ജസ്പ്രീത് ബുമ്ര ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെ അഞ്ച് ടെസ്റ്റുകളിലും കളിക്കാന്‍ സാധ്യത കുറവാണെന്നതും സെലക്ടര്‍മാര്‍ കണക്കിലെടുക്കുമെന്നാണ് കരുതുന്നത്.
മുംബൈ: രോഹിത് ശര്‍മ ടെസ്റ്റില്‍ നിന്ന് വിരമിച്ചതോടെ ജൂണില്‍ നടക്കാനിരിക്കുന്ന ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യൻ ടീമിനെ ശുഭ്മാന്‍ ഗില്‍ നയിക്കുമെന്ന് റിപ്പോര്‍ട്ട്. ഐപിഎല്‍ പൂര്‍ത്തിയാക്കിയശേഷമായിരിക്കും ഗില്ലിനെ ഇന്ത്യൻ ടെസ്റ്റ് ടീം നായകനായി തെരഞ്ഞെടുത്തുള്ള പ്രഖ്യാപനം വരുക. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരക്ക് മുന്നോടിയായി എ ടീം നടത്തുന്ന പര്യടനത്തിനുള്ള ടീമിനെ സെലക്ടര്‍മാര്‍ അടുത്ത ആഴ്ച പ്രഖ്യാപിക്കുമെന്നും സൂചനയുണ്ട്.
ശുഭ്മാന്‍ ഗില്‍ ക്യാപ്റ്റനാവുമ്പോള്‍ റിഷഭ് പന്ത് ആയിരിക്കും വൈസ് ക്യാപ്റ്റൻ. രോഹിത് ശര്‍മ വിരമിച്ചതോടെയാണ് ഇംഗ്ലണ്ട് പര്യടനത്തിലേക്ക് ഇന്ത്യയ്ക്ക് പുതിയ ക്യാപ്റ്റനെ കണ്ടെത്തേണ്ടിവരുന്നത്. രോഹിത് ശര്‍മക്ക് കീഴില്‍ വൈസ് ക്യാപ്റ്റനായിരുന്ന ജസ്പ്രീത് ബുമ്രയെ ക്യാപ്റ്റനായി പരിഗണിക്കാമായിരുന്നെങ്കിലും തുടര്‍ച്ചയായി പരിക്കേല്‍ക്കുന്ന സാഹചര്യത്തില്‍ പരമ്പരയിലെ എല്ലാ മത്സരങ്ങളിലും പ്ലേയിംഗ് ഇലവനില്‍ കളിക്കുമെന്നുറപ്പുള്ള താരത്തെ ക്യാപ്റ്റനായി തെരഞ്ഞെടുക്കണമെന്നാണ് കോച്ച് ഗൗതം ഗംഭീറിന്‍റെയും സെലക്ടര്‍മാരുടെയും നിലപാട് എന്നറിയുന്നു.
ജസ്പ്രീത് ബുമ്ര ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെ അഞ്ച് ടെസ്റ്റുകളിലും കളിക്കാന്‍ സാധ്യത കുറവാണെന്നതും സെലക്ടര്‍മാര്‍ കണക്കിലെടുക്കുമെന്നാണ് കരുതുന്നത്. നേരത്തെ ഓസ്ട്രേലിയന്‍ പര്യടനത്തില്‍ രോഹിത്തിന്‍റെ അഭാവത്തില്‍ ബുമ്ര ഇന്ത്യയെ പെര്‍ത്തില്‍ ചരിത്ര വിജയത്തിലേക്ക് നയിച്ചിരുന്നു. മോശം ഫോമിന്‍റെ പേരില്‍ അവസാന ടെസ്റ്റില്‍ നിന്ന് രോഹിത് മാറി നിന്നപ്പോഴും ബുമ്രയായിരുന്നു ഇന്ത്യയെ നയിച്ചത്. ഇംഗ്ലണ്ട് പരമ്പരക്ക് മാത്രമായി വിരാട് കോലി ക്യാപ്റ്റനാവാന്‍ സന്നദ്ധത അറിയിച്ചെങ്കിലും താല്‍ക്കാലിക ക്യാപ്റ്റന്‍ എന്ന നിര്‍ദേശത്തെ ഗംഭീറും സെലക്ടര്‍മാരും എതിര്‍ത്തുവെന്നാണ് റിപ്പോര്‍ട്ട്.
കെ എല്‍ രാഹുലിനെയും ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് പരിഗണിക്കാന്‍ സാധ്യതയില്ല. 11 വര്‍ഷമായി ടെസ്റ്റില്‍ അരങ്ങേറിയിട്ടെങ്കിലും 50- ടെസ്റ്റുകളില്‍ കളിച്ച രാഹുലിന്‍റെ ബാറ്റിംഗ് ശരാശരി ഇപ്പോഴും 35ല്‍ താഴെയാണ്. ഓസ്ട്രേലിയയില്‍ ഓപ്പണറായി തിളങ്ങിയെങ്കിലും സ്ഥിരതയില്ലായ്മാണ് രാഹുലിനെ ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് പരിഗണിക്കാതിരിക്കാന്‍ കാരണായി പറയുന്നത്. 26കാരനായ ശുഭ്മാന്‍ ഗില്ലിനും വിദേശത്ത് മികച്ച റെക്കോര്‍ഡില്ലെങ്കിലും ഭാവി കൂടി കണക്കിലെടുത്താണ് സെലക്ടര്‍മാര്‍ താരുമാനമെടുക്കുക എന്നാണ് കരുതുന്നത്.

