ഓസ്‌ട്രേലിയക്കെതിരെ സെഞ്ചുറി നേടിയതോടെ സ്മൃതി മന്ദാന അന്താരാഷ്ട്ര ക്രിക്കറ്റില്‍ 15 സെഞ്ചുറികള്‍ പൂര്‍ത്തിയാക്കുന്ന ആദ്യ ഏഷ്യന്‍ വനിതാ താരമായി. മത്സരത്തിൽ മന്ദാനയുടെ 117 റൺസിന്റെ മികവിൽ ഇന്ത്യ 102 റൺസിന് വിജയിച്ചു.
ലക്‌നൗ: അന്താരാഷ്ട്ര ക്രിക്കറ്റില്‍ 15 സെഞ്ചുറികള്‍ പൂര്‍ത്തിയാക്കുന്ന ഏഷ്യയില്‍ നിന്നുള്ള ആദ്യ വനിതാ താരമായി സ്മൃതി മന്ദാന. ഇന്നലെ ഓസ്‌ട്രേലിയക്കെതിരെ സെഞ്ചുറി പൂര്‍ത്തിയാക്കിയപ്പോഴാണ് മന്ദാനയെ തേടി നേട്ടമെത്തിയത്. ഏകദിനത്തില്‍ 12 സെഞ്ചുറികള്‍ നേടിയിട്ടുള്ള മന്ദാന ടെസ്റ്റില്‍ രണ്ടും ടി20യില്‍ ഒരു സെഞ്ചുറിയും നേടിയിട്ടുണ്ട്. ഓസീസ് വനിതകള്‍ക്കെതിരെ 91 പന്തില്‍ 117 റണ്‍സാണ് മന്ദാന അടിച്ചെടുത്തുതത്. ഇതില്‍ നാല് സിക്‌സും 14 ഫോറും ഉള്‍പ്പെടും.
മത്സരത്തില്‍ ഇന്ത്യ 102 റണ്‍സിന് ജയിച്ചിരുന്നു. ഏകദിനത്തില്‍ ഓസീസിന്റെ ഏറ്റവും വലിയ തോല്‍വിയാണിത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ 49.5 ഓവറില്‍ 292ന് എല്ലാവരും പുറത്തായി. മറുപടി ബാറ്റിംഗില്‍ ഓസീസിന് 40.5 ഓവറില്‍ 190 റണ്‍സെടുക്കാനാണ് സാധിച്ചത്. മൂന്ന് വിക്കറ്റ് നേടി ക്രാന്തി ഗൗതാണ് ഓസീസിനെ വലിയ തോല്‍വിയിലേക്ക് തള്ളിവിട്ടത്. മികച്ച തുടക്കമായിരുന്നു ഇന്ത്യക്ക്. ഒന്നാം വിക്കറ്റില്‍ പ്രതിക റാവല്‍ (32 പന്തില്‍ 25) - മന്ദാന സഖ്യം 70 റണ്‍സ് ചേര്‍ത്തിരുന്നു. 12-ാം ഓവറില്‍ കൂട്ടുകെട്ട് പൊളിഞ്ഞു.
തുടര്‍ന്നെത്തിയ ഹര്‍ലീന്‍ ഡിയോള്‍ (10), ഹര്‍മന്‍പ്രീത് കൗര്‍ (17) എന്നിവര്‍ക്ക് തിളങ്ങാന്‍ സാധിച്ചില്ല. തുടര്‍ന്ന് ദീപ്തി ശര്‍മയ്‌ക്കൊപ്പം 40 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയ ശേഷം മന്ദാന മടങ്ങി. തഹ്ലിയ മഗ്രാത്തിനായിരുന്നു വിക്കറ്റ്. പിന്നാലെ വന്നവരില്‍ റിച്ചാ ഘോഷ് (29), സ്‌നേഹ് റാണ (24) മാത്രമാണ് രണ്ടക്കം കണ്ടത്. ദീപ്തി 40 റണ്‍സെടുത്തു. രാധ യാദവ് (6), അരുന്ധതി റെഡ്ഡി (4), ക്രാന്തി ഗൗത് (2) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. രേണുക സിംഗ് (3) പുറത്താവാതെ നിന്നു.
ഓസീസ് നിരയില്‍ എല്ലിസ് പെറി (44), അന്നാബെല്‍ സതര്‍ലാന്‍ഡ് (45) എന്നിവര്‍ക്ക് മാത്രമാണ് അല്‍പമെങ്കിലും ചെറുത്തുനില്‍ക്കാന്‍ സാധിച്ചത്. ഓപ്പണര്‍മാരായ അലീസ ഹീലി (9), ജോര്‍ജിയ വോള്‍ (0) എന്നിവര്‍ പാടെ നിരാശപ്പെടുത്തി. ബേത് മൂണി (18), അഷ്‌ലി ഗാര്‍ഡ്‌നര്‍ (17), തഹ്ലിയ മഗ്രാത് (16), ജോര്‍ജിയ വറേഹം (10), ഡാര്‍സി ബ്രൗണ്‍ (പുറത്താവാതെ 14) എന്നിവരാണ് രണ്ടക്കം കണ്ട മറ്റുതാരങ്ങള്‍.



