ഐപിഎല്ലില്‍ ശ്രദ്ധേയ പ്രകടനം കാഴ്ചവെച്ച വൈഭവ് സൂര്യവന്‍ഷി അടുത്ത സീസണില്‍ രാജസ്ഥാന്‍ റോയല്‍സിനെ ഫൈനലിലെത്തിക്കാന്‍ ശ്രമിക്കുമെന്ന് വ്യക്തമാക്കി.

പട്‌ന: ഐപിഎല്ലില്‍ ശ്രദ്ധേയമായ പ്രകടനം പുറത്തെടുത്തിരുന്നു രാജസ്ഥാന്‍ റോയല്‍സിന്റെ കൗമാരതാരം വൈഭവ് സൂര്യവന്‍ഷി. ഏഴ് ഇന്നിംഗ്സുകളില്‍ നിന്ന് 36 ശരാശരിയിലും 206.55 സ്‌ട്രൈക്ക് റേറ്റിലും ഒരു സെഞ്ച്വറിയും ഒരു അര്‍ദ്ധസെഞ്ച്വറിയും ഉള്‍പ്പെടെ 252 റണ്‍സാണ് വൈഭവ് നേടിയത്. 206.55 എന്ന വമ്പന്‍ സ്‌ട്രൈക്ക് റേറ്റിന് 14 വയസ്സുകാരനെ 'സീസണിലെ സൂപ്പര്‍ സ്ട്രൈക്കര്‍' ആയി തിരഞ്ഞെടുത്തു. ടൂര്‍ണമെന്റിന്റെ ചരിത്രത്തിലെ ഒരു ഇന്ത്യക്കാരന്റെ ഏറ്റവും വേഗതയേറിയ സെഞ്ച്വറിയും വൈഭവിന്റെ പേരിലായി. ടൂര്‍ണമെന്റില്‍ നേരിട്ട ആദ്യ പന്ത് തന്നെ സിക്‌സടിച്ചാണ് വൈഭവ് തുടങ്ങിയിരുന്നത്.

അടുത്ത സീസണില്‍ രാജസ്ഥാന്‍ റോയല്‍സിനെ ഫൈനലിലെത്തിക്കാന്‍ പ്രയത്‌നിക്കുമെന്ന് വൈഭവ് വ്യക്തമാക്കി. താരത്തിന്റെ വാക്കുകള്‍.. ''ഈ സീസണില്‍ ഞാന്‍ എന്ത് ചെയ്താലും, അടുത്ത തവണ അത് കുറച്ചുകൂടെ നന്നായി ചെയ്യാനുള്ള ശ്രമമാണ് നടത്തുക. അങ്ങനെ എന്റെ ടീം അടുത്ത വര്‍ഷം ഫൈനലിലെത്തണം. ആ ലക്ഷ്യത്തിലേക്ക് എനിക്ക് എങ്ങനെ പരമാവധി സംഭാവന നല്‍കാന്‍ കഴിയും എന്നതിലാണ് ഞാന്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.'' വൈഭവ് വ്യക്തമാക്കി.

അടുത്ത സീസണില്‍ തന്റെ പോരായ്മകള്‍ പരിഹരിച്ച് മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ ശ്രമിക്കുമെന്നും വൈഭവ്. ''ഐപിഎല്ലില്‍ കളിക്കുക എന്നത് എല്ലാവര്‍ക്കും ഒരു സ്വപ്നം പോലെയാണ്. ഇത് എന്റെ ആദ്യ സീസണായിരുന്നു. സീസണില്‍ നിന്ന് എനിക്ക് ധാരാളം പോസിറ്റീവുകള്‍ ലഭിച്ചു. അടുത്ത സീസണില്‍, ടീമിനായി കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാന്‍ ഞാന്‍ ശ്രമിക്കും. ഒരുപാട് കാര്യങ്ങള്‍ പഠിക്കാനുണ്ട്. അതിനാല്‍ ഈ വര്‍ഷം എനിക്ക് പരാജയപ്പെട്ട മേഖലകളില്‍ ഞാന്‍ പ്രവര്‍ത്തിക്കും. അടുത്ത വര്‍ഷം ടീമിനായി കൂടുതല്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ ശ്രമിക്കണം.'' വൈഭവ് കൂട്ടിചേര്‍ത്തു.

അതേസമയം, വൈഭവ് അടുത്തതായി ഇന്ത്യന്‍ അണ്ടര്‍-19 ടീമിനൊപ്പം ഇംഗ്ലണ്ടിലേക്ക് പോകും. 2025 ജൂണ്‍ 24 മുതല്‍ ജൂലൈ 23 വരെയാണ് പര്യടനം. 50 ഓവര്‍ സന്നാഹ മത്സരവും തുടര്‍ന്ന് ഇംഗ്ലണ്ട് അണ്ടര്‍-19 ടീമിനെതിരായ അഞ്ച് മത്സരങ്ങളുള്ള യൂത്ത് ഏകദിന പരമ്പരയും രണ്ട് മള്‍ട്ടി-ഡേ മത്സരങ്ങളും ഇന്ത്യ കളിക്കും.

YouTube video player