കൊല്‍ക്കത്ത ടെസ്റ്റില്‍ തോറ്റതിന്‍റെ പേരില്‍ ഗംഭീറിനെ മാത്രം എങ്ങനെയാണ് കുറ്റപ്പെടുത്താനാകുകയെന്നും സീതാൻഷു കൊടക് ഗുവാഹത്തിയില്‍ മാധ്യമങ്ങളോട് ചോദിച്ചു.
ഗുവാഹത്തി: നാട്ടില്‍ ഇന്ത്യ ടെസ്റ്റ് മത്സരങ്ങള്‍ തോല്‍ക്കുന്നതിന്‍റെ പേരില്‍ കോച്ച് ഗൗതം ഗംഭീറിനെ വിമര്‍ശിക്കുന്നവര്‍ക്ക് വ്യക്തിപരമായ അജണ്ടയെന്ന് ഇന്ത്യൻ ബാറ്റിംഗ് കോച്ച് സീതാന്‍ഷു കൊടക്. ദക്ഷിണാഫ്രിക്ക ആദ്യ ടെസ്റ്റിൽ ഇന്ത്യ തോറ്റതിന് പിന്നാലെ ഗംഭീറിന്‍റെ തന്ത്രങ്ങള്‍ക്കെതിരെയും പിച്ചിന്‍റെ നിലവാരത്തിനെതിരെയും രൂക്ഷ വിമർശനം ഉയര്‍ന്നിരുന്നു. തങ്ങളാവശ്യപ്പെട്ടതുപോലെയുള്ള പിച്ച് തന്നെയാണ് ലഭിച്ചതെന്നും ഗംഭീര്‍ പറഞ്ഞിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഗംഭീറിനെ ന്യായീകരിച്ച് സീതാന്‍ഷു കൊടക് രംഗത്തെത്തിയത്.
കൊല്‍ക്കത്ത ടെസ്റ്റില്‍ തോറ്റതിന്‍റെ പേരില്‍ ഗംഭീറിനെ മാത്രം എങ്ങനെയാണ് കുറ്റപ്പെടുത്താനാകുകയെന്നും സീതാൻഷു കൊടക് ഗുവാഹത്തിയില്‍ മാധ്യമങ്ങളോട് ചോദിച്ചു. കൊല്‍ക്കത്തയില്‍ ടീം ആവശ്യപ്പെട്ട പിച്ച് തന്നെയാണ് ലഭിച്ചതെന്ന് ഗംഭീര്‍ പറഞ്ഞത് പിച്ച് ക്യൂറേറ്ററെ വിമര്‍ശനങ്ങളില്‍ നിന്ന് രക്ഷിക്കാനാണ്. അല്ലാതെ ഒരു ടീമും പ്രവചനാതീത സ്വഭാവമുള്ള വിക്കറ്റ് ആവശ്യപ്പെടില്ല.അതുകൊണ്ടാണ് ഗംഭീര്‍ സ്വയം പഴി ഏറ്റെടുത്തത്. ഈഡനിലെ പിച്ച് പ്രതീക്ഷിച്ചതിലും വേഗത്തിലാണ് തകര്‍ന്നത്. ആദ്യ ദിവസത്തെ കളിക്കുശേഷം തന്നെ പിച്ച് തകരാന്‍ തുടങ്ങിയിരുന്നു. ക്യൂറേറ്ററും അതാഗ്രഹിച്ചിട്ടുണ്ടാകില്ലെന്ന് ഉറപ്പാണ്. സ്പിന്നര്‍മാരെ സഹായിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. പക്ഷെ ആധ്യ ദിനം രാവിലെയോ രണ്ടാം ദിനം രാവിലെയോ ഒന്നും ഇത്രയും സഹായിക്കുമെന്ന് കരുതിയില്ല.
വരണ്ട പിച്ചായതാണ് പെട്ടെന്ന് പൊട്ടിപ്പൊളിയാൻ കാരമായത്. ഇത്തരം പിച്ചുകളില്‍ ബാറ്റ് ചെയ്യുമ്പോള്‍ ഫൂട്ട്‌വര്‍ക്ക് വളരേയേറെ പ്രധാനമാണ്. അമിത പ്രതിരോധത്തിലൂന്നി ഇത്തരം പിച്ചുകളില്‍ കളിച്ചാലും വിക്കറ്റ് നഷ്ടമാകാന്‍ സാധ്യത കൂടുതലാണ്. കൊല്‍ക്കത്ത ടെസ്റ്റ് തോറ്റതിന്‍റെ പേരില്‍ ഗംഭീറിനെ മാത്രം വിമര്‍ശിക്കുന്നത് അംഗീകരിക്കാനാവില്ല. കൊല്‍ക്കത്ത ടെസ്റ്റില്‍ ബാറ്റര്‍മാര്‍ മോശം പ്രകടനം നടത്തിയതിനെക്കുറിച്ച് ആരും പറയുന്നില്ല. അല്ലെങ്കല്‍ ബാറ്റിംഗ് കോച്ച് മോശം പ്രകടനം നടത്തിയെന്ന് പറയുന്നില്ല. തോല്‍ക്കുന്ന കളികളില്‍ എല്ലാം ഗംഭീറിന്‍റെ കുഴപ്പമെന്ന് പറയുന്നവര്‍ക്ക് ഗംഭീറിനെതിരെ എന്തെങ്കിലും അജണ്ടയുണ്ടാകാമെന്നും സീതാന്‍ഷു കൊടക് പറഞ്ഞു. പരിശീലകര്‍ക്ക് എല്ലാം തയാറെടുപ്പുകളും നടത്തി കളിക്കാരെ ഒരുക്കാന്‍ മാത്രമെ കഴിയൂ. ക്രീസിലിറങ്ങി ബാറ്റ് ചെയ്യുന്നത് കളിക്കാരാണ്. അവരാണ് ആത്യന്തികമായി തീരുമാനം എടുക്കണ്ടതെന്നും കൊടക് പറഞ്ഞു.


