ദക്ഷിണാഫ്രിക്കയ്ക്കെതിരായ ലാഹോര്‍ ടെസ്റ്റില്‍ പാകിസ്ഥാന്‍ 378 റണ്‍സിന് പുറത്തായി. ആറ് വിക്കറ്റ് വീഴ്ത്തിയ സെനുരാന്‍ മുത്തുസാമിയാണ് പാകിസ്ഥാനെ തകര്‍ത്തത്, ഇതില്‍ ഒരോവറില്‍ മൂന്ന് വിക്കറ്റും ഉള്‍പ്പെടുന്നു.

ലാഹോര്‍: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യ ടെസ്റ്റിന്റെ പാകിസ്ഥാന്‍ 378ന് പുറത്ത്. ലാഹോര്‍, ഗദ്ദാഫി സ്റ്റേഡിയത്തില്‍ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത പാകിസ്ഥാനെ ആറ് വിക്കറ്റ് വീഴ്ത്തിയ സെനുരാന്‍ മുത്തുസാമിയാണ് തകര്‍ത്തത്. 93 റണ്‍സ് വീതം നേടിയ സല്‍മാന്‍ അഗ, ഇമാം ഉള്‍ ഹഖ് എന്നിവരാണ് പാകിസ്ഥാന്റെ ടോപ് സ്‌കോറര്‍മാര്‍. മുഹമ്മദ് റിസ്വാന്‍ (73), ഷാന്‍ മസൂദ് (76) എന്നിവരും തിളങ്ങി. ബാബര്‍ അസം (23) നിരാശപ്പെടുത്തി. മറുപടി ബാറ്റിംഗ് ആരംഭിച്ച ദക്ഷിണാഫ്രിക്ക രണ്ടാം ദിനം ലഞ്ചിന് പിരിയുമ്പോള്‍ വിക്കറ്റ് നഷ്ടമില്ലാതെ 10 റണ്‍സെടുത്തിട്ടുണ്ട്. റ്യാന്‍ റിക്കിള്‍ട്ടണ്‍ (4), എയ്ഡന്‍ മാര്‍ക്രം (5) എന്നിവരാണ് ക്രീസില്‍.

അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 313 റണ്‍സെന്ന നിലയില്‍ രണ്ടാം ദിനം ബാറ്റിംഗിനെത്തിയ പാകിസ്ഥാന് 65 റണ്‍സിനിടെ ശേഷിക്കുന്ന വിക്കറ്റുകളും നഷ്ടമായി. തലേ ദിവസത്തെ സ്‌കോറിനോട് 13 റണ്‍സ് കൂടി കൂട്ടിചേര്‍ത്ത് റിസ്വാനാണ് ഇന്ന് ആദ്യം മടങ്ങിയത്. മുത്തുസാമിയുടെ പന്തില്‍ പന്തില്‍ വിക്കറ്റ് കീപ്പര്‍ കെയ്ല്‍ വെറെയ്‌നെ ക്യാച്ചെടുത്തു. അതേ ഓവറില്‍ നൂമാന്‍ അലി (0), സാജിദ് ഖാന്‍ (0) എന്നുവരെ കൂടി പുറത്താക്കി മുത്തുസാമി പാകിസ്ഥാന്റെ തകര്‍ച്ച വേഗത്തിലാക്കി. പിന്നീട് ഷഹീന്‍ അഫ്രീദിയേയും (7) മുത്തുസാമി മടക്കി.

ഇതിനിടെ സല്‍മാന്‍ അഗ ഒരറ്റത്ത് കൂറ്റനടികള്‍ നടത്തിയത് കൊണ്ട് മാത്രം പാകിസ്ഥാന് മാന്യമായ സ്‌കോര്‍ ലഭിച്ചു. മൂന്ന് സിക്‌സും അഞ്ച് ഫോറും നേടിയ അഗയെ പ്രണേളാന്‍ സുബ്രയെനാണ് പറത്താക്കിയത്. നേരത്തെ, സ്‌കോര്‍ബോര്‍ഡില്‍ രണ്ട് റണ്‍സുള്ളപ്പോള്‍ തന്നെ അബ്ദുള്ള ഷെഫീഖിന്റെ (2)വിക്കറ്റ് പാകിസ്ഥാന് നഷ്ടമായി. കഗിസോ റബാദയുടെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങുകയായിരുന്നു താരം. പിന്നാലെ ഇമാം - ഷാന്‍ സഖ്യം 161 റണ്‍സ് കൂട്ടിചേര്‍ത്തു. സുബ്രയെനാണ് ദക്ഷിണാഫ്രിക്കയ്ക്ക് ബ്രേക്ക് ത്രൂ നല്‍കുന്നത്. വൈകാതെ ഇമാമും പുറത്തായി. മുത്തുസാമിക്കായിരുന്നു വിക്കറ്റ്. തുടര്‍ന്നെത്തിയ സൗദ് ഷക്കീലിനെ (0) മുത്തുസാമി ഗോള്‍ഡന്‍ ഡക്കാക്കി.

ബാബര്‍ അസമിന് കൂടുതല്‍ സമയം ക്രീസില്‍ ചെലവഴിക്കാന്‍ സാധിച്ചില്ല. സിമോണ്‍ ഹാര്‍മറുടെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങുകയായിരുന്നു താരം. തുടര്‍ന്ന് റിസ്വാന്‍ - അഗ സഖ്യം 163 റണ്‍സ് കൂട്ടിചേര്‍ത്ത് തകര്‍ച്ച ഒഴിവാക്കി. ഇരു ടീമുകളുടേയും പ്ലേയിംഗ് ഇലവന്‍ അറിയാം.

പാകിസ്ഥാന്‍: ഇമാം ഉള്‍ ഹഖ്, അബ്ദുല്ല ഷഫീഖ്, ഷാന്‍ മസൂദ് (ക്യാപ്റ്റന്‍), ബാബര്‍ അസം, സൗദ് ഷക്കീല്‍, മുഹമ്മദ് റിസ്വാന്‍ (വിക്കറ്റ് കീപ്പര്‍), സല്‍മാന്‍ അഗ, ഹസന്‍ അലി, ഷഹീന്‍ അഫ്രീദി, നൊമാന്‍ അലി, സാജിദ് ഖാന്‍

ദക്ഷിണാഫ്രിക്ക: ടോണി ഡി സോര്‍സി, റയാന്‍ റിക്കല്‍ടണ്‍, വിയാന്‍ മള്‍ഡര്‍, എയ്ഡന്‍ മാര്‍ക്രം (ക്യാപ്റ്റന്‍), ട്രിസ്റ്റന്‍ സ്റ്റബ്‌സ്, ഡെവാള്‍ഡ് ബ്രെവിസ്, കൈല്‍ വെറെയ്‌നെ (വിക്കറ്റ് കീപ്പര്‍), സെനുരാന്‍ മുത്തുസാമി, പ്രണേളാന്‍ സുബ്രയെന്‍, കാഗിസോ റബാഡ, സൈമണ്‍ ഹാര്‍മര്‍.

YouTube video player