സിഡ്‌നി: ഇന്ത്യക്കെതിരെ ആദ്യ ഏകദിനത്തില്‍ ഓസ്‌ട്രേലിയക്ക് കൂറ്റന്‍ സ്‌കോര്‍. സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ടില്‍ ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ ആതിഥേയര്‍ ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ച് (114), സ്റ്റീവന്‍ സ്മിത്ത് (105) എന്നിവരുടെ സെഞ്ചുറിയുടെ കരുത്തില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 374 റണ്‍സെടുത്തു. ഡേവിഡ് വാര്‍ണര്‍ (69), ഗ്ലെന്‍ മാക്‌സ്‌വെല്‍ (45) എന്നിവരും തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്തു. മൂന്ന് വിക്കറ്റെടുത്ത മുഹമ്മദ് ഷമിക്ക് മാത്രമാണ് ഇന്ത്യന്‍ നിരയില്‍ അല്‍പ്പമെങ്കിലും ഭേദപ്പെട്ട പ്രകടനം പുറത്തെടുക്കാനായത്.

മികച്ച തുടക്കമാണ് ഓപ്പണിംഗ് വിക്കറ്റില്‍ ഓസീസിന് ലഭിച്ചത്. വാര്‍ണര്‍- ഫിഞ്ച് സഖ്യം 156 റണ്‍സ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ വാര്‍ണറെ വിക്കറ്റ് കീപ്പര്‍ കെ എല്‍ രാഹുലിന്റെ കൈകളിലെത്തിച്ച് ഷമി ഇന്ത്യക്ക് ബ്രേക്ക് നല്‍കി. ഓസീസ് റണ്‍സ് കണ്ടെത്തുന്നതിന് അല്‍പം വേഗം കുറവായിരുന്നുവെങ്കിലും ആ പരാതി സ്മിത്ത് മാറ്റികൊടുത്തു. ടി20 ശൈലിയില്‍ ബാറ്റേന്തിയ സ്മിത്ത് ഇന്ത്യന്‍ ബൗളര്‍മാര്‍ക്കിട്ട് കണക്കിന് കൊടുത്തു. 

ഇതിനിടെ ഫിഞ്ച് സെഞ്ചുറി പൂര്‍ത്തിയാക്കി. 124 പന്തില്‍ രണ്ട് സിക്‌സും 9 ഫോറും അടങ്ങുന്നതായിരുന്നു ഫിഞ്ചിന്റെ ഇന്നിങ്‌സ്. എന്നാല്‍ ബുമ്രയ്ക്ക് വിക്കറ്റ് നല്‍കി മടങ്ങി. തൊട്ടടുത്ത ഓവര്‍ എറിയാനെത്തിയ യൂസ്‌വേന്ദ്ര ചാഹല്‍ ആദ്യ  പന്തില്‍ തന്നെ മാര്‍ക്‌സ് സ്റ്റോയിനിസിനെ മടക്കി. രണ്ട് പന്തുകള്‍ക്കിടെ ഇരുവരും മടങ്ങിയെങ്കിലും ക്രീസിലെത്തിയ മാക്‌സ്‌വെല്‍ സ്മിത്തിനൊപ്പം വെടിക്കെട്ടില്‍ പങ്കാളിയായി.  

19 പന്തുകള്‍ മാത്രം നേരിട്ട മാക്‌സ്‌വെല്‍ മൂന്ന് സിക്‌സിന്റേയും അഞ്ച് ബൗണ്ടറിയുടെയും സഹായത്തോടെ 45 റണ്‍സെടുത്തു. എന്നാല്‍ മാക്‌സ്‌വെല്ലിനെ ഷമി ജഡേജയുടെ കൈകളിലെത്തിച്ചു. പിന്നാലെ വന്ന മര്‍ണനസ് ലബുഷാനെ (2) പെട്ടന്ന് മടങ്ങി. എന്നാല്‍ സ്മിത്തിനൊപ്പം ചേര്‍ന്ന് അലക്‌സ് ക്യാരി (13 പന്തില്‍ 17) ഓസീസിനെ മികച്ച സ്‌കോറിലേക്ക് നയിച്ചു. എന്നാല്‍ സ്മിത്തിനെ അവസാന ഓവറില്‍ ഷമി ബൗള്‍ഡാക്കി. പാറ്റ് കമ്മിന്‍സ് (1) ക്യാരിക്കൊപ്പം പുറത്താവാതെ നിന്നു.  

കേവലം 66 പന്തുകള്‍ മാത്രം നേരിട്ടാണ് സ്മിത്ത് ഇത്രയും റണ്‍സെടുത്തത്. നാല് സിക്‌സും 11 ഫോറും അടങ്ങുന്നതായിരുന്നു സ്മിത്തിന്റെ ഇന്നിങ്‌സ്. ഷമിക്ക് പുറമെ ചാഹല്‍, സൈനി, ബുമ്ര എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി. ബുമ്ര പത്തോവറില്‍ 72 റണ്‍സ് വിട്ടുകൊടുത്തു. ചാഹലിന്റെ പത്തോവറില്‍ 89, സൈനിയുടെ നിശ്ചിത ഓവറില്‍ 83 റണ്‍സും ഓസീസ് ബാറ്റ്‌സ്മാന്മാര്‍ അടിച്ചെടുത്തു.