കുറഞ്ഞ സ്കോര്‍ പ്രതിരോധിക്കാന്‍ അവസാനം വരെ പോരാടിയത് പോലുള്ള പോസിറ്റീവ് വശങ്ങളും മത്സരത്തിലുണ്ടായിരുന്നുവെന്നും ഗില്‍ കൂട്ടിച്ചേര്‍ത്തു.
പെര്‍ത്ത്: ഇന്ത്യക്കെതിരായ ആദ്യ ഏകദിനത്തില്‍ ഓസ്‌ട്രേലിയ ഏഴ് വിക്കറ്റിന്റെ ജയം സ്വന്തമാക്കിയിരുന്നു. ഇടയ്ക്കിടെ കളി മഴ തടസപ്പെടുത്തിയതിനെ തുടര്‍ന്ന് 26 ഓവറാക്കി ചുരുക്കിയ മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 136 റണ്‍സാണ് നേടിയത്. കെ എല്‍ രാഹുല്‍ (31 പന്തില്‍ 38), അക്‌സര്‍ പട്ടേല്‍ (38 പന്തില്‍ 31) എന്നിവരുടെ ഇന്നിംഗ്‌സുകളാണ് ഇന്ത്യയെ ഭേദപ്പെട്ട സ്‌കോറിലേക്ക് നയിച്ചത്. പിന്നീട് ഓസീസിന്റെ വിജയലക്ഷ്യം ഡക്ക്‌വര്‍ത്ത് ലൂയിസ് നിയമപ്രകാരം 26 ഓവറില്‍ 131 റണ്‍സാക്കി ചുരുക്കി. ഓസീസ് 21.1 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു.
ഇപ്പോള്‍ മത്സരത്തെ കുറിച്ച് സംസാരിക്കുകയാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍. ഇന്ത്യന്‍ ക്യാപ്റ്റന്റെ വാക്കുകള്‍... ''പവര്‍പ്ലേയില്‍ മൂന്ന് വിക്കറ്റുകള്‍ നഷ്ടപ്പെട്ടു. ഇതിനിടെ മഴയും കളി തടസപ്പെടുത്തി. ഈ മത്സരത്തില്‍ നിന്ന് ഞങ്ങള്‍ക്ക് ധാരാളം പാഠങ്ങള്‍ പഠിക്കാന്‍ കഴിഞ്ഞു, കൂടാതെ ഞങ്ങള്‍ക്ക് ധാരാളം പോസിറ്റീവുകളും ഉണ്ട്. ഞങ്ങള്‍ 130 റണ്‍സ് പ്രതിരോധിക്കാന്‍ അവസാനം വരെ പോരാടി. ചില ഘട്ടങ്ങളില്‍ ഓസീസിനെ പ്രതിരോധത്തിലാക്കാനും സാധിച്ചു. അതില്‍ ഞങ്ങള്‍ വളരെ സംതൃപ്തരാണ്. ഇന്ത്യയുടെ മത്സരം കാണാന്‍ ആരാധകര്‍ വലിയ തോതില്‍ എത്തി, ഞങ്ങള്‍ അതില്‍ ഭാഗ്യവാന്മാരാണ്. അഡലെയ്ഡിലും അവര്‍ക്ക് ഞങ്ങളെ പ്രോത്സാഹിപ്പിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു.'' ഗില്‍ മത്സരശേഷം പറഞ്ഞു.
രോ-കോ സഖ്യത്തിന് നിരാശ
ടോസ് നഷ്ടത്തിന് പിന്നാലെ ക്രീസിലിറങ്ങിയ ഇന്ത്യക്ക് മിച്ചല്‍ സ്റ്റാര്‍ക്ക് എറിഞ്ഞ മൂന്നാം ഓവറിലെ നാലാം പന്ത് സ്‌ട്രൈറ്റ് ഡ്രൈവിലൂടെ ബൗണ്ടറി കടത്തി രോഹിത് പ്രതീക്ഷ നല്‍കി. എന്നാല്‍ തൊട്ടടുത്ത ഓവറില്‍ ഹേസല്‍വുഡിന്റെ എക്‌സ്ട്രാ ബൗണ്‍സ് രോഹിത്തിനെ ചതിച്ചു. ഓഫ് സ്റ്റംപ് ലൈനില്‍ കുത്തി ഉയര്‍ന്ന പന്തില്‍ ബാറ്റുവെച്ച രോഹിത്തിനെ (8) സ്ലിപ്പില്‍ മാറ്റ് റെന്‍ഷാ കൈയിലൊതുക്കി. പിന്നാലെ കിംഗ് കോലി ക്രീസിലെത്തി. ഹേസല്‍വുഡിന്റെ നേരിട്ട ആദ്യ പന്തില്‍ തന്നെ എല്‍ ബി ഡബ്ല്യു അപ്പീല്‍ അതിജീവിച്ചെങ്കിലും നേരിട്ട ആദ്യ ഏഴ് പന്തിലും കോലിക്ക് അക്കൗണ്ട് തുറക്കാനായില്ല. ഒടുവില്‍ നേരിട്ട എട്ടാം പന്തില്‍ മിച്ചല്‍ സ്റ്റാര്‍ക്കിനെതിരെ ഫ്‌ലാഷി ഡ്രൈവിന് ശ്രമിച്ച കോലിയെ പോയന്റില്‍ കൂപ്പര്‍ കൊണോളി പറന്നു പിടിച്ചു. ഓസ്‌ട്രേലിയയില്‍ കഴിഞ്ഞ 30 ഏകദിന ഇന്നിംഗ്‌സുകളില്‍ കോലിയുടെ ആദ്യ ഡക്കാണിത്.



