രാജസ്ഥാനിലെ ജില്ലാ സീനിയര്‍ വനിതാ ടി20 ക്രിക്കറ്റില്‍ സിരോഹി ടീം വെറും നാലു റണ്‍സിന് ഓൾ ഔട്ടായി. സികാര്‍ ടീമിനെതിരായ മത്സരത്തില്‍ പത്തു ബാറ്റര്‍മാര്‍ റണ്ണെടുക്കാതെ പുറത്തായി.
ജയ്പൂര്‍: രജസ്ഥാനിലെ ജില്ലാ സീനിയര്‍ വനിതാ ടി20 ക്രിക്കറ്റില്‍ നാണക്കേടിന്‍റെ റെക്കോര്‍ഡിട്ട് സിരോഹി ടീം. ജയ്പൂരില്‍ നടന്ന സികാര്‍ ടീമിനെതിരായ മത്സരത്തില്‍ സിരോഹി ടീം വെറും നാലു റണ്‍സിന് ഓൾ ഔട്ടായി നാണംകെട്ടു. ടീം അടിച്ച നാലു റണ്‍സില്‍ രണ്ട് റണ്‍സ് എക്സ്ട്രാസിലൂടെ ലഭിച്ചതാണ്. 10 ബാറ്റര്‍മാര്‍ റണ്ണെടുക്കാതെ പുറത്തായപ്പോള്‍ ഒരേയൊരു താരം മാത്രമാണ് രണ്ട് റണ്‍സെടുത്തത്.
രാജസ്ഥാനിലെ 33 ജില്ലാ ടീമുകളെ പങ്കെടുപ്പിച്ചുകൊണ്ട് നടത്തിയ ടൂര്‍ണമെന്‍റിലാണ് നാണക്കേടിന്‍റെ സ്കോര്‍ പിറന്നത്. മറുപടി ബാറ്റിംഗില്‍ സികാര്‍ ടീം ഒരു റണ്‍ മാത്രമാണ് ബാറ്റിംഗിലൂടെ നേടിയത്. നാലു റണ്‍സ് വൈഡായി ലഭിച്ചതോടെ ടീം അനായാസം ലക്ഷ്യത്തിലെത്തി.
വര്‍ഷങ്ങളായി രാജസ്ഥാന്‍ ക്രിക്കറ്റില്‍ നിലനില്‍ക്കുന്ന കെടുകാര്യസ്ഥതയുടെ ഫലമാണ് ഈ മത്സരമെന്ന ആരോപണം ഉയരുന്നുണ്ട്. അധികാരത്തര്‍ക്കം കോടതി കയറിയതോടെ പല ജില്ലാ അസോസിയേഷനുകളും നിര്‍ജീവമാണെന്നും ഇത് ടീം സെലകഷനിലും അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിലും അടക്കം പ്രതിഫലിച്ചതിന്‍റെ ഫലമാണ് ഇപ്പോള്‍ കാണുന്നതെന്നും ആരാധകര്‍ പറയുന്നു. യോഗ്യതയുടെ അടിസ്ഥാനത്തിലായിരുന്നില്ല ജില്ലാം ടീം തെരഞ്ഞെടുപ്പെന്നും ഇഷ്ടക്കാരെ തിരുകി കയറ്റുകയായിരുന്നുവെന്നും ആരോപണമുണ്ട്.


