കൊല്‍ക്കത്ത: ഇന്ത്യന്‍ ക്രിക്കറ്റിന്രെ മുഖച്ഛായ മാറ്റിയ നായകനാണ് സൗരവ് ഗാംഗുലി. ഇപ്പോള്‍ ബിസിസിഐ പ്രസഡിന്റെന്ന നിലയിലും ശക്തമായ തീരുമാനങ്ങളുമായി ഗാംഗുലി മുന്നോട്ട് പോവുകയാണ്. തന്റെ തലമുറയിലെ ഏറ്റവും വലിയ മാച്ച് വിന്നര്‍ ആരായിരുന്നുവെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ദാദ ഇപ്പോള്‍. ഇന്ത്യ ടുഡേക്ക് നല്‍കിയ അഭിമുഖത്തിലാണ് ദാദ മനസ് തുറന്നത്.

വീരേന്ദര്‍ സെവാഗാണ് തന്റെ തലമുറയിലെ ഏറ്റവും വലിയ മാച്ച് വിന്നറെന്ന് ദാദ പറഞ്ഞു. മധ്യനിരയില്‍ കളിച്ചു തുടങ്ങിയ സെവാഗിനെ ഓപ്പണറാക്കിയത് ഞാനാണ്. എനിക്കതിന് എന്റേതായ കാരണങ്ങളുണ്ടായിരുന്നു. ഞാന്‍ സെവാഗിനോട് പറഞ്ഞു, നോക്ക് ആരും ബാറ്റിംഗ് പൊസിഷനും കൊണ്ടല്ല ടീമിലേക്ക് വരുന്നത്. ഓരോ സ്ഥാനത്തും എങ്ങനെ പൊരുത്തപ്പെടുന്നു എന്നതാണ് ഏറ്റവും പ്രധാനം. അതിന് നമ്മുടടെ കംഫര്‍ട്ട്  ഇഷ്ടപ്പെട്ട ഇടത്തില്‍ നിന്ന് പുറത്തുവരണം. അപ്പോള്‍ മാത്രമെ മികച്ച കളിക്കാരനുണ്ടാകുകയുള്ളു.

ഏകദിന ക്രിക്കറ്റില്‍ ഞാന്‍ നാലാമതോ അഞ്ചാമതോ ആണ് ബാറ്റ് ചെയ്തിരുന്നുവെങ്കില്‍ ഇപ്പോഴത്തെ നേട്ടത്തിന്റെ പകുതിപോലും സ്വന്തമാക്കാന്‍ എനിക്കാവില്ലായിരുന്നു. സച്ചിന്റെ കാര്യവും അങ്ങനെ  തന്നെയാണ്. മധ്യനിരയില്‍ ബാറ്റ് ചെയ്തിരുന്നിരുന്നുവെങ്കില്‍ ഇപ്പോള്‍ നേടിയതിന്റെ പകുതി റണ്‍സെ സച്ചിന്റെ പേരിലുണ്ടാവുമായിരുന്നുള്ളു. അതുകൊണ്ട് ഇഷ്ടപ്പെട്ട പൊസിഷനില്‍ തന്നെ പിടിച്ചു നില്‍ക്കാതെ പുറത്തു കടക്കാന്‍ ശ്രമിക്കെന്ന് ഞാന്‍ സെവാഗിനോട് പറഞ്ഞു.

ഓപ്പണറെന്ന നിലയില്‍ ബാറ്റിംഗ് ഇതിഹാസം സുനില്‍ ഗവാസ്കര്‍ക്ക് ഒട്ടും പിന്നിലല്ല സെവാഗിന്റെ സ്ഥാനമെന്നും ഗാംഗുലി വ്യക്തമാക്കി. കാരണം സെവാഗ് വളരെ സ്പെഷ്യലാണ്. ലോകത്തിലെ തന്നെ ഏറ്റവും മികച്ചവരിലൊരാള്‍. സുനില്‍ ഗവാസ്കറെയാണ് ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ഓപ്പണറായി പരിഗണിക്കുന്നത്. എന്നാല്‍ വീരു അദ്ദേഹത്തിന് ഒട്ടും പിന്നിലല്ല.

ഒരാള്‍ പന്തിനെ ഓഫ് സ്റ്റംപിന് പുറത്തുപോവുന്ന പന്തിനെ ലീവ് ചെയ്ത് അതിനെ പഴകാന്‍ അനുവദിച്ചപ്പോള്‍ മറ്റെയാള്‍ അതിനെ അടിച്ചുപരത്തിയാണ് പഴകിയ പന്താക്കിയത്. ഇന്ത്യന്‍ വിജയങ്ങളില്‍ അതിന്റെ പ്രഭാവം വളരെ വലുതായിരുന്നുവെന്നും ഗാംഗുലി പറഞ്ഞു. ഇന്ത്യക്കായി 104 ടെസ്റ്റ് കളിച്ച സെവാഗ് 8536 റണ്‍സും 251 ഏകദിനത്തില്‍ നിന്ന് 8273 റണ്‍സും നേടിയിട്ടുണ്ട്.