോട് പറഞ്ഞു. അതേസമയം ഇന്ത്യക്കെതിരായ ട്വന്‍റി 20 പരമ്പരയില്‍ വിശ്രമം അനുവദിച്ചിരിക്കുന്ന ഡി കോക്ക് 2024ലെ ടി20 ലോകകപ്പില്‍ കളിക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. 

ഏകദിന ലോകകപ്പില്‍ മികച്ച പ്രകടനം ക്വന്‍റണ്‍ ഡി കോക്ക് പുറത്തെടുത്തിരുന്നു. ലോകകപ്പില്‍ മിന്നും ഫോമിലായിരുന്ന താരം 10 കളികളില്‍ നിന്ന് 4 സെഞ്ചുറികള്‍ സഹിതം 594 റണ്‍സാണ് അടിച്ചുകൂട്ടിയത്. സെമിഫൈനലില്‍ ഓസ്‌ട്രേലിയയോട് ഈഡന്‍ ഗാര്‍ഡന്‍സില്‍ പരാജയപ്പെട്ടെങ്കിലും ലോകകപ്പില്‍ ടീമിന്‍റെ ടോപ് സ്കോററായി താരം മാറി. ടെസ്റ്റില്‍ 54 കളിയില്‍ 6 സെഞ്ചുറികളോടെ 3300 ഉം ഏകദിനത്തില്‍ 155 മത്സരങ്ങളില്‍ 21 സെഞ്ചുറിയടക്കം 6770 ഉം 80 രാജ്യാന്തര ട്വന്‍റി 20യില്‍ ഒരു ശതകമടക്കം 2277 റണ്‍സും ക്വിന്‍റണ്‍ ഡി കോക്കിനുണ്ട്. 

Read more: ചെന്നൈ മക്കള്‍ ഒറ്റയ്‌ക്കല്ല, കൂടെയുണ്ട്; കൈത്താങ്ങായി അശ്വിന്‍, ഡികെ, ശ്രീലങ്കന്‍ താരം, വിവിധ ടീമുകള്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം