വിരാട് കോലിയുടെയും രോഹിത് ശര്‍മയുടെയും ഭാവിയെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ തള്ളി ശുഭ്മാന്‍ ഗില്‍. ഇരുവരും മികച്ച ഫോമിലാണെന്നും ലോകകപ്പിന് മുൻപ് പരീക്ഷണങ്ങൾക്ക് സമയമില്ലെന്നും ഗിൽ വ്യക്തമാക്കി.
ദില്ലി: വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പരയിലെ മികച്ച പ്രകടനങ്ങള്‍ക്ക് ശേഷം സീനിയര്‍ താരങ്ങളായ വിരാട് കോലിയുടെയും രോഹിത് ശര്‍മയുടെയും ഭാവിയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ അവസാനിപ്പിച്ച് ഇന്ത്യന്‍ ഏകദിന ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍. വിരാട് കോലി ആദ്യ ഏകദിനത്തിലും രോഹിത് ശര്‍മ്മ രണ്ടാം ഏകദിനത്തിലും സെഞ്ചുറി നേടിയിരുന്നു. മൂന്നാം ഏകദിനത്തിലും സെഞ്ചുറിക്ക് അടുത്തെത്തിയ രോഹിത് 92 റണ്‍സിന് പുറത്താവുകയായിരുന്നു. യഥാക്രമം 37, 39 വയസ്സുള്ള ഈ താരങ്ങളുടെ പ്രായത്തെച്ചൊല്ലി ഭാവി സംബന്ധിച്ച് അഭ്യൂഹങ്ങള്‍ നിലനില്‍ക്കുന്നതിനിടയിലാണ് ഗില്ലിന്റെ പ്രതികരണം.
ന്യൂ ചണ്ഡിഗഡില്‍ ശനിയാഴ്ച നടന്ന മൂന്നാം ഏകദിനത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് ഗില്‍ സീനിയര്‍ താരങ്ങളെ പിന്തുണച്ചത്. വിരാടും രോഹിത്തും പരമ്പരയിലുടനീളം ബാറ്റ് ചെയ്ത രീതി തന്നെ സവിശേഷമായിരുന്നുവെന്ന് ഗില്‍ പറഞ്ഞു. മറ്റൊരു സന്ദര്‍ഭത്തില്‍ കെ എല്‍ രാഹുലിനെപ്പോലെയുള്ള മറ്റൊരു സീനിയര്‍ താരം ടീമിനായി മികച്ച പ്രകടനം പുറത്തെടുത്തതും അഭിനന്ദനാര്‍ഹമാണെന്ന് അദ്ദേഹം വ്യക്തമാക്കി.
ഗില്ലിന്റെ വാക്കുകള്‍... ''അവര്‍ വളരെ മികച്ച രീതിയിലാണ് ബാറ്റ് ചെയ്യുന്നത്. കഴിഞ്ഞ നാല് ഇന്നിംഗ്‌സുകളില്‍ രോഹിത് ഭായിയുടെ മൂന്നാമത്തെ സെഞ്ചുറിയാണിത്. അദ്ദേഹവും വിരാട് ഭായിയും മികച്ച ഫോമിലാണ്. ഒപ്പം അവസരം ലഭിക്കുമ്പോഴെല്ലാം കെ എല്‍ ടീമിനായി തന്റെ ഉത്തരവാദിത്തം ഭംഗിയായി നിര്‍വഹിക്കുന്നുണ്ട്.'' ഗില്‍ മാധ്യമങ്ങളോട് പറഞ്ഞു.
പുതിയ താരങ്ങള്‍ക്ക് അവസരം നല്‍കുന്നതിനായി കോലിയെയും രോഹിത്തിനെയും കുറച്ചു മത്സരങ്ങളില്‍ വിശ്രമം അനുവദിക്കുമോ എന്ന ചോദ്യത്തിന്, നിലവില്‍ ഏകദിന മത്സരങ്ങളുടെ കുറവുള്ളതിനാല്‍ പരീക്ഷണങ്ങള്‍ക്ക് സമയമില്ലെന്നായിരുന്നു ഗില്ലിന്റെ മറുപടി. ലോകകപ്പില്‍ കളിക്കേണ്ട ടീമിന്റെ കൃത്യമായ കോമ്പിനേഷനെ കണ്ടെത്തി ഒപ്പം സഞ്ചരിക്കാനാണ് തങ്ങള്‍ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. അടുത്ത മാസം ന്യൂസിലന്‍ഡിനെതിരെയാണ് ഇന്ത്യയുടെ അടുത്ത ഏകദിന പരമ്പര.

