ശ്രീശാന്ത്-ഹര്‍ഭജന്‍ സംഭവത്തിന്റെ വീഡിയോ പുറത്തുവിട്ട ലളിത് മോദിക്കും മൈക്കല്‍ ക്ലാര്‍ക്കിനുമെതിരെ രൂക്ഷ വിമര്‍ശനവുമായി ശ്രീശാന്തിന്‍റെ ഭാര്യ ഭുവനേശ്വരി. 

കൊച്ചി: ഐപിഎല്ലിലെ 2008 സീസണിൽ വൻവിവാദമായ ശ്രീശാന്ത്-ഹര്‍ഭജന്‍ സിംഗ് അടിയുടെ വീഡിയോ പുറത്തുവിട്ട മുന്‍ ഐപിഎല്‍ ചെയര്‍മാന്‍ ലളിത് മോദിക്കും ഓസ്ട്രേലിയന്‍ മുന്‍ നായകന്‍ മൈക്കല്‍ ക്ലാര്‍ക്കിനുമെതിരെ രൂക്ഷ വിമര്‍ശനവുമായി ശ്രീശാന്തിന്‍റെ ഭാര്യ ഭുവനേശ്വരി. ലളിത് മോദിയെയും മൈക്കല്‍ ക്ലാര്‍ക്കിനെയുമോര്‍ത്ത് ലജ്ജിക്കുന്നുവെന്ന് ഭുവനശ്വരി ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ പറഞ്ഞു. ചീപ്പ് പബ്ലിസിറ്റിക്കും കാഴ്ചക്കാരെ കിട്ടാനും വേണ്ടി 2008ല്‍ നടന്നൊരു സംഭവത്തിന്‍റെ വീഡിയോ വീണ്ടും പുറത്തിറക്കിയ നിങ്ങളെയോര്‍ത്ത് ലജ്ജിക്കുന്നുവെന്നും നിങ്ങള്‍ മനുഷ്യരാണോ എന്നും ഭുവനേശ്വരി ചോദിച്ചു. 

ഹര്‍ഭജനും ശ്രീശാന്തുമെല്ലാം ആ സംഭവത്തില്‍ നിന്ന് ഏറെ മുന്നോട്ടുപോയി. ഇരുവരും ഇപ്പോള്‍ സ്കൂളില്‍ പോകുന്ന കുട്ടികളുടെ പിതാക്കൻമാരാണ്. എന്നിട്ടും പഴയ മുറിവില്‍ കുത്തി വേദനിപ്പിക്കാനുള്ള ശ്രമം അങ്ങേയറ്റം നാണക്കേടും ഹൃദയശൂന്യതയും മനുഷ്യത്വമില്ലാത്ത നടപടിയുമാണെന്നും ഭുവനേശ്വരി ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ കുറിച്ചു.

എല്ലാവരും മറന്ന ഒരുവിവാദത്തെ വീണ്ടും വലിച്ചു പുറത്തിട്ട് വീണ്ടും വേദനിപ്പിച്ചതിനും അവരുടെ നിഷ്കളങ്കരായ കുട്ടികളെ വേദനിപ്പിക്കുകയും അവര്‍ക്ക് നാണക്കേട് ഉണ്ടാക്കിയതിനും ലളിത് മോദിക്കും മൈക്കല്‍ ക്ലാര്‍ക്കിനുമെതിരെ നിയമനടപടിയെടുക്കുകയാണ് വേണ്ടതെന്നും തങ്ങളുടെതല്ലാത്ത കാരണത്താലാണ് ആ കുട്ടികള്‍ വീണ്ടും വീണ്ടും അപമാനിതരാവുന്നതെന്നും ഭുവനേശ്വരി പറഞ്ഞു.

2008ലെ ഐപിഎല്ലില്‍ മുംബൈ ഇന്ത്യൻസ് താരമായിരുന്ന ഹർഭജൻ സിംഗ് പഞ്ചാബ് കിംഗ്സ് താരമായിരുന്ന ശ്രീശാന്തിനെ അടിക്കുന്ന ദൃശ്യങ്ങളാണ് ഓസ്ട്രേലിയയുടെ മുൻനായകൻ മൈക്കൽ ക്ലാർക്കുമായുള്ള പോഡ്കാ്റ്റിനിടെ ലളിത് മോദി പുറത്തുവിട്ടത്. ഇതുവരെ ആരും കാണാത്ത ദൃശ്യങ്ങൾ ആണിതെന്നും അന്ന് ബ്രോഡ്കാസ്റ്റര്‍മാര്‍ ഇത് ചിത്രീകരിച്ചിരുന്നില്ലെങ്കിലും സുരക്ഷാ ക്യാമറകളില്‍ നിന്നുള്ള ദൃശ്യങ്ങളില്‍ നിന്ന് തനിക്ക് ലഭിച്ചതാണ് ഇതെന്നും ലളിത് മോദി പറയുന്നുണ്ട്. ഇത് ഇതുവരെ പുറത്തുവിട്ടിട്ടില്ലെന്നും ആദ്യമായാണ് പരസ്യമാക്കുന്നതെന്നും ലളിത് മോദി അവകാശപ്പെടുന്നു.

സംഭവത്തില്‍ അച്ചടക്ക നടപടിയുടെ ഭാഗമായി ഹര്‍ഭജനെ എട്ട് മത്സരങ്ങളില്‍ നിന്ന് വിലക്കാന്‍ തീരുമാനിച്ചത് താനാണെന്നും ഒരിക്കലു സംഭവിക്കാന്‍ പാടാത്തതായിരുന്നു നടന്നതെന്നും ലളിത് മോദി പറഞ്ഞു. കളിക്കുശേഷം കളിക്കാര്‍ തമ്മില്‍ പരസ്പരം കൈ കൊടുക്കുന്നതിനിടെ ശ്രീശാന്തിന് കൈ കൊടുക്കാനെത്തിയപ്പോഴാണ് ഹര്‍ഭജന്‍ കവിളത്ത് അടിച്ചതെന്നും ലളിത് മോദി വ്യക്തമാക്കി. സംഭവത്തിനുശേഷം ശ്രീശാന്ത് കരയുന്നതിന്‍റെയും സഹതാരങ്ങള്‍ ആശ്വസിപ്പിക്കുന്നതിന്‍റെയും ദൃശ്യങ്ങള്‍ ആരാധകര്‍ കണ്ടിരുന്നെങ്കിലും ഹര്‍ഭജന്‍ കരണത്തടിക്കുന്ന വീഡിയോയുടെ ദൃശ്യങ്ങള്‍ ഇതുവരെ പുറത്തുവന്നിരുന്നില്ല. ഐപിഎല്ലില്‍ ക്രമക്കേട് നടത്തിയതിനെത്തുടര്‍ന്ന് ഇന്ത്യ വിട്ട ലളിത് മോദി ഇപ്പോള്‍ അമേരിക്കയിലാണുള്ളത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക